ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലമാണ് ഗര്‍ഭകാലം. സ്ത്രീ എന്ന നിലയില്‍ നിന്ന് ഒരമ്മയുടെ ഉത്തരവാദിത്തങ്ങളിലേക്ക് മനസ്സും ശരീരവും കൂടുമാറുന്ന കാലം കൂടിയാണ് അത്. ഗര്‍ഭകാലം ഏറ്റവും സന്തോഷകരവും സമാധാനപൂര്‍ണവും ആകണം എന്നാണ് എല്ലാ സ്ത്രീകളുടെയും മോഹം. ഒപ്പം ഇഷ്ടമുള്ള ആഹാരം, പ്രിയപ്പെട്ടവരുടെ സമീപനം എല്ലാം അവള്‍ കൊതിക്കും. പ്രത്യേകശ്രദ്ധ ആവശ്യമുള്ള ഈ കാലത്ത് കഴിക്കുന്ന ആഹാരവും വളരെ പ്രധാനമാണ്.
ശരിയായ രീതിയില്‍ ആഹാരം കഴിക്കാതെ ഇരിക്കുന്നതും ഗുണകരമല്ലാത്ത ഭക്ഷണശീലങ്ങളും അമ്മയ്ക്ക് മാത്രമല്ല കുഞ്ഞിനും ആപത്താണ്. ഗര്‍ഭകാലത്ത് ഒഴിവാക്കേണ്ട ഏഴ് ആഹാരങ്ങള്‍ എന്തൊക്കെയെന്നു നോക്കാം.
മെര്‍ക്കുറി അടങ്ങിയ മത്സ്യം
മത്സ്യം കഴിക്കുന്നത് നല്ലതുതന്നെ. പക്ഷേ മെര്‍ക്കുറി കൂടുതലായി അടങ്ങിയ മത്സ്യം കഴിക്കുന്നത് ഗര്‍ഭിണികള്‍ ഒഴിവാക്കണം. ഉദാഹരണത്തിന് സ്രാവ്, ചൂര, തെരണ്ടി എന്നിവയില്‍ മെര്‍ക്കുറി ധാരാളം ഉണ്ട്. മാസത്തില്‍ ഒന്നോ രണ്ടോ തവണയില്‍ കൂടുതല്‍ ഇവ കഴിക്കരുത്. മെര്‍ക്കുറി കുറവുള്ള മത്സ്യങ്ങള്‍ കഴിക്കുന്നത് കൊണ്ട് പ്രശ്നങ്ങള്‍ ഇല്ല. അതില്‍ ഒമേഗ ഫാറ്റി ആസിഡ് ധാരാളം ഉണ്ടാകും. പാതി വേവിച്ച സൂഷി പോലുള്ള മത്സ്യവിഭവങ്ങളും ഒഴിവാക്കണം.
വേവിക്കാത്തെ മുട്ട
ഇതിനോട് ഗര്‍ഭിണികള്‍ നോ പറയണം. വയറ്റില്‍ വേദന, തലചുറ്റല്‍, ഛര്‍ദ്ദി എന്നിവയൊക്കെ ഇതുമൂലം ഉണ്ടാകാം. ചില അവസരങ്ങളില്‍ മാസം തികയാതെയുള്ള പ്രസവത്തിനു വരെ ഇത് കാരണമാകും. മയോണൈസ്, ഐസിങ് കേക്കുകള്‍, പാതിവേവിച്ച മുട്ട ചേര്‍ന്ന ഐസ് ക്രീം എന്നിവയും കഴിക്കരുത്.
കോഫി
കോഫി പ്രേമികള്‍ തല്‍ക്കാലം ഗര്‍ഭകാലത്ത് അതൊന്നു കുറയ്ക്കുക. കഫീന്‍ അടങ്ങിയ എല്ലാ പാനീയങ്ങളും ഉപേക്ഷിക്കുന്നതാണ് നല്ലത്. കഫീന്‍ കുഞ്ഞുങ്ങളിലെ ഭാരകുറവിന് വരെ കാരണമാകും എന്ന് തെളിഞ്ഞിട്ടുണ്ട്.
മുളപ്പിച്ച പയര്‍വര്‍ഗങ്ങൾ
മുളപ്പിച്ച പയര്‍ വിഭവങ്ങള്‍ നല്ലതുതന്നെ പക്ഷേ അത് ഗര്‍ഭിണികള്‍ ഒഴിവാക്കുക. സാല്‍മോണല്ല ബാക്ടീരിയ ചിലപ്പോള്‍ ഇവയില്‍ ഉണ്ടാകും. ഇത് പച്ചയായി കഴിക്കുമ്പോള്‍ ആണ് പ്രശ്നം. പകരം വേവിച്ചു കഴിക്കാം.
ജങ്ക് ഫുഡ്
ഇത് ആരോഗ്യമുള്ളവര്‍ക്കു പോലും നല്ലതല്ലെന്ന് നമുക്കറിയാം. അപ്പോള്‍ പിന്നെ ഗര്‍ഭിണികളുടെ കാര്യമോ ?മൈദ, മധുരം എന്നിവ അമിതമായി അടങ്ങിയ ഇവ കഴിക്കുന്നത് നല്ലതല്ല. കൃത്രിമനിറങ്ങള്‍, പ്രിസര്‍വെറ്റീവ്സ് എന്നിവ ഇതില്‍ അമിതമായ അളവിലാണ്.
പാക്കെറ്റ് പഴങ്ങള്‍ ജ്യൂസ്
പ്രകൃതിദത്തം എന്നൊക്കെ പറഞ്ഞാലും ഇതിലൊന്നും യഥാര്‍ഥത്തില്‍ പ്രകൃതിദത്തമായ ഒന്നും ഉണ്ടാവില്ല. കൃത്രിമനിറങ്ങള്‍, പ്രിസര്‍വെറ്റീവ്സ് എല്ലാം ആവശ്യം പോലെ ഇതിലുണ്ടാകും.
മദ്യം
മദ്യത്തോടു ഗര്‍ഭിണികള്‍ നോ തന്നെ പറയണം. മദ്യപാനം ഗർഭമലസാന്‍ വരെ കാരണമാകും. അതുപോലെ കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ചയ്ക്കും ഇത് ദോഷം ചെയ്യുമെന്ന് അമ്മമാര്‍ ഓര്‍ക്കുക.
Read More : Pregnancy Care