നിപ്പ ബാധിച്ചയാളെ പരിചരിച്ചു വൈറസ് ബാധയേറ്റു മരിച്ച മലയാളി നഴ്സ് ലിനിയെ അനുസ്മരിച്ച് ലോകാരോഗ്യ സംഘടന. സംഘടനയുടെ ഹെൽത്ത് വർക്ക്ഫോഴ്സ് ഡയറക്ടർ ജിം ക്യാംബെൽ ആണ് ലിനിയെ അനുസ്മരിച്ച് ട്വീറ്റ് ചെയ്തത്.
ലിനിക്കൊപ്പം ഗാസയിൽ ഇസ്രയേൽ സൈന്യത്തിന്റെ വെടിയേറ്റു മരിച്ച റസാൻ അൽ നജ്ജാറഇനയും ലൈബീരിയയിൽ എബോളയ്ക്കെതിരായ പോരാട്ടത്തിൽ മരിച്ച സലോം കർവ എന്ന നഴ്സിനെയും അദ്ദേഹം അനുസ്മരിച്ചു.
കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പ വൈറസ് ബാധയിൽ, ആരോഗ്യ മേഖലയിൽനിന്നുള്ള ആദ്യ രക്തസാക്ഷിയായ ലിനിക്ക് ലോകപ്രശസ്ത വാരികയായ ദി ഇക്കണോമിസ്റ്റ് പുതിയ ലക്കത്തിൽ ആദരമർപ്പിച്ചിരുന്നു. മരണക്കിടക്കയിൽ നിന്ന് ഭർത്താവ് സജീഷിന് എഴുതിയ വികാരനിർഭരമായ കത്തുൾപ്പെടെയായിരുന്നു ഇക്കണോമിസ്റ്റിലെ ഓർമക്കുറിപ്പ്. ഇതാദ്യമായാണ് ഒരു മലയാളി ഈ പംക്തിയിൽ പരാമർശിക്കപ്പെട്ടത്.
പേരാമ്പ്രയിൽ ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരിയായിരുന്നു ലിനി. രോഗം ബാധിച്ച് എത്തിയ മുഹമ്മദ് സാബിത്തിനെ പരിചരിച്ചത് ലിനിയായിരുന്നു.