വസൂരി പോലുള്ള ദുരന്തമാകില്ല നിപ്പ: ഡോ. ജി. അരുൺകുമാർ

ഡോ. ജി. അരുൺകുമാർ

നിപ്പ ബാധ ഒരുകാരണവശാലും വസൂരിയോ എബോളയോ മീസിൽസോ പോലെയുള്ള ദുരന്തമാകില്ലെന്ന് മണിപ്പാൽ കസ്തൂർബ മെഡിക്കൽ കോളജിലെ വൈറൽ സ്റ്റഡീസ് വിഭാഗം മേധാവി ഡോ. ജി. അരുൺകുമാർ. 

ആദ്യം രോഗം ബാധിച്ചയാളിൽനിന്നു പകർന്നുകിട്ടിയവരും അവരുമായി ആശുപത്രികളിലും മറ്റുമായി വിവിധ രീതികളിൽ ബന്ധപ്പെട്ടവരും തന്നെയാണ് ഇപ്പോഴും രോഗബാധിതരാകുന്നത്. ഈ പട്ടികയ്ക്കു വെളിയിൽ ഒരു സ്ഥലത്തും പുതുതായി വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. നിരീക്ഷണത്തിലുള്ളവർ രോഗലക്ഷണങ്ങൾ കണ്ടാൽ എത്രയും വേഗം ആരോഗ്യപ്രവർത്തകരെ വിവരമറിയിക്കുക എന്നതുതന്നെയാണ് ഇപ്പോഴും പ്രധാനം. 

രോഗികളുടെ കൂട്ടിരിപ്പുകാരാണ് ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത്. ഇവരിൽനിന്നു മറ്റുള്ളവരിലേക്കു പകരാനുള്ള സാധ്യതയും കൂടുതലാണ്. വൈറസ് ബാധിച്ചവരുടെ ഒരു മീറ്ററെങ്കിലും അടുത്ത് ഇടപഴകുന്നവർക്കാണ് രോഗസാധ്യത. ഇതു പ്രധാനമായും ഡ്രോപ്‌ലെറ്റ് ട്രാൻസ്മിഷനാണ്. തുമ്മൽ, ചുമ തുടങ്ങിയവയിൽനിന്നാണ് പ്രധാനമായും പകരുന്നത്. രോഗം ഇപ്പോഴും നിയന്ത്രണ വിധേയമാണ്. ആരോഗ്യവകുപ്പ് പ്രതീക്ഷിച്ച അതേ മാതൃകയിൽത്തന്നെയാണു രോഗബാധ. അതിനാൽ ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന സംവിധാനങ്ങൾതന്നെ കൂടുതൽ കാര്യക്ഷമതയോടെ നടപ്പാക്കുകയാണു വേണ്ടത്. രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ അതിന്റെ ഭാഗമാണ്. 

മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇപ്പോൾ ഐസൊലേഷൻ വാർഡുകൾ ഒരുക്കിയിട്ടുണ്ട്. എന്നാൽ ആശുപത്രി ഒഴുപ്പിക്കേണ്ട സാഹചര്യം ഇല്ലെന്നാണു മനസ്സിലാക്കുന്നത്. നിപ്പ വൈറസിനോട് ഏറെ സാമ്യമുള്ള ഹെൻഡ്ര വൈറസിനെതിരെ ഓസ്ട്രേലിയയിൽ പ്രയോഗിച്ച മരുന്നാണ് കോഴിക്കോട്ടേക്കെത്തിക്കുന്നത്. മരുന്ന് ഫലപ്രദമാകുമെന്നാണു പ്രതീക്ഷയെന്നും ഡോ. അരുൺകുമാർ പറഞ്ഞു. കോഴിക്കോട്ടെ നിപ്പ പ്രതിരോധ സംഘത്തിൽ തുടക്കം മുതൽ പ്രവർത്തിക്കുന്നയാളാണ് ഡോ. അരുൺകുമാർ.