ഹൗസ് സർജൻസി സമയത്ത് ആദ്യമായി എടുത്ത പ്രസവം എന്നൊന്നും വിളിച്ചൂട, ആദ്യമായി 'ചാടി പിടിച്ച പ്രസവം' എന്ന് പറയേണ്ടി വരും- ഒരു നേപ്പാളി സ്‌ത്രീ, ഒക്കത്തൊരു കുഞ്ഞ്, രണ്ടാം പ്രസവമെന്ന് വ്യക്‌തമായി ഫയലിലുണ്ട്. അവർ മൂത്ത കൊച്ചിനെ കൊച്ചിന്റച്‌ഛന് കൊടുത്ത് ലേബർ ഗൗൺ ഇട്ടതേയുള്ളൂ. സിസ്‌റ്റർ അവരെ വയറ് കഴുകി കൊണ്ടു പോയിക്കിടത്തിയതും എന്തോ ബഹളം കേട്ട് ഓടിച്ചെന്നു. കുഞ്ഞ് പുറത്തെത്തിയിരിക്കുന്നു. അപ്പോഴത്തെ വെപ്രാളത്തിൽ ഗ്ലൗസിടാനൊന്നും പറ്റിയില്ല, അമ്മ മുഴുവനായി കിടക്കും മുന്നേ പുറത്തെത്തി നിലത്ത് വീഴാൻ പോയ കുഞ്ഞിനെയങ്ങ് പിടിച്ചു. പൊക്കിൾക്കൊടി മുറിച്ച് ആ പെൺപൈതലിനെ പീഡിയാട്രിക്‌സ് ഹൗസ് സർജന് കൈമാറി.
അവരോട് പിന്നീട് വിശദമായി ചോദിച്ചപ്പോഴാണ് മുൻപൊരു ഭർത്താവുണ്ടായിരുന്നു, അതിൽ മൂന്ന് പ്രസവം ഉണ്ടായി എന്നെല്ലാം പറഞ്ഞത്. ഇപ്പോഴത്തെ ഭർത്താവ് അറിയാതിരിക്കാൻ ഡോക്‌ടറോട് പറയാതിരുന്നതാണത്രേ. ഞങ്ങൾ രണ്ടാം പ്രസവമെന്ന് ധരിച്ച അഞ്ചാം പ്രസവം ശടപടേന്ന് കഴിഞ്ഞു !
പിന്നെയും കുറേ പ്രസവങ്ങൾ ഭയപ്പെടുത്തി, ചിലതിന് കൂടെ നിന്നു, ചിലപ്പോൾ നിറയുന്ന അമ്മക്കണ്ണുകൾ സ്വന്തം മുഖത്ത് കണ്ണീരൊഴുക്കി. ലേബർ റൂം വല്ലാത്തൊരനുഭവമാണെന്ന ധാരണ ഓരോ തവണയും ശക്‌തമായി. അമ്മയേയും കുഞ്ഞിനേയും വേർപെടുത്താൻ വേണ്ടി വിയർപ്പൊഴുക്കുന്ന ഗൈനക്കോളജിസ്‌റ്റുകളെ മനസ്സാൽ എഴുന്നേറ്റ് നിന്ന് സല്യൂട്ടടിച്ചു.
ഇന്നലെയൊരു വാർത്ത കണ്ടു- യൂട്യൂബ് നോക്കി പ്രസവമെടുക്കാൻ ശ്രമിച്ച് അമ്മ മരിച്ച സംഭവം. ചിലരെങ്കിലും കരുതുന്നത് പോലെ കുഞ്ഞ് വെറുതെ ഇങ്ങ് തുളുമ്പി പുറത്ത് ചാടുന്നതല്ല. പ്രസവത്തിന് മൂന്ന് സ്‌റ്റേജുകളുണ്ട്. അതിൽ തന്നെ പ്രസവമെന്ന പ്രക്രിയയിൽ മാത്രം കുഞ്ഞ് കറങ്ങിത്തിരിഞ്ഞ് പുറത്ത് വരുന്നൊരു രീതിയുണ്ട്. Engagement, Descent, Flexion, Internal rotation, Extension, Restitution and external rotation, Expulsion എന്നിങ്ങനെയാണവ. ഈ അദ്‌ഭുതാവഹമായ പ്രോഗ്രഷൻ വേണേൽ യൂട്യൂബിൽ നോക്കാം(ഇത് മാത്രം, അല്ലാതെ പ്രസവമെടുക്കാൻ പഠിക്കാനല്ല).
