കൊഴുപ്പുള്ള ഈ ഭക്ഷണങ്ങൾ ധൈര്യമായി കഴിച്ചോളൂ, ശരീരഭാരം ഈസിയായി കുറയ്ക്കാം!

Mail This Article
കൊഴുപ്പുള്ള ഭക്ഷണം ശരീരത്തിനു നന്നല്ല എന്നാണല്ലോ പൊതുവായ ധാരണ. എന്നാൽ ചില കൊഴുപ്പുകൾ ആരോഗ്യത്തിനു വളരെ നല്ലതാണെന്ന് അറിയേണ്ടതും അത്യാവശ്യമാണ്. അത്തരം നല്ല കൊഴുപ്പുള്ള ഭക്ഷണം കൃത്യമായ അളവിൽ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന 10 കൊഴുപ്പുള്ള ഭക്ഷണങ്ങൾ അറിയാം:
1. അവക്കാഡോ
നല്ല കൊഴുപ്പ് ധാരാളമായി ഉണ്ടെങ്കിലും ഫൈബറും കുറഞ്ഞ കാർബും ഉള്ള പഴമാണ് അവക്കാഡോ അഥവാ വെണ്ണപ്പഴം. വയറു നിറഞ്ഞ പ്രതീതി പെട്ടെന്ന് ഉണ്ടാക്കുകയും, കൂടുതൽ ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നു. ഇത് ശരീരഭാരം കുറയ്ക്കുന്നതിൽ വളരെയധികം സഹായകമാണ്. സാലഡുകളിലും, സാൻഡ്‌വിച്ചിലും,സ്മൂത്തികളിലൊക്കെയും അവക്കാഡോ ഉൾപ്പെടുത്താം.

2. നട്സ്
ബദാം, വാൾനട്ട്, പിസ്താഷ്യോ തുടങ്ങിയ നട്സുകൾ ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീൻ, നാരുകൾ എന്നിവയാൽ സമ്പന്നമാണ്. കഴിക്കുമ്പോൾ വളരെ പെട്ടെന്ന് സംതൃപ്തി തോന്നാനും ഭക്ഷണം അളവ് കുറച്ച് കഴിക്കാൻ തോന്നിക്കുകയും ചെയ്യുന്നു. കലോറി കൂടുതലായതിനാൽ എണ്ണം കണക്കാക്കി മാത്രം കഴിക്കുക. എണ്ണ, ഉപ്പ് എന്നിവ ചേർക്കാതെ വറുത്തതോ ഉണക്കിയതോ കഴിക്കാം.
3. ഒലിവ് ഓയിൽ
മികച്ച ഗുണമേന്മയിലുള്ള മോണോസാച്ചുറേറ്റഡ് കൊഴുപ്പ് ഒലിവ് ഓയിലിൽ അടങ്ങിയിട്ടുണ്ട്. അത് പെട്ടെന്ന് വിശപ്പ് കെടുത്തും, ഹൃദ്രോഗത്തിനും മികച്ചത്. ഒലിവ് ഓയിൽ സാലഡിലോ, പച്ചക്കറികൾ വഴറ്റുന്നതിനോ ഉപയോഗിക്കാവുന്നതാണ്.
4. ഫാറ്റി ഫിഷ്
സാൽമൺ, മത്തി, ട്രൗട്ട്, അയല തുടങ്ങിയ മത്സ്യങ്ങളിൽ ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളമായി ഉണ്ട്. ഇത് വിശപ്പിനെയും ശരീരത്തിലെ മോശം കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ശരീരത്തിലെ നീർക്കെട്ട് കുറയ്ക്കുന്നതിനും ഉപകാരപ്രദം. പോഷകസമ്പുഷ്ടമായ രീതിയിൽ മത്സ്യം കഴിക്കാന്‍ ആവിയിൽ പുഴുങ്ങുകയോ, ഗ്രിൽ ചെയ്യുകയോ ചെയ്യാം.

5. വെളിച്ചെണ്ണ
പൂരിത കൊഴുപ്പ് ഉയർന്നതാണെങ്കിലും, വെളിച്ചെണ്ണയിൽ മീഡിയം ചെയിൻ ട്രൈഗ്ലിസറൈഡുകൾ (എംസിടി) അടങ്ങിയിരിക്കുന്നു, അത് മെറ്റബോളിസത്തെ വർധിപ്പിക്കുകയും വയറു നിറഞ്ഞതായി തോന്നിക്കുകയും ചെയ്യും. വെളിച്ചെണ്ണ നല്ലതെന്നു കരുതി എല്ലാത്തിനും അമിതമായി ഉപയോഗിക്കുന്ന ശീലം പൊതുവില്‍ മലയാളികൾക്കുണ്ട്. എന്നാൽ അത് ഗുണത്തെക്കാൾ ദോഷം ചെയ്യും. മിതമായ രീതിയിൽ മാത്രം വെളിച്ചെണ്ണ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

6.ചിയ സീഡ്
ഒമേഗ-3 കൊഴുപ്പുകൾ, നാരുകൾ, പ്രോട്ടീൻ എന്നിവയാൽ സമ്പന്നമാണ് ചിയ വിത്തുകൾ. കഴിക്കുമ്പോൾ അവ വെള്ളം വലിച്ചെടുക്കുകയും വയറിൽ വച്ച് വികസിക്കുകയും ചെയ്യുന്നു. ഇത് വയറുനിറയാനും കലോറി കുറയ്ക്കാനും സഹായിക്കുന്നു. യോഗർട്, ഓട്സ് എന്നിവയിൽ ചേർത്ത് കഴിക്കാവുന്നതാണ്.
7. യോഗർട്
കൊഴുപ്പ് കുറഞ്ഞ പാലുത്പന്നങ്ങൾ ആണല്ലോ പലപ്പോഴും ശരീരഭാരം കുറയ്ക്കാനായി ഉപയോഗിക്കാൻ നിർദേശിക്കാറ്. എന്നാൽ കൊഴുപ്പുള്ള പാലുത്പന്നങ്ങൾ നിയന്ത്രിച്ച് കഴിക്കുന്ന പക്ഷം പെട്ടെന്നു വയറ് നിറയാനും കലോറി ഉപഭോഗം കുറയ്ക്കാനും എളുപ്പമാണെന്ന് പഠനങ്ങൾ പറയുന്നു. മധുരമില്ലാത്ത പ്ലെയിൻ യോഗർട് പഴങ്ങളോ നട്സോ ചേർത്ത് കഴിക്കുന്നത് നല്ലൊരു പ്രഭാതഭക്ഷണമാണ്.

8. ഡാർക്ക് ചോക്ലേറ്റ്
70 ശതമാനത്തിലധികം കൊക്കോ അടങ്ങിയ ഡാർക്ക് ചോക്ലേറ്റ് ഹെൽത്തി ഫാറ്റുകളാലും ആന്റിഓക്സിഡന്റുകളാലും സമ്പന്നമാണ്. ഭക്ഷണത്തെയും ക്രേവിങ്സിനെയും നിയന്ത്രിക്കാനും ഇതിലൂടെ സാധിക്കും. അതുകൊണ്ട് ഇടയ്ക്ക് ഒരു കഷ്ണം ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നതിൽ ഇനി കുറ്റബോധം വേണ്ട.
9. മുട്ട
മുട്ടയിൽ അടങ്ങിയിട്ടുള്ള കൊളസ്ട്രോളിന്റെ അളവ് ശരീരത്തിന് അപകടമാണെന്ന രീതിയിലുള്ള തെറ്റിദ്ധാരണകൾ ഇപ്പോഴില്ല. ആരോഗ്യകരമായ കൊഴുപ്പുകൾ, വൈറ്റമിൻ, അമിനോ ആസിഡ് എന്നിവ അടങ്ങിയിരിക്കുന്ന മുട്ട കഴിക്കുന്നത് ശരീരത്തിന്റെ ആരോഗ്യത്തിനു നല്ലതാണ്. സമീകൃതാഹാരത്തിൽ ഉൾപ്പെടുത്താവുന്ന മുട്ട കലോറി ഉപഭോഗം കുറയ്ക്കുന്നു.

10. വിത്തുകള്‍
ഫ്ളാക്സ് സീഡുകൾ, മത്തങ്ങ വിത്തുകൾ, സൂര്യകാന്തി വിത്തുകൾ എന്നിവ ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ്. സാലഡ്, തൈര്, സ്മൂത്തി എന്നിവകളിൽ ഉപയോഗിക്കാവുന്നതാണ്.
എന്ത്, എപ്പോൾ, എങ്ങനെ കഴിക്കണം: വിഡിയോ