Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുലയൂട്ടൽ അമ്മയ്ക്ക് ഹൃദയാരോഗ്യമേകും

breast-feeding

കുഞ്ഞിന്റെ അവകാശമാണ് മുലപ്പാൽ. ശാരീരിക വളര്‍ച്ചയ്ക്കും രോഗപ്രതിരോധ ശേഷിക്കും വേണ്ട ഘടകങ്ങൾ മുലപ്പാലിൽ നിന്നും കുഞ്ഞിനു ലഭിക്കുന്നു. മുലപ്പാൽ കുടിച്ചു വളരുന്ന കുഞ്ഞിന് രോഗങ്ങളും കുറവായിരിക്കും. മുല കുടിക്കുന്ന കുഞ്ഞിനു മാത്രമല്ല, അമ്മയ്ക്കും മുലയൂട്ടൽ ആരോഗ്യമേകും.

മുലയൂട്ടൽ അമ്മയ്ക്ക് ഹൃദ്രോഗവും പക്ഷായഘാതവും വരാനുള്ള സാധ്യത കുറയ്ക്കുമെന്നു പഠനം. ഇത്തരക്കാരിൽ ഹൃദ്രോഗവും പക്ഷാഘാതവും വരാനുള്ള സാധ്യത 10 ശതമാനം കുറവാണെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

ഗർഭധാരണത്തിനു ശേഷം അമ്മയുടെ ഉപാപചയ പ്രവർത്തനങ്ങളെ പഴയപടി ആക്കാൻ മുലയൂട്ടൽ സഹായിക്കും. നിരവധി ആരോഗ്യ ഗുണങ്ങളും ഇതുമൂലമുണ്ട്.’’ ഓക്സ്ഫോർഡ് സർവകലാശാലയിലെ റിസർച്ച് ഫെല്ലോ ആയ സെയ്ൻപീറ്റേഴ്സ് പറയുന്നു.

കുഞ്ഞിന്റെ വളർച്ചയ്ക്കാവശ്യമായ ഊർജ്ജം പ്രദാനം ചെയ്യാനായി കൊഴുപ്പ് ശേഖരിച്ചു വയ്ക്കുന്നതിനാൽ ഗർഭിണിയാകുമ്പോൾ ഒരു സ്ത്രീയുടെ ഉപാപചയ പ്രവർത്തനങ്ങൾക്ക് മാറ്റം വരുന്നു. മുലയൂട്ടൽ ഈ കൊഴുപ്പിനെ വേഗത്തിലും  പൂർണമായും ഇല്ലാതാക്കുന്നു.

പഠനത്തിനായി ചൈനയിലെ 2,89,573 സ്ത്രീകളുടെ ജീവിതശൈലി ഘടകങ്ങളും പ്രത്യുല്പാദന ചരിത്രവും വിശകലനം ചെയ്തു.

പ്രസവശേഷം ശരീരഭാരം കുറയുക, കൊളസ്ട്രോൾ, രക്തസമ്മർദം, രക്ത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഇവ കുറയ്ക്കുക തുടങ്ങി ഹ്രസ്വകാലത്തേക്കുള്ള ആരോഗ്യ ഗുണങ്ങൾ മുലയൂട്ടലിനുണ്ടെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

ദീർഘകാലത്തേക്ക് അമ്മയ്ക്കും കുഞ്ഞിനും മുലയൂട്ടൽ ആരോഗ്യമേകുമെന്നും അതിനാൽ മുലയൂട്ടലിന്റെ ഗുണങ്ങൾ വ്യാപകമായി പ്രചരിപ്പിക്കേണ്ടതുണ്ടെന്നും ഈ പഠനം പറയുന്നു.