ഇതെല്ലാം നേരാം വണ്ണം നടന്നാൽ ആരുമില്ലേലും സുഖമായി പ്രസവിക്കും. പത്ത് മാസവും എല്ലാം നോർമലായ ഗർഭിണി പോലും ഈ മൂന്ന് സ്‌റ്റേജുകളും സുഗമമായി കടന്നു പോകണമെന്നില്ല. പ്രസവം നടന്നാൽ പോലും മറുപിള്ള പുറത്തെത്താതെ ഗർഭപാത്രം ചുരുങ്ങാതിരുന്നേക്കാം. രക്‌തം വാർന്ന് മരിക്കാൻ അത് മാത്രം മതി.
വീട്ടിൽ പത്തെണ്ണം പെറ്റ മാതാജി പയറ് പോലെ നടപ്പുണ്ടല്ലോ എന്ന് പറയാൻ വരട്ടെ. അന്നത്തെ മാതൃമരണനിരക്കെല്ലാം പഴങ്കഥയാക്കി ഇന്ന് നമ്മൾ അമ്മമാരുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ അഭിമാനത്തോടെ തലയുയർത്തി നിൽക്കുന്നത് ഇവിടെയുള്ള ആശുപത്രികളും ഡോക്‌ടർമാരും അവരുടെ കഠിനാധ്വാനവും കാരണമാണ്. സർക്കാർ ആശുപത്രിയെന്നോ സ്വകാര്യ ആശുപത്രിയെന്നോ ഇക്കാര്യത്തിൽ വ്യത്യാസവുമില്ല.
പ്രകൃതിചികിത്സയും ഒരു മതത്തിന്റെ മാത്രം രീതിയിലുള്ള 'ഗൈനക്കോളജി'യുമൊന്നും പ്രസവസമയത്ത് ഉപകാരപ്പെടില്ല. ശരിയായ മേൽനോട്ടത്തിൽ പ്രസവിക്കുക എന്നതും തന്റെയും കുഞ്ഞിന്റെയും ആരോഗ്യം നില നിർത്തുക എന്നതും ഒരു സ്‌ത്രീയുടെ അടിസ്‌ഥാന അവകാശമാണ്.
ആർക്കും എന്തും അപ്‌ലോഡ് ചെയ്യാവുന്ന യൂട്യൂബും സ്വയം ഡോക്‌ടർ എന്ന് വിശ്വസിക്കുകയും മറ്റുള്ളവരെ വിശ്വസിപ്പിക്കുകയും ചെയ്യുന്ന അടിസ്‌ഥാന വിദ്യാഭ്യാസയോഗ്യത ഇല്ലാത്തവരും ചേർന്ന് എല്ലാം കുട്ടിച്ചോറാക്കുന്നുണ്ട്. ജനനവും മരണവും ജീവിതവും അനായാസമല്ല, പരീക്ഷണങ്ങളും അരുത്.
ജനിച്ചാൽ മരിക്കണമെന്നത് നേരാണ്, പക്ഷേ അറിഞ്ഞു കൊണ്ട് മണ്ടത്തരം കാണിച്ച് കൊലപാതകം നടത്തരുത്.
ആരായാലും, എന്തിനായാലും...
വിവരക്കേടിന്റെ പേരിൽ ജീവൻ പൊലിഞ്ഞ ആ അമ്മക്ക് ആദരാഞ്ജലികൾ...
Read More : Health News