തൈറോയ്ഡ് സംബന്ധമായ അസുഖങ്ങൾ മുൻകാലത്തേക്കാൾ കൂടുതലായി കണ്ടുവരുന്നതായാണ് ഡോക്ടർമാർ പറയുന്നത്. യൗവനത്തിൽത്തന്നെ പലർക്കും ഹൈപ്പോ തൈറോയ്ഡ്, ഹൈപ്പർ തൈറോയ്ഡ് എന്നിവ പിടിപെടുന്നു. പാരമ്പര്യ ഘടകങ്ങൾ ഈ രോഗത്തെ സ്വാധീനിക്കുന്നുണ്ട്. എന്നാൽ ജീവിതക്രമത്തിലെ അപാകതകളും ഒരു വലിയ കാരണമാണ്. അതിനാൽ തൈറോയ്ഡ് സംബന്ധമായ രോഗങ്ങൾ ഒഴിവാക്കാൻ ഡോക്ടർമാർ നിർദേശിക്കുന്ന ചില മുൻകരുതലുകൾ ഇതാ.
∙തിരക്കു കാരണം പ്രഭാതഭക്ഷണം മുടക്കുന്ന ശീലമുണ്ടോ? എങ്കിൽ ഇന്നുമുതൽ പ്രഭാതഭക്ഷണം കൃത്യമായി കഴിക്കാൻ ശ്രദ്ധിച്ചുകൊള്ളൂ. രാവിലെ പട്ടിണിയിരിക്കുന്നത് രോഗങ്ങളെ വിളിച്ചുവരുത്തും.
∙എല്ലാ ദിവസവും ഉറങ്ങുന്നതിനും ഉണരുന്നതിനും കൃത്യമായ ടൈംടേബിൾ വേണം. ജോലിയുള്ള ദിവസങ്ങളിൽനിന്നു വ്യത്യസ്തമായി അവധിദിവസങ്ങളിൽ ഉച്ചവരെ ഉറങ്ങുന്ന ശീലം ഉപേക്ഷിക്കുക.
∙തൈറോയിഡ് സംബന്ധമായ മരുന്നുകൾ കഴിച്ചുതുടങ്ങിയാൽ നിശ്ചിത ഇടവേളകളിൽ ഡോക്ടറെ കണ്ട് തൈറോയ്ഡ് നില പരിശോധിക്കുക. മാറ്റമുണ്ടെങ്കിൽ മരുന്നുകൾക്കും മാറ്റം വരുത്തണം.
∙ വ്യായാമം ചെയ്യുന്നതു നല്ലതു തന്നെ. പക്ഷേ തൈറോയ്ഡ് രോഗം കണ്ടെത്തിക്കഴിഞ്ഞാൽ ഡോക്ടറുടെ നിർദേശപ്രകാരമേ വ്യായാമം ചെയ്യാവൂ. ചില വ്യായാമങ്ങൾ നിങ്ങൾക്കു ദോഷം ചെയ്തേക്കാം.
∙ഷുഗർ ഡ്രിങ്ക്സ്, കാർബണേറ്റഡ് ഡ്രിങ്ക്സ് എന്നിവ പരമാവധി ഒഴിവാക്കുക. ഇവ രണ്ടും ശരീരത്തിൽ അമിതമായി കാലറി അടിഞ്ഞുകൂടുന്നതിനു കാരണമാകുന്നു. തൈറോയ്ഡ് സാധ്യതയുള്ളവരും ബാധിച്ചവരും പ്രകൃതിദത്ത പാനീയങ്ങൾ വേണം കുടിക്കാൻ.
∙ഭക്ഷണക്രമത്തിൽ ഒരു ചിട്ട കൊണ്ടുവരാൻ ശ്രമിക്കുക. കഴിയുന്നതും ഹോട്ടൽ ഫുഡും ജങ്ക് ഫുഡും ഒഴിവാക്കി വീട്ടിൽ പാകം ചെയ്യുന്ന ഭക്ഷണം ശീലിക്കുക. അനാവശ്യമായി പ്രിസർവേറ്റീവുകളും അജിനോമോട്ടോയും നിറങ്ങളും ചേർത്ത ഭക്ഷണം നിങ്ങളെ വലിയ രോഗിയാക്കും എന്നതു മറക്കേണ്ട.