ചോറ് കഴിഞ്ഞാൽ മലയാളികൾ കൂടുതൽ ഇഷ്ടപ്പെടുന്ന ഭക്ഷണമാണ് പൊറോട്ട. പൊറോട്ടയും മട്ടൻ അല്ലെങ്കിൽ ചിക്കൻ കറിയും വടക്കൻ കേരളത്തിലുള്ളവരുടെ സ്വാദിഷ്ഠമായ ഭക്ഷണമാണ്. പൊറോട്ട കഴിക്കുന്നത് എത്രമാത്രം ആരോഗ്യകരമാണ് എന്ന് അറിഞ്ഞിരിക്കുന്നത് ആരോഗ്യ സംരക്ഷണത്തിന് മുതൽക്കൂട്ടാവും. 

പൊറോട്ടയുടെ പ്രധാന േചരുവകൾ മൈദയും ഡാൽഡയുമാണ്. ഇവയിൽ അന്നജം, കൊഴുപ്പ് എന്നിവ കൂടുതലുള്ളതിനാൽ ധാരാളം കാലറി ശരീരത്തിന് നൽകുന്നു. വളരെ സാവധാനമേ ഇത് ദഹിക്കുകയുള്ളൂ. ഈവക കാരണങ്ങൾ കൊണ്ടുതന്നെ തൊഴിലാളികൾ ഇത് ഭക്ഷിക്കുമ്പോൾ അവർക്കു ജോലിചെയ്യാനുള്ള ഊർജ്ജവും ധാരാളം ലഭിക്കുന്നതു കൂടാതെ ഇവയുടെ ദഹനത്തിന് കൂടുതൽ സമയം എടുക്കുന്നതുകൊണ്ട് വളരെ സമയത്തേക്ക് വിശക്കുകയുമില്ല. പക്ഷേ പൊതുവേ പൊറോട്ട നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവാം. 

∙പൊറോട്ട ഉണ്ടാക്കുന്നത് മൈദ കൊണ്ടാണല്ലോ, ഗോതമ്പിൽ നിന്നാണ് മൈദ ഉണ്ടാക്കുന്നത്. മൈദ ദീർഘകാലം കേടാകാതിരിക്കാന്‍ തവിട് നീക്കം ചെയ്യപ്പെടുന്നു. തവിടിൽ ധാരാളം നാരുകളും മറ്റു പോഷകങ്ങളും അടങ്ങിയിരിക്കുന്നു. തവിട് നീക്കുന്നതോടെ ഇവയും നഷ്ടപ്പെടുന്നു. അവശേഷിക്കുന്നത് അന്നജം മാത്രമാണ്. നാരുകൾ നീക്കം ചെയ്യുന്നതുകൊണ്ട് ഈ അന്നജം ഒരു ചീത്ത (bad) അന്നജമായി മാറുന്നു. 

∙എണ്ണയ്ക്കു പകരം ഇതിൽ ചേർക്കുന്നത് ഏറ്റവും ചീത്ത കൊഴുപ്പായ ട്രാൻസ് ഫാറ്റി അമ്ലങ്ങൾ അടങ്ങിയ ഡാൽഡ, വനസ്പതി എന്നിവയാണ്. ഇത് ഹൃദയാഘാതത്തിനും സ്ട്രോക്കിനും അമിതവണ്ണത്തിനും പ്രമേഹത്തിനുമൊക്കെ കാരണമാകുന്നു.

∙അലൊക്സാൻ (Aloxan) എന്ന രാസവസ്തു ഇതിൽ ചേർക്കുന്നു. ഇതാകട്ടെ പരീക്ഷണശാലകളിൽ എലികളും ഗിനിപന്നികളിലും പ്രമേഹമുണ്ടാക്കാൻ കുത്തിവയ്ക്കുന്ന രാസവസ്തുവാണ്. 

∙ബെൻസോ പെറോക്സൈഡ് (Benzoperoxide) എന്ന രാസവസ്തു ബ്ലീച്ചിങ്ങിന് ആയി ഉപയോഗിക്കുന്നു. മൈദയുടെ മഞ്ഞ നിറം മാറ്റി വെളുത്ത നിറമാക്കുകയാണ് ലക്ഷ്യം.

∙പൊറോട്ടയുടെ ഗ്ലൈസീമിക് ഇൻഡെക്സ് കൂടുതലാണ്. അതുകൊണ്ട് പ്രമേഹത്തിന് വഴിയൊരുക്കുന്നു. 

∙നാരുകൾ ഇല്ലാത്തത് പ്രമേഹം, അമിതവണ്ണം, ഹൃദയാഘാതം, വൻകുടൽ കാൻസർ എന്നിവയുടെ സാധ്യത കൂട്ടും. 

∙പ്രോട്ടീൻ, വൈറ്റമിനുകൾ, ധാതുക്കൾ, ആന്റി ഓക്സിഡന്റ്സ്, ഫൈറ്റോകെമിക്കൽസ് തുടങ്ങിയ മറ്റു പോഷകങ്ങളൊന്നും നൽകുന്നില്ല. 

∙ദിവസേന കഴിച്ചാൽ ചീത്ത കൊളസ്ട്രോളുകളായ എൻഡിഎൽ, ട്രൈഗ്ലിസറൈഡ് എന്നിവ കൂടാം. ഇത് ഹൃദയാഘാതത്തിനും സ്ട്രോക്കിനുമൊക്കെ കാരണമാവാം. 

പരിഹാരമാർഗങ്ങൾ

∙ കഴിക്കാതിരിക്കുന്നതാണ് ഏറ്റവും ഉചിതം. പകരം ചപ്പാത്തി ആവാം. ഇനി നിർബന്ധമാണെങ്കിൽ ദിവസേന എന്നതിനു പകരം വല്ലപ്പോഴുമാക്കുക. 

ഉദാ: ആഴ്ചയിൽ ഒരു പ്രാവശ്യം.

∙കഴിക്കുന്നതിന്റെ എണ്ണം കുറയ്ക്കുക.

∙ പൊറോട്ടയോടൊപ്പം ധാരാളം സാലഡുകളും മറ്റു പച്ചക്കറികളോ ഉപയോഗിക്കുക. 

(മെഡിക്കൽ ഗ്രന്ഥകാരനും പൊതുജനാരോഗ്യ പ്രവർത്തകനുമായ ലേഖകൻ പൊൻകുന്നം ശാന്തിനികേതന്‍ ആശുപത്രിയിൽ സേവനം അനുഷ്ഠിക്കുന്നു)