നിശ്ശബ്ദമായി പണിയെടുക്കുന്ന ഒരു യന്ത്രത്തെപ്പോലെയാണ് മിക്ക സ്ത്രീകളും. പുലരും മുതൽ അന്തി വരെ അവൾക്ക് ജോലികൾ തന്നെ. വീട്ടുജോലി, ഓഫിസ് ജോലി, പിന്നെയും വീട്ടുജോലി....
കഠിനാധ്വാനികളായ സ്ത്രീകൾ ആണെങ്കിൽ പറയുകയും വേണ്ട. പക്ഷേ ഇങ്ങനെ ജോലിയെടുക്കുന്ന സ്ത്രീകൾക്ക് അത്ര ശുഭകരമല്ലാത്ത ഒരു വാർത്തയുണ്ട്. മണിക്കൂറുകളോളം ജോലി ചെയ്യുന്ന സ്ത്രീകൾക്ക് പ്രമേഹം വരാനുള്ള സാധ്യത 70 ശതമാനത്തോളം ആണെന്ന് ബയോമെഡിക്കൽ ജേണലായ ഡയബറ്റിസ് റിസർച്ച് ആൻഡ് കെയറിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
ആഴ്ചയിൽ 35 മുതൽ 45 മണിക്കൂർ വരെ ജോലി ചെയ്യുന്ന സ്ത്രീകളുമായി താരതമ്യപ്പെടുത്തിയപ്പോൾ ആഴ്ചയിൽ 45 ഓ അതിലധികമോ മണിക്കൂറുകൾ ജോലി ചെയ്യുന്ന സ്ത്രീകൾക്കു പ്രമേഹം വരാനുള്ള സാധ്യത 63 ശതമാനം ആണെന്നു കണ്ടു.
ലോകത്ത് പ്രമേഹരോഗം ബാധിച്ചവരുടെ എണ്ണം ഓരോ ദിവസവും കൂടുകയാണ്. 2030 ഓടെ 439 ദശലക്ഷം പേർ പ്രമേഹരോഗികളാവും എന്നാണ് കണക്കാക്കുന്നത്. 2010 ൽ ഉണ്ടായിരുന്നതിന്റെ 50 ശതമാനം വർധനയാണ് പ്രമേഹ രോഗികളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്.
കൂടുതൽ സമയം ജോലി ചെയ്യുന്ന പുരുഷന്മാർക്ക് പ്രമേഹം വരാൻ സാധ്യത ഇല്ലെന്നും പഠനത്തിൽ കണ്ടു.
ഓഫിസിലെ ജോലികൾ കഴിഞ്ഞു വീട്ടിലെത്തിയാൽ അവിടെയും കാണും ഒരു നൂറുകൂട്ടം പണി. ഇതു പലപ്പോഴും സ്ത്രീയെ സമ്മർദത്തിലാക്കും. സമ്മർദം ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. പഠനസംഘത്തിൽ ഉൾപ്പെട്ട ഗവേഷകനായ ടൊറന്റോ സർവകലാശാലയിലെ മഹി ഗിൽബെർട്ട് ഒയ്മെറ്റ് പറയുന്നു.
കൂടുതൽ മണിക്കൂറുകൾ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് പുരുഷന്മാരെക്കാൾ കുറഞ്ഞ വേതനം ആവും ചിലപ്പോൾ ലഭിക്കുക. തൊഴിലിടങ്ങളിലെ അസമത്വവും സമ്മർദത്തിനു കാരണമാകാം.
നല്ല ഭക്ഷണം കഴിക്കാതെ, വ്യായാമം ചെയ്യാതെ, മതിയായ ഉറക്കം ലഭിക്കാതെ മിക്ക സ്ത്രീകളും ജോലി ചെയ്തു കൊണ്ടേയിരിക്കുന്നു. സ്ത്രീകൾ പലപ്പോഴും അവളുടെ ആരോഗ്യം ശ്രദ്ധിക്കാറില്ല– പഠനം പറയുന്നു.
കാനഡയിലെ 7065 പേരിൽ നടത്തിയ പന്ത്രണ്ടു വർഷക്കാലം നീണ്ടു നിന്ന പഠനത്തിനൊടുവിലാണ് കൂടുതൽ മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന ജോലി സ്ത്രീകളിൽ പ്രമേഹത്തിനുള്ള സാധ്യത വളരെയധികം കൂട്ടുമെന്നു തെളിഞ്ഞത്.
Read More : Health News