കുഞ്ഞു പിറന്നു, തേനും വയമ്പും കൊടുക്കണോ പൊന്നിൻനിറം വയ്ക്കാൻ മഞ്ഞൾ തേച്ചു കുളിപ്പിക്കണോ... ആധികൾ ഒരായിരം. കുഞ്ഞിന്റെ ഇത്തരം ചെറിയ കാര്യങ്ങൾ വലിയ ശ്രദ്ധ കൊടുക്കാം. തേനും വയമ്പും നൽകുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നു വിദഗ്ധർ പറയുന്നു. തേൻ ഭക്ഷ്യവിഷബാധ ഉണ്ടാക്കാനുള്ള സാധ്യത ഏറെയാണ്. കുഞ്ഞിനെ കുളിപ്പിക്കുമ്പോഴും ശ്രദ്ധിക്കാം. രണ്ടര കിലോഗ്രാമിൽ കൂടുതൽ ഭാരമുണ്ടെങ്കിലേ കുഞ്ഞിനെ കുളിപ്പിക്കാവൂ. തൂക്കക്കുറവുള്ള കുഞ്ഞുങ്ങളുടെ ശരീരം തുണി നനച്ച് ഒപ്പിയെടുക്കാം. ശരീരത്തിൽ കൊഴുപ്പിന്റെ അംശം കുറവായതുകൊണ്ട് പെട്ടെന്നു തണുപ്പേൽക്കുമെന്നതാണു കാരണം. കുഞ്ഞുങ്ങളെ എണ്ണ തേച്ചു മസാജ് ചെയ്തു കുളിപ്പിക്കുന്നതാണു നന്ന്. എന്നാൽ കൈയും കാലും നിവരാൻ വേണ്ടി പിടിച്ചുവലിക്കരുത്. നീളം വയ്ക്കാനായി മൂക്കിൽമേലും പരാക്രമം വേണ്ട. കുഞ്ഞുങ്ങളെ മഞ്ഞൾ തേച്ചു കുളിപ്പിക്കുന്നതുകൊണ്ടു ദോഷമില്ല. എന്നാൽ ജനിച്ചു കുറച്ചു ദിവസത്തേക്കു വേണ്ട.
ന്യൂബോൺ ജോണ്ടിസ് (നവജാതശിശുക്കളിൽ ഉണ്ടാകുന്ന മഞ്ഞപ്പിത്തം) മാറാനായി കുഞ്ഞിനെ വെയിലു കൊള്ളിക്കാം. സാധാരണഗതിയിൽ അസുഖം ഒരാഴ്ചയ്ക്കുള്ളിൽ താനേ മാറും. എന്നാൽ വെയിൽ കൊള്ളിച്ചാൽ മാത്രം മതി എന്ന ധാരണയും വേണ്ട. രോഗം കുറയുന്നില്ലെങ്കിൽ ഫോട്ടോ തെറപ്പിക്കു വിധേയമാക്കേണ്ടി വരും. കുഞ്ഞിന്റെ പൊക്കിൾക്കൊടിക്കു മുകളിൽ ഉണങ്ങാനായി പ്രത്യേകം മരുന്നു വയ്ക്കേണ്ട. ആന്റി സെപ്റ്റിക് ലോഷൻ ഉപയോഗിച്ചു കഴുകി വൃത്തിയാക്കിയാൽ മാത്രം മതി. കുപ്പിപ്പാൽ നൽകുന്നതു കഴിവതും ഒഴിവാക്കാം. പാൽ കോരിക്കൊടുക്കാനുള്ള പാത്രം (അല്ലെങ്കിൽ സ്പൂൺ) ഉപയോഗിച്ചു വേണം കുഞ്ഞിനു മറ്റു ഭക്ഷണം നൽകേണ്ടത്. കുപ്പിയിൽ കുടിച്ചു ശീലിച്ചാൽ കുഞ്ഞു മുലപ്പാൽ കുടിക്കുന്നതിൽ മടി കാണിക്കും. കുപ്പി വൃത്തിയുള്ളതല്ലെങ്കിൽ അണുബാധ പിടിപെടാം. വയറിളക്കം ബാധിക്കാം.