ബോറടിക്കുമ്പോൾ കഴിക്കാനും ഭക്ഷണം!

ബോറടിക്കുമ്പോൾ കഴിക്കുന്ന ഭക്ഷണം ഏത്? ഈ ചോദ്യത്തിനുത്തരം യു.കെയിലെ ഒരു സംഘം ഗവേഷകർ തരും. വിരസതയും ഭക്ഷണശീലവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നറിയുകയായിരുന്നു അവരുടെ ഉദ്ദേശ്യം. സംശയിക്കേണ്ട, വറുത്തതും പൊരിച്ചതും മധുരവും ഒക്കെയാവും ബോറടിക്കുമ്പോൾ നാം കഴിക്കുന്നത്. വിരസതയേറുമ്പോൾ ഫാസ്റ്റ്്ഫുഡും മധുര പലഹാരങ്ങളും ജങ്ക്ഫുഡും ഉൾപ്പെട്ട അനാരോഗ്യം വിളിച്ചു വരുത്തുന്ന ഭക്ഷണമാണ് കഴിക്കുന്നതെന്ന് ഗവേഷകർ പറയുന്നു.

വിരസതയും ഭക്ഷണം തിരഞ്ഞെടുക്കലുമായി ബന്ധപ്പെട്ട് രണ്ടു പഠനങ്ങൾ നടത്തി. 52 പേരടങ്ങിയ ആദ്യ ഗ്രൂപ്പിനെ ഒരു ജോലി േൽപ്പിച്ചു. എന്താണെന്നല്ലേ? ഒരേ അക്ഷരക്കൂട്ടങ്ങളെ പകർത്തി എഴുതുക. ബോറടിപ്പിക്കുന്ന ഈ ജോലിക്കു മുൻപും ശേഷവും ഒരു ചോദ്യാവലിയും നൽകി. അവരുടെ ഭക്ഷണത്തിലെ ഇഷ്ടാനിഷ്ടങ്ങളെ കുറിച്ചായിരുന്നു ചോദ്യങ്ങൾ.

42 പേരുൾപ്പെട്ട രണ്ടാമത്തെ പഠനസംഘത്തിനെ തമാശ നിറഞ്ഞതോ വിരസമായതോ ആയ വിഡിയോ കാണിച്ചു. ഈ സമയത്ത് കഴിക്കാൻ ആരോഗ്യകരവും അനാരോഗ്യകരവുമായ ലഘുഭക്ഷണവും നൽകി. ഭക്ഷണപ്പാത്രങ്ങളുടെ ഭാരം ഓരോ പരീക്ഷണത്തിനു മുൻപും ശേഷവും അളന്നു. ഓരോ ഭക്ഷണപദാർഥവും എത്രമാത്രം കഴിച്ചു എന്നറിയാനായിരുന്നു ഇത്.

വിരസമായ ജോലിക്കു ശേഷം കൊറിക്കുന്നതും ഫാസ്റ്റ്ഫുഡും മധുരങ്ങളുമാണ് ആളുകൾ കഴിക്കാൻ താൽപര്യപ്പെടുന്നതെന്ന് ആദ്യ പടനത്തിലെ ഫലം കാണിക്കുന്നു. രണ്ടാമത്തെ പടനത്തിൽ ബോറടിപ്പിക്കുന്ന വിഡിയോ കണ്ടവരും അനാരോഗ്യകരമായ ഭക്ഷണമാണ് കൂടുതൽ കഴിച്ചതെന്നു കണ്ടു.

വിരസത തലച്ചോറിലെ ഡോപാമിൻ എന്ന രാസവസ്തുവിന്റെ കുറഞ്ഞ അളവിലെ ഉദ്ദീപനവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന തിയറിയെ ഇത് ശക്തമാക്കുന്നു. മറ്റേതെങ്കിലും രീതിയിൽ വിരസത അകറ്റാൻ സാധിക്കാതെ കൊഴുപ്പും പഞ്ചസാരയും കലർന്ന ഭക്ഷണം അധികം കഴിക്കുന്നു.

ആരോഗ്യ വിദ്യാഭ്യാസ പ്രചാരണ പരിപാടികൾ നടത്തുന്ന ആളുകൾ വിരസത അകറ്റാൻ ആരോഗ്യകരമായ ഭക്ഷണശീലം പ്രോത്സാഹിപ്പിക്കണമെന്നും ജോലിസ്ഥലങ്ങളിലെ വിരസത കൂടി കണക്കിലെടുക്കണമെന്നും പഠനം പറയുന്നു. ബ്രിട്ടീഷ് സൈക്കോളജിക്കൽ സൊസൈറ്റിയുടെ വാർഷിക സമ്മേളനത്തിൽ ഈ പഠനം അവതരിപ്പിക്കപ്പെട്ടു.