വൃക്കരോഗത്തെ പ്രതിരോധിക്കാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ
വളരെ പ്രധാനപ്പെട്ട അവയവമാണ് വൃക്കകൾ. ശരീരത്തിൽ അമിതമുള്ള ജലവും വിഷാംശങ്ങളുമെല്ലാം രക്തത്തിൽ നിന്ന് അരിക്കാനും അരുണരക്താണുക്കളുടെ ഉല്പാദനം കൂട്ടാനും രക്തസമ്മർദം കൂട്ടാനുമെല്ലാം ഇവ സഹായിക്കുന്നു. പലപ്പോഴും നാം ഇവയ്ക്ക് വേണ്ട പരിചരണം കൊടുക്കാറില്ല. വൃക്കരോഗം ബാധിച്ച ദശലക്ഷക്കണക്കിന് പേരുണ്ട് അല്പമൊന്നു ശ്രദ്ധിച്ചാൽ രോഗം വരാതെ വൃക്കകളെ ആരോഗ്യമുള്ളതാക്കാം. വൃക്കകളുടെ ആരോഗ്യത്തിനായി കഴിക്കാവുന്ന ചില ഭക്ഷണങ്ങളിതാ
വെള്ളം– ആരോഗ്യമേകാൻ ഏറ്റവും മികച്ചത് വെള്ളം കുടിക്കുക എന്നതു തന്നെയാണ്. സ്ത്രീകൾക്ക് ദിവസം എട്ടു ഗ്ലാസ്സും പുരുഷന്മാർക്ക് 13 ഗ്ലാസ്സും എന്നതാണ് കണക്ക്.
കാബേജ് – ഫൈറ്റോകെമിക്കലുകൾ ധാരാളമുള്ള ഒരു ഇലക്കറിയാണ് കാബേജ്. ഇതിലടങ്ങിയ ആന്റി ഓക്സിഡന്റുകൾ ഫ്രീറാഡിക്കലുകളെ അകറ്റി കാൻസർ സാധ്യത കുറയ്ക്കുന്നു. ഹൃദ്രോഗം, വൃക്ക തകരാറുകൾ ഇവ അകറ്റാനും ഇത് സഹായിക്കുന്നു.
ചുവന്ന കാപ്സിക്കം – പൊട്ടാസ്യം വളരെ കുറവായതിനാൽ വൃക്കകളുടെ ആരോഗ്യത്തിന് മികച്ചത്. ജീവകം സി, ബി 6,എ, ഫോളിക് ആസിഡ്, ഫൈബർ ഇവ ധാരാളമുള്ള ചുവന്ന കാപ്സിക്കത്തിൽ ലൈക്കോപീൻ എന്ന ആന്റി ഓക്സിഡന്റുകളുമുണ്ട്. ചിലയിനം കാൻസറുകളിൽ നിന്നും ഇത് സംരക്ഷിക്കുന്നു.
ഉള്ളി – വൃക്കകളുടെ പ്രവർത്തനത്തിനു സഹായകം. ക്യുവർ സെറ്റിൻ എന്ന ഫ്ലേവനോയ്ഡ് രക്തക്കുഴലുകളിൽ കൊഴുപ്പ് അടിയുന്നതിനെ തടയുന്നു. കൂടാതെ ഹൃദ്രോഗം, കാൻസർ ഇവ അകറ്റാനും സഹായകം. ഉള്ളിയില്‍ പൊട്ടാസ്യം കുറവാണ് മാത്രമല്ല, ഇതിലടങ്ങിയ ക്രോമിയം കൊഴുപ്പ്, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ് ഇവയുടെ ഉപാപചയത്തിന് സഹായിക്കുന്നു.
വെളുത്തുള്ളി– വെളുത്തുള്ളി ജ്യൂസിന് വൃക്കകളെ സംരക്ഷിക്കാനുള്ള കഴിവുണ്ട് എന്ന് തെളിഞ്ഞിട്ടുണ്ട്.
കോളിഫ്ലവർ – ജീവകം സി, ഫോളേറ്റ് ഇവ ധാരാളം അടങ്ങിയ ഇത് വൃക്കകൾക്ക് ആരോഗ്യമേകുന്നു.
ആപ്പിൾ – ജീവകങ്ങളും ധാതുക്കളും, നാരുകളുമുള്ള ആപ്പിളിന് ആന്റി ഇൻഫ്ലമേറ്ററി ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ഉണ്ട്. ഇത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നു. ഹൃദ്രോഗം, കാൻസർ, പ്രമേഹം ഇവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. ദിവസവും ആപ്പിൾ കഴിക്കുന്നത് വൃക്കകൾക്കുണ്ടാകുന്ന പ്രശ്നങ്ങളിൽ നിന്ന് സംരക്ഷണമേകും.
മത്തങ്ങാക്കുരു – ഭക്ഷ്യനാരുകൾ, ജീവകം ഇ, സിങ്ക്, കോപ്പർ, അയൺ ഇവ ധാരാളമുള്ള മത്തങ്ങാക്കുരു, ബ്ലാഡർ സ്റ്റോൺ വരാനുള്ള സാധ്യത കുറയ്ക്കും. എന്നാൽ ഫോസ്ഫറസ് കൂടുതലുള്ളതിനാല്‍ ശരീരത്തിലെ പൊട്ടാസ്യത്തിന്റെ അളവ് കൂടാൻ സാധ്യതയുണ്ട്. അതുകൊണ്ട് വൃക്കരോഗമുള്ളവർ വൈദ്യനിർദേശ പ്രകാരം മാത്രം ഇത് കഴിക്കുക.
നാരങ്ങാനീര് – വൃക്ക തകരാറിന് നാരങ്ങാനീര് പരിഹാരമേകും. ജീവകം സിയും സിട്രിക് ആസിഡും പി എച്ച് നിലനിർത്താൻ സഹായിക്കുന്നു. ഇത് ആരോഗ്യവും രോഗപ്രതിരോധ ശക്തിയും നൽകും. രാവിലെയോ ഉച്ചഭക്ഷണത്തിനു മുൻപോ നാരങ്ങാവെള്ളം കുടിക്കുന്നത് നല്ലതാണ്.
സ്ട്രോബറി– ജീവകം സി, ആന്റി ഓക്സിഡന്റുകൾ, മാംഗനീസ് നാരുകൾ ഇവ ധാരാളം ഉണ്ട്. കാൻസറിനെ പ്രതിരോധിക്കാനും ഇൻഫ്ലമേഷൻ തടയാനും സാധിക്കും. ഹൃദയം, വൃക്കകൾ ഇവയെ ആരോഗ്യമുള്ളതാക്കുന്നു.
ചെറി– ദിവസവും ചെറി കഴിക്കുന്നത് ഇൻഫ്ലമേഷൻ കുറയ്ക്കാനും വൃക്കകളുടെ ആരോഗ്യത്തിനും നല്ലതാണ്.
തണ്ണിമത്തൻ – ലൈക്കോപീൻ എന്ന ആന്റി ഓക്സിഡന്റ് ധാരാളമുണ്ട്. വൃക്കകളിലെ പരിക്ക് തടയുന്നു. എന്നാൽ കൂടിയ അളവിൽ തണ്ണിമത്തൻ കഴിക്കരുത്.
കൊഴുപ്പുള്ള മത്സ്യം – പ്രോട്ടീൻ, പോളി അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡ് ഇവ ധാരാളമുള്ള മത്സ്യങ്ങൾ ഇൻഫ്ലമേഷൻ കുറയ്ക്കാനും വൃക്കകളെ ആരോഗ്യമുള്ളതാക്കാനും സഹായിക്കും.
വൃക്കയുടെ ആരോഗ്യത്തിനായി ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളും ഉണ്ട്. അണ്ടിപ്പരിപ്പുകൾ, പീനട്ട് ബട്ടർ, വാഴപ്പഴം, സ്പിനാച്ച്, റെഡ് മീറ്റ്, സോഡിയം കൂടുതലടങ്ങിയ ഭക്ഷണങ്ങൾ, പാലുൽപന്നങ്ങൾ, കൃത്രിമ മധുരങ്ങൾ കഫീൻ, കാർബണേറ്റഡ് പാനീയങ്ങൾ, തൊലിയോടുകൂടിയ ചിക്കൻ, തക്കാളി, ബ്രൗൺ റൈസ്, ഓറഞ്ച്, ഉരുളക്കിഴങ്ങ്, ഹോൾവീറ്റ് ബ്രഡ്, പാസ്ത, മദ്യം ഇവ തീർച്ചയായും ഒഴിവാക്കണം.
വൃക്കകളെ ആരോഗ്യമുള്ളതാക്കാൻ ജീവിതശൈലി ശ്രദ്ധിക്കണം. ചെറുനടത്തമോ, ഓട്ടമോ ഒക്കെയാവാം. ഇത് ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് സഹായിക്കും. നിങ്ങളുടെ ഭക്ഷണശീലങ്ങൾ നിങ്ങളുടെ ഡോക്ടറെ അറിയിക്കണം, പ്രത്യേകിച്ചും നിങ്ങൾ ഒരു വൃക്കരോഗിയാണെങ്കിൽ.
ഒട്ടും വൈകിയിട്ടില്ല, ആരോഗ്യശീലങ്ങൾ ഇപ്പോൾ തുടങ്ങാം. വൃക്കകളെ ആരോഗ്യമുള്ളതാക്കാം.