അപമാനം, ഉപദ്രവം, ഭീഷണി: റാഗിങ്ങ് ചെയ്യുന്നവരുടെയും ഇരയാകുന്നവരുടെയും മനഃശാസ്ത്രം അറിയാം
bullying അല്ലെങ്കിൽ റാഗിങ്ങ് എന്നു പറയുന്നത് നിയമപരമായി നോക്കുമ്പോൾ അത് ചെയ്യാൻ പാടില്ലാത്തതാണ്. എങ്കിൽ പോലും പല സ്കൂളുകളിലും കോളേജുകളിലും ഇത് കൂടുതലായിട്ട് കാണുന്നുണ്ട്. അത് പല കുട്ടികളുടെയും ആത്മഹത്യയിലേക്ക് വരെ നയിക്കുന്ന അവസ്ഥയും ഉണ്ടാകുന്നുണ്ട്. ബുള്ളിയിങ്ങിൽ എന്താണ് സംഭവിക്കുന്നതെന്നു
bullying അല്ലെങ്കിൽ റാഗിങ്ങ് എന്നു പറയുന്നത് നിയമപരമായി നോക്കുമ്പോൾ അത് ചെയ്യാൻ പാടില്ലാത്തതാണ്. എങ്കിൽ പോലും പല സ്കൂളുകളിലും കോളേജുകളിലും ഇത് കൂടുതലായിട്ട് കാണുന്നുണ്ട്. അത് പല കുട്ടികളുടെയും ആത്മഹത്യയിലേക്ക് വരെ നയിക്കുന്ന അവസ്ഥയും ഉണ്ടാകുന്നുണ്ട്. ബുള്ളിയിങ്ങിൽ എന്താണ് സംഭവിക്കുന്നതെന്നു
bullying അല്ലെങ്കിൽ റാഗിങ്ങ് എന്നു പറയുന്നത് നിയമപരമായി നോക്കുമ്പോൾ അത് ചെയ്യാൻ പാടില്ലാത്തതാണ്. എങ്കിൽ പോലും പല സ്കൂളുകളിലും കോളേജുകളിലും ഇത് കൂടുതലായിട്ട് കാണുന്നുണ്ട്. അത് പല കുട്ടികളുടെയും ആത്മഹത്യയിലേക്ക് വരെ നയിക്കുന്ന അവസ്ഥയും ഉണ്ടാകുന്നുണ്ട്. ബുള്ളിയിങ്ങിൽ എന്താണ് സംഭവിക്കുന്നതെന്നു
ബുള്ളിയിങ് അഥവാ റാഗിങ് നമ്മൾ ആദ്യമായല്ല കാണുന്നതും കേൾക്കുന്നതും. കാലാകാലങ്ങളായി ഒരു വിഭാഗം കുട്ടികളും മുതിർന്നവരും ഈ ക്രൂര വിനോദത്തിന് ഇരയാകാറുണ്ട്. പലപ്പോഴും പലർക്കും ജീവൻ വെടിയേണ്ടതായും വന്നിട്ടുണ്ട്. നിയമപരമായി റാഗിങ് അനുവദനീയമല്ല. അതുകൊണ്ടുതന്നെ പ്രത്യക്ഷത്തിൽ ഒരു സ്ഥാപനങ്ങളിലും റാഗിങ് ഇല്ലെങ്കിലും പല സ്കൂളുകളിലും കോളജുകളിലും ഒരു ആചാരം പോലെ ഇപ്പോഴും നിലനിന്നുവരുന്നുണ്ട്. അതിന്റെ ബാക്കിപത്രമാണ് പലപ്പോഴായി പത്രത്തിലും ടിവിയിലും നിറയുന്ന മരണവാർത്തകൾ. ഗത്യന്തരമില്ലാതെ, നാണക്കേട് കാരണം പല കുട്ടികളും ആത്മഹത്യയിലേക്ക് തള്ളിവിടപ്പെടുന്നു. അത് ഒന്നിനുമൊരു പരിഹാരം അല്ലെങ്കിൽകൂടി അതേ വഴിയുള്ള എന്ന നിഗമനത്തിലേക്ക് പലരും എത്തിപ്പെടുന്നു. ബുള്ളിയിങ്ങിനു പുറകിലെ മനഃശാത