ഉയർന്ന് ഇടതിങ്ങിയ മാറിടങ്ങൾ സ്ത്രീസൗന്ദര്യത്തിന്റെ അലങ്കാരമായാണ് കണക്കാക്കുന്നത്. ഉടയാടകൾക്കുള്ളിൽ ഒളിപ്പിച്ചുവയ്ക്കുമ്പോഴും അതിന്റെ രഹസ്യാകർഷണ ശക്തിയെക്കുറിച്ച് സ്ത്രീകൾ ബോധവതികളാണെന്നു വേണം കരുതാൻ. അതുകൊണ്ടാകാം സ്തനസൗന്ദര്യം വർധിപ്പിക്കാൻ ശാസ്ത്രക്രിയാമുറികളിലെത്തുന്നവരുടെ എണ്ണത്തിൽ ആഗോളതലത്തിൽ കഴിഞ്ഞ കുറേ കാലങ്ങളായി വൻ വർധനവാണുള്ളത്. പ്രത്യേകിച്ച് സ്തനവലുപ്പം കൂട്ടാനുള്ള ശാസ്ത്രക്രിയക്കു വിധേയരാകുന്നവരിൽ.
മെലിഞ്ഞിരിക്കുന്നത് ട്രെൻഡാവുന്നുണ്ടെങ്കിലും മെലിവിലും ശരീരത്തിനു കൃത്യമായ ഉയർച്ച താഴ്ചകളുണ്ടാകണമെന്ന ചിന്തയാണ് ഇവരിൽ പലരേയും ഓപ്പറേഷൻ തിയറ്ററുകളിലേക്കെത്തിക്കുന്നത്. സ്തനവലുപ്പം കൂടിയാലും പ്രശ്നമാണ്. മാംസളത അധികമായാല്‍ കൊഴുപ്പു കൂടുതൽ അടിഞ്ഞ് സ്തനങ്ങൾ അയഞ്ഞുതൂങ്ങും. അധികകൊഴുപ്പു നീക്കി സ്തനങ്ങളെ വടിവൊത്തതാക്കുകയാണ് സ്തനവലുപ്പം കൂടുതലുള്ളവരുടെ ആവശ്യം. സൗന്ദര്യപരമായ പ്രശ്നങ്ങൾ മാത്രമല്ല. ചിലരിൽ അമിതസ്തനവളര്‍ച്ച നടുവേദനയും തോൾവേദനയും പോലുള്ള ശാരീരികമായ പ്രയാസങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്. പ്രത്യേകിച്ചും കൗമാരപ്രായക്കാരിൽ.
കേരളത്തിൽ ചെറിയൊരു വിഭാഗം ഇത്തരം ശാസ്ത്രക്രിയകൾക്കു വിധേയരാകുന്നുണ്ട്. എങ്കിലും ശാസ്ത്രക്രിയയ്ക്കു വേണ്ടിവരുന്ന ഭാരിച്ചതല്ലെങ്കിലു സാധാരണക്കാരന് താങ്ങാനാവാത്ത ചെലവും ആളുകളറിയുമെന്ന ആശങ്കയും ശാസ്ത്രക്രിയയോടുള്ള ഭയവും പലരേയും മറ്റു മാർഗങ്ങൾ തിരയാൻ പ്രേരിപ്പിക്കുന്നു. മസാജ് ക്രീമുകൾ, ചിലതരം എണ്ണകൾ, വൈബ്രേറ്റ് ചെയ്ത് കൊഴുപ്പുകുറയ്ക്കുമെന്നു പറയപ്പെടുന്ന ഉപകരണങ്ങൾ എന്നിങ്ങനെ വലിയൊരു വ്യവസായം തന്നെ സ്ത്രീകളുടെ ഈ സ്വകാര്യപ്രശ്നത്തെ മുതലെടുക്കുന്നുണ്ട്.
ഭംഗിയേകുന്നത് കൊഴുപ്പ്
പേശികളില്ലാത്ത ശരീരഭാഗമാണ് സ്തനങ്ങൾ. ലിംഫ് നോഡുകളും പാലുത്പാദത്തിനായുള്ള ഗ്രന്ഥികളും കുറച്ച് കൊഴുപ്പു കലകളുമാണ് സ്തനങ്ങളിലുള്ളത്. സ്തനങ്ങളുടെ ഏതാണ്ട് 75 ശതമാനവും കൊഴുപ്പാണ്. ഈ കൊഴുപ്പാണ് മാറിടങ്ങൾക്ക് വലുപ്പവും ആകൃതിയും നൽകുന്നത്. ഭ്രൂണാവസ്ഥയില്‍ തന്നെ മാറിടം രൂപപ്പെടുമെങ്കിലും അത് രൂപഭംഗി നേടുന്നതും ശരീരത്തിന്റെ ആകർഷണീയതയ്ക്ക് മാറ്റു കൂട്ടുന്നതാകുന്നതും പ്രായപൂർത്തിയെത്തുമ്പോഴാണ്. മുലക്കണ്ണ് തെളിഞ്ഞുതുടങ്ങുന്നതു മുതൽ മാറിടങ്ങൾ പൂർണമായി രൂപപ്പെടുന്നതുവരെ അഞ്ചു ഘട്ടങ്ങളായാണ് വളർച്ച. ശരിയായ ആഹാരവും ഈസ്ട്രജൻ പോലുള്ള സ്‌ത്രൈണ ഹോർമോണുകളുടെ സാന്നിധ്യവുമാണ് മാറിടവളർച്ചയ്ക്കും വികാസത്തിനും ആക്കം കൂട്ടുന്നത്. പെൺകുട്ടികൾ വളരുന്ന പ്രായത്തിലേ ഭക്ഷണം പോഷകസമൃദ്ധമല്ലെങ്കിൽ ഭാരക്കുറവിനും മാറിടങ്ങൾ ശുഷ്കമാകാനും ഇടയുണ്ട്.
പ്രധാന മാറ്റങ്ങള്‍
പ്രായപൂർത്തിയായ ശേഷം സ്തനവളർച്ചയിൽ കാര്യമായ മാറ്റം സാധാരണഗതിയിൽ ഉണ്ടാകാറില്ല. എന്നാൽ ശരീരഭാരത്തിൽ മാറ്റം വന്നാൽ മാറിടത്തിന്റെ വലുപ്പത്തിലും വ്യത്യാസം വരാം. പിന്നീട് പ്രധാനമായ ഒരു മാറ്റം വരുന്നത് ഗർഭിണിയാകുമ്പോഴാണ്. ഗർഭം പൂർത്തിയാകാറാകുന്നതോടെ മാറിടങ്ങള്‍ വലുതാകും. മുലഞെട്ടുകൾ തടിക്കും. അടുത്ത മാറ്റം 40–കളുടെ അവഡസാനത്തിലാണ്.ഈസ്ട്രജൻ ഹോർമോൺ പൊടുന്നനെ കുറയും. ഇതോടെ സ്തനത്തിലെ കോശങ്ങളിലേക്കുള്ള ഈസ്ട്രജൻ ലഭ്യത കുറയും. ഗ്ലാന്‍ഡുലർ കോശങ്ങളുടെ എണ്ണം കുറയും. ഇത് സ്തനങ്ങൾ ചുരുങ്ങിപ്പോകാനിടയാകും.
ശാരീരികമായ മാറ്റങ്ങൾ, ജനിതകസ്വാധീനം, പോഷകലഭ്യത, ജീവിതശൈലി, വ്യായാമം, ഹോർമോണ്‍ മാറ്റങ്ങൾ എന്നിവയൊക്കെ സ്തനങ്ങളുടെ വളർച്ചയേയും വികാസത്തെയും സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ജനിതക ഘടകങ്ങളെ നമുക്കു മാറ്റാനാവില്ല. എന്നാൽ ഭക്ഷണത്തിലും ജീവിതശൈലിയിലും വ്യായാമത്തിലും ഗുണകരമായ മാറ്റങ്ങൾ വരുത്തിയാൽ അഴകു തുളുമ്പുന്ന മാറിടങ്ങൾ സ്വന്തമാക്കാം.
ഭക്ഷണം കഴിച്ച് വലുപ്പം കൂട്ടാമോ?
കൊഴുപ്പാണ് സ്തനത്തിന്റെ പ്രധാന നിർമാണവസ്തു എന്നു പറഞ്ഞല്ലൊ. അതിനാൽ കൊഴുപ്പുള്ളതെന്തും ധാരാളം കഴിച്ചാൽ സ്തനവളര്‍ച്ചയുണ്ടാകും എന്നൊരു ധാരണയുണ്ട്. അതു ശരിയല്ല. സ്തനവലുപ്പം കൂട്ടാൻ അങ്ങനെയൊരു മാജിക് ഭക്ഷണമൊന്നുമില്ല. എന്നാൽ സമീകൃതമായ ആഹാരം അഥവാ വളർച്ചയ്ക്കാവശ്യമായ പോഷകങ്ങൾ വേണ്ട അളവിൽ അടങ്ങിയ ഭക്ഷണം ഗുണകരമാണ്.
വേണ്ടത്ര പോഷകസമൃദ്ധമല്ലാത്ത ഭക്ഷണം കഴിക്കുന്നവരിൽ ഭാരക്കുറവും അതിനോടനുബന്ധിച്ച് സ്തനവളര്‍ച്ചക്കുറവും കാണാറുണ്ട്. ഇവർ പോഷകങ്ങൾ നിറഞ്ഞ ഭക്ഷണം കഴിക്കുമ്പോൾ ശരീരഭാരം കൂടുന്നതായും മാറിടപുഷ്ടി (കപ് സൈസ്) യുണ്ടാകുന്നാതായും കാണുന്നു.
ഈസ്ട്രജന്‍ നിറഞ്ഞ വിഭവങ്ങള്‍, ആരോഗ്യകരമായ കൊഴുപ്പ് എന്നിവയൊക്കെ സ്തനവളർച്ചയ്ക്ക് സഹായിക്കുന്നവയാണ്. മത്തക്കുരു, സൂര്യകാന്തിവിത്ത്, സോയാ വിഭവങ്ങളായ സോയ ചങ്സ്, സോയപ്പാൽ, സോയ പനീർ എന്നിവയൊക്കെ കഴിക്കാം. തവിടുള്ള ധാന്യങ്ങൾ, ഉലുവ, കറുത്ത എള്ള്, ഗ്രാമ്പു, വെള്ളക്കടല, കോഴിയിറച്ചി, ചെറിയ മീനുകൾ എന്നിവയും ഗുണകരമാണ്. പച്ചിലക്കറികൾ മറിടങ്ങളുടെ ആരോഗ്യം കാക്കാനും സ്തനവലുപ്പം വയ്ക്കുമ്പോഴുണ്ടാകാൻ സാധ്യതയുള്ള സ്‌ട്രെച്ച് മാർക്കുകൾ തടയാനും സഹായിക്കും.
കുട്ടികളുടെ ശരീരവളർച്ച നടക്കുന്ന സമയത്ത് (കൗമാരകാലത്ത്) ഇതൊക്കെ ഭക്ഷണത്തിലുൾപ്പെടുത്താൻ അമ്മമാർ ശ്രദ്ധിക്കണം. അണ്ടിപ്പരിപ്പുകൾ ആരോഗ്യകരമായ കൊഴപ്പു നൽകും. ദിവസവും ഏതെങ്കിലും ഒരിനം 6–8 എണ്ണം വച്ചു കഴിക്കാം.
ഐസ്ക്രീം, വറുത്തതും പൊരിച്ചതുമായ ഭക്ഷണം, കോഴിമാംസം, സംസ്കരിച്ച ഭക്ഷണം എന്നിവയൊക്കെ അനാവശ്യമായി തടി കൂടാനിടയാക്കും, ഒപ്പം രോഗങ്ങളെയും സമ്മാനിക്കും. അതുകൊണ്ട് കൊഴുപ്പിന്റെ തിരഞ്ഞെടുപ്പിൽ ഏറെ ശ്രദ്ധ വേണം. പുകവലി സ്തനകോശങ്ങള്‍ക്ക് ദോഷകരമാണ്, ഒഴിവാക്കണം.
ഏതു ഭക്ഷണം കഴിക്കണം?
ഈസ്ട്രജൻ എന്ന സ്ത്രൈണ ഹോർമോണിന് സ്തനവലുപ്പം വർധിപ്പിക്കുന്നതിൽ പ്രധാന പങ്കുണ്ട്. ആരോഗ്യകരമായ കൊഴുപ്പും സ്തനവളർച്ചയ്ക്ക് നല്ലത്. ഇവ രണ്ടും അടങ്ങിയ ഭക്ഷ്യവസ്തുക്കളെ അറിയാം.
∙ ധാന്യങ്ങൾ– തവിടുള്ള ബാർലി, ഗോതമ്പ്
∙ വിത്തുകൾ – ചെറുചണവിത്ത്, സൂര്യകാന്തിവിത്ത്
∙ ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും – വെളുത്തുള്ളി, പാഴ്സിലി ഇല, ഉലുവ, പെരുംജീരകം.
∙ പഴങ്ങൾ– ആപ്പിൾ, ചെറി, സ്ട്രോബറി, ചിക്കൻ, പച്ചിലക്കറികള്‍, വെള്ളക്കടല, പയറുകൾ എന്നിവയിലും ഉയർന്ന അളവ് ഈസ്ട്രജനുണ്ട്. പച്ചിലക്കറികളും പച്ചക്കറികളും സ്തനങ്ങൾ വലുതാകുമ്പോള്‍ സ്ട്രെച്ച് മാർക്കുകളുണ്ടാകുന്നത് തടയുന്നു.
ഭക്ഷണങ്ങളിലെ ഈസ്ട്രജൻ
(100 ഗ്രാമിലെ അളവ് മൈക്രോഗ്രാമിൽ)
ഗ്രീൻ ബീൻസ് ............108.5
സ്ട്രോബെറി ................51.6
പീച്ച്..................................64.5
വെളുത്തുള്ളി...............603.6
പിസ്ത...........................382.5
വാൽനട്ട്.........................139.5
കശുവണ്ടി.....................121.9
റെഡ് വൈൻ................53.9
ഗ്രീൻടീ...........................13
ഇംപ്ലാന്റും ശാസ്ത്രക്രിയയും
മാറിടത്തിന്റെ വലുപ്പം വർധിപ്പിക്കാനുള്ള ശാസ്ത്രക്രിയയാണ് ബ്രെസ്റ്റ് ഓഗ്‌മെന്റേഷൻ സർജറി. ശാസ്ത്രക്രിയയിലൂടെ സിലിക്കണ്‍ മെറ്റീരിയലുകൾ നെഞ്ചിലെ പേശികളിൽ ഇംപ്ലാന്റ് ചെയ്യുകയാണ് സാധാരണ ചെയ്യുന്നത്. ഉപയോഗിക്കുന്ന സിലിക്കണിന്റെ ഗുണമേന്മ അനുസരിച്ച് ചെലവു വ്യത്യാസപ്പെടും. എങ്കിലും ഏറ്റവും കുറഞ്ഞത് 45,000 രൂപവരെ ചെലവു വരും. എന്നാൽ സിലിക്കണ്‍ ഇംപ്ലാന്റ് ചെയ്ത ചുരുക്കം ചിലരിൽ ലിംഫോമ പോലുള്ള രോഗങ്ങള്‍ വന്നത് ആളുകളിൽ ഭയപ്പാട് സൃഷ്ടിച്ചിട്ടുണ്ട്. അതുകൊണ്ട് പലരും ഇംപ്ലാന്റല്ലാതുള്ള മാർഗങ്ങൾ തേടാറുണ്ട്.
ഇത്തരക്കാർക്ക് ഫാറ്റ് ട്രാൻസ്ഫർ എന്ന രീതിയിൽ സ്തനവലുപ്പം കൂട്ടാം. അവനവന്റെ തന്നെ തുട, പിൻഭാഗം പോലെ അധികം കൊഴുപ്പുള്ള ശരീരഭാഗങ്ങളിൽ നിന്നും കൊഴുപ്പ് കുത്തിയെടുത്ത് സ്തനഭാഗങ്ങളിലേക്ക് ഇൻജക്റ്റ് ചെയ്യുന്ന രീതിയാണിത്. ഒറ്റത്തവണ കൊണ്ട് വിചാരിക്കുന്നത്ര വലുപ്പം കിട്ടാറില്ലാത്തതിനാൽ പലപ്രാവശ്യം ആവർത്തിക്കേണ്ടിവരുമെന്ന ദോഷം മാത്രമേ ഇതിനുള്ളു. 40,000 രൂപയോളമാണ് ചെലവ്. ഈ രീതിയിൽ പാടുകളും അടയാളങ്ങളും ഉണ്ടാകാറില്ല.
ഇടിഞ്ഞുതൂങ്ങിയ മാറിടങ്ങളുടെ തൂങ്ങൽ മാറ്റി ഉയർന്നു നിൽക്കാൻ സഹായിക്കുന്ന ശാസ്ത്രക്രിയയാണ് മാസ്റ്റോപെക്സി അഥവാ ബ്രെസ്റ്റ് അപ്‌ലിഫ്റ്റിങ് ശസ്‌ത്രക്രിയ. ഇതുവഴി അധികമുള്ള ചർമഭാഗങ്ങളും മാറിടകലകളും നീക്കി സ്തനങ്ങൾക്ക് പുതിയ ആകൃതി നൽകുന്നു. മുലക്കണ്ണിനു ചുറ്റുമുള്ള ഭാഗം വലുതായവരിൽ അതു കുറയ്ക്കാനും ഈ രീതിയിൽ കഴിയും.
വിവരങ്ങൾക്കു കടപ്പാട്
ഡോ. അനിൽജിത് വി, ജി, എലൈറ്റ് മിഷൻ ഹോസ്പിറ്റൽ, തൃശൂർ
ഡോ. അനിതാമോഹൻ, തിരുവനന്തപുരം
സുമേഷ്കുമാർ, റിലീഫ് ഫിസിയോതെറപ്പി സെന്റർ, തൊടുപുഴ