ഇതു വായിക്കുന്ന സഹോദരിമാരോടൊന്നു ചോദിക്കട്ടെ, നിങ്ങളുടെ ഭർത്താവ് വലിയ ദേഷ്യക്കാരനാണോ? വൈകിട്ട് വീട്ടിൽ വന്നാലുടനെ എന്തിനുമേതിനും കലഹിക്കുന്ന സ്വഭാവമുണ്ടോ? അടിയും വഴക്കുമൊക്കെ പതിവാണോ? ആണെങ്കിൽ വിഷമിക്കേണ്ട, ഭർത്താവിന്റെ ദേഷ്യം കുറയ്ക്കാൻ ഒരു പോംവഴിയുണ്ട്. അതെന്താണെന്ന് ഒടുവിൽ പറയാം. അതിനു മുൻപ് എന്താണീ ദേഷ്യമെന്നു നോക്കാം. 

ഫിനോപ്രൊപ്പീൻ ആണു വില്ലൻ. ഇതു തലച്ചോറിൽ കൂടിയ അവസ്ഥയിലാകുമ്പോൾ ആർക്കായാലും വലിയ ദേഷ്യം വരും. ദേഷ്യം പിടിപെട്ടയാൾക്കു ബുദ്ധിപരമായ കാര്യങ്ങൾ ചെയ്യുന്നതിനു തടസ്സം നേരിടും. തലച്ചോറിനു ശരിയായവിധം കാര്യങ്ങൾ ഗ്രഹിക്കാനാവില്ല. ഫിനോപ്രൊപ്പീൻ ഏറ്റവും കൂടുതലുള്ളത് ഇഞ്ചിയിലാണ്. ‘ഇഞ്ചി തിന്ന കുരങ്ങ്’ എന്നൊരു പ്രയോഗം തന്നെ നമുക്കിടയിലുണ്ട്. കുരങ്ങന് ഇഞ്ചി തിന്നാൻ പാടില്ലെന്നു നിയമമില്ല. പക്ഷേ, ഇഞ്ചി തിന്നാൽ കുരങ്ങിനു വല്ലാതെ ദേഷ്യം വരും. വടിയെടുത്ത് ചുറ്റുമുള്ളതെല്ലാം അടിച്ചു തകർക്കും. കുരങ്ങ് കുഴപ്പക്കാരനായതുകൊണ്ടല്ല, അതു തിന്ന ഇഞ്ചിയുടെ കുഴപ്പമാണ്. ‘അവൻ വല്യ ഇഞ്ചിയാണ്’ എന്നു നാട്ടു ഭാഷയിൽ പറയാറുണ്ട്. അർഥം അവൻ വലിയ ദേഷ്യക്കാരനാണ് എന്നാണ്. 

ഇഞ്ചി തിന്നാൽ ദേഷ്യം വരുമെന്ന് അറിയാവുന്നതു കൊണ്ടാണ് പൂർവികർ മലയാളഭാഷയിൽ ഈ രണ്ടു പഴമൊഴികൾ ഉണ്ടാക്കിയത്. ഇഞ്ചി ദേഷ്യത്തിനിടയാക്കുമെന്നു ശാസ്ത്രവും പറയുന്നു. പഠിക്കുന്ന കുട്ടികൾക്ക് ഇഞ്ചിക്കറിയോ തോരനോ ഇഞ്ചി മിഠായിയോ ഒന്നും പഠിപ്പുള്ള ദിവസം കൊടുക്കരുത്. പരീക്ഷാദിനങ്ങളിലും ഇഞ്ചിയെ അകറ്റി നിർത്താം. പനിക്കും തൊണ്ട കാറലിനും ഇഞ്ചി മിഠായി ഒന്നാന്തരമാണ്. അസുഖമുള്ളപ്പോൾ കൊടുക്കാവുന്നതാണ്. ഇഞ്ചിക്കു പിന്നാലെ ഫിനോപ്രൊപ്പീൻ അധികമുള്ളത് മുളകിലാണ്. പാണ്ടിമുളക്, പിരിമുളക്, കുരുമുളക്, കാന്താരിമുളക് തുടങ്ങി ഏതിനമായാലും നല്ല പോലെ ഫിനോപ്രൊപ്പീൻ അടങ്ങിയിരിക്കുന്നു. ആഹാരം കഴിക്കുമ്പോൾ നാക്കിന് എപ്പോൾ എരിവു വരുന്നോ അതിനർഥം തലച്ചോറിലേക്ക് ഫിനോപ്രൊപ്പീൻ എത്തിയിരിക്കുന്നു എന്നതാണ്. കഴിച്ചാൽ കണ്ണിൽ വെള്ളം വരുത്തുന്ന മുളകരച്ച മീൻ കറിയും ഇറച്ചിക്കറിയും കുട്ടികൾക്കു സാധ്യായ ദിവസങ്ങളിൽ നൽകരുത്. 

ഫിനൊപ്രൊപ്പീൻ അടങ്ങിയ ആഹാരപദാർഥങ്ങൾ ബുദ്ധി ശക്തിക്കും ഓർമശക്തിക്കും കോട്ടംവരുത്തുമെന്നു കണ്ടെത്തിയിട്ടു 14 വർഷങ്ങളേ ആകുന്നുള്ളൂ. പക്ഷേ, 4000 വർഷങ്ങൾക്കു മുൻപു ഭഗവാൻ കൃഷ്ണൻ ഭഗവദ്ഗീതയിൽ ഇക്കാ ര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ക്രോധാത്ഭവതി സമ്മോഹ, സമ്മോഹാത് സ്മൃതിവിഭ്രമ, സ്മൃതിഭ്രംശാൽ ബുദ്ധി നാശോ, ബുദ്ധി നാശാത് പ്രണശ്വതി’ എന്നാണ് കൃഷ്ണന്റെ ഉപദേശം.  ക്രോധം മൂലം മോഹഭംഗവും ആശയക്കുഴപ്പവും ഉണ്ടാകുന്നു.  പിന്നീട് ഓർമശക്തി നഷ്ടമാകുന്നു.

ഓർമയും ബുദ്ധിയും നശിച്ചാൽ പ്രാണൻ പോയി സർവനാശ മായിരിക്കും ഫലം. ഭർത്താക്കന്മാർ വലിയ േദഷ്യക്കാരാണെങ്കിൽ അവരെ നിയന്ത്രിക്കാൻ ഒരു മാർമുണ്ടെന്നു പറഞ്ഞല്ലോ. സംഗതി സിംപിളാണ്. അവർക്ക് ഇഞ്ചിയും മുളകുമിട്ട ഒരാഹാരവും നൽകാതിരിക്കുക. മുളകരച്ച മീൻകറിയില്ലാത്ത ചോറിറങ്ങാത്ത ആളായിരിക്കും എങ്കിലും ഇതൊന്നു പരീക്ഷിക്കുക. വൈകിട്ടു ഭർത്താവ് വീട്ടിലെത്തുമ്പോൾ ഒരു ചോക്ലേറ്റു കഷണം അദ്ദേഹത്തിന്റെ വായിൽ വച്ചു കൊടുക്കുക. പിന്നെയൊരു മൂന്നു മണിക്കൂർ നേരത്തേക്ക് ‘കണ്ണേ... കരളേ.... കാതലേ...’ എന്നൊക്കെ വിളിച്ചു നിങ്ങളുടെ പിന്നാലെ ഒരു കുഴപ്പമുണ്ടാക്കാതെ നടന്നു കൊള്ളും. ഇത്ര ശാന്തനായ ഒരാളെ കണ്ടിട്ടില്ലല്ലോ എന്നു നിങ്ങൾക്കു തോന്നുകയും ചെയ്യും. 

തയാറാക്കിയത് : ടി. ബി. ലാൽ

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT