ADVERTISEMENT

ചോദ്യം : എന്റെ അമ്മയ്ക്ക് 65 വയസ്സാണ്. രക്തസമ്മര്‍ദത്തിന് മരുന്നു കഴിക്കുന്നുണ്ട്. ഞങ്ങള്‍ ജോലിക്കു പോയിക്കഴിഞ്ഞാല്‍ അച്ഛനും അമ്മയും തനിച്ചാണു വീട്ടില്‍. എന്റെ ഭര്‍ത്താവിന്റെ മാതാപിതാക്കളാണ്. വീട്ടിലെ എല്ലാ പണികളും കഴിഞ്ഞാണ് ജോലിക്കു പോകുന്നത്. എന്നാലും അമ്മയ്ക്ക് എന്തെങ്കിലും കുറ്റം ചൂണ്ടിക്കാണിക്കാന്‍ ഉണ്ടാകും. എന്റെ കുറവുകള്‍ തന്നെയാണ് മിക്ക ദിവസവും പറയുന്നത്. ഒരു ദിവസം പോലും ചിരിച്ചുകൊണ്ട് എന്നെ സ്വീകരിക്കാറില്ല. അച്ഛന്‍ ഇതില്‍ ഇടപെടാറില്ല. വീട്ടില്‍ അമ്മയുടെ ഇഷ്ടത്തിന് എല്ലാ കാര്യങ്ങളും ചെയ്തിട്ടും എന്താണ് എന്നോട് ഇങ്ങനെ പെരുമാറുന്നത്? ഇതുമൂലം അമ്മയോട് വലിയ അകലം തോന്നുന്നുണ്ട്. ഒരു ദിവസം അവധി കിട്ടിയാല്‍ എന്റെ വീട്ടിലേക്കു പോകാനാണ് എനിക്കു തോന്നുന്നത്.

ഉത്തരം : അമ്മായിയമ്മ-മരുകള്‍ എന്നതിന് പകരം എന്റെ അമ്മ, എന്റെ മകള്‍ എന്ന് കണ്ടു തുടങ്ങിയാല്‍ കുറെ പ്രശ്നങ്ങള്‍ അവിടെ തീരും. മാനസികമായി ഉള്‍ക്കൊള്ളാനും പൊരുത്തപ്പെടാനും രണ്ടു വ്യക്തികള്‍ക്കും സാധിക്കാത്തതിന്റെ പ്രശ്നങ്ങളേ ഉള്ളൂ. പരസ്പരം തുറന്നു സംസാരിക്കാന്‍ കഴിയണം. ചില സാഹചര്യങ്ങളില്‍ രണ്ടുപേര്‍ക്കും മാനസിക സമ്മര്‍ദം ഉണ്ടാകാം. എന്നാല്‍ ഇത് സംസാരിച്ചു തീര്‍ക്കണം. ഒരു വീട്ടില്‍ പരസ്പരം മിണ്ടാതെ ജീവിക്കുക എന്നത് വളരെ ദുഷ്‌കരമാണ്. അത് കുട്ടികള്‍ ഉള്‍പ്പെടെ വീടിന്റെ മുഴുവന്‍ അന്തരീക്ഷത്തെയും ബാധിക്കും. താങ്കള്‍ ആദ്യം അമ്മയോടു സംസാരിച്ചു തുടങ്ങുക. അമ്മ സാവകാശം അയഞ്ഞു വരും എന്നാണു പ്രതീക്ഷിക്കുന്നത്.

സന്ദര്‍ഭങ്ങള്‍ അനുയോജ്യമായി കൈകാര്യം ചെയ്ത് മുന്നോട്ടു കൊണ്ടു പോകുക. എപ്പോഴും താങ്കള്‍ ആഗ്രഹിക്കുന്നതു പോലെ മറ്റേയാള്‍ പെരുമാറണമെന്നില്ല. പക്ഷേ, അതോര്‍ത്ത് വിഷമിച്ചാല്‍ അകല്‍ച്ച കൂടുകയേ ഉള്ളൂ. മാനസികാരോഗ്യത്തെയും ഇത് ബാധിക്കും. കഴിയുന്നതും സമാധാനത്തോടെ കാര്യങ്ങള്‍ മുന്നോട്ടു പോകാനുള്ള ശ്രമം താങ്കളുടെ ഭാഗത്തു നിന്നു തന്നെ തുടങ്ങട്ടെ.

എപ്പോഴും അമ്മയില്‍ നിന്ന് ഒരേ പോലുള്ള പെരുമാറ്റം പ്രതീക്ഷിക്കരുത്. ജോലി കഴിഞ്ഞ് വീട്ടില്‍ വരുമ്പോള്‍ താങ്കള്‍ ചിരിയോടെ ‘എന്തുണ്ട് അമ്മേ?’ എന്നു ചോദിച്ചാല്‍ അതു തന്നെ കാര്യങ്ങളില്‍ വ്യത്യാസം വരുത്തിയേക്കാം. ഇവിടെ ഒരു വ്യക്തി മാത്രം വിട്ടുവീഴ്ച ചെയ്താല്‍ കാര്യങ്ങള്‍ ശരിയാകുമെങ്കില്‍ ആ വ്യക്തി താങ്കളാകുക.
(ലേഖിക കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിലെ ജീറിയാട്രിക്സ് വകുപ്പ് പ്രഫസറാണ്)

English Summary:

Bridging the Gap: Communication Strategies for Daughters-in-Law and Mothers-in-Law

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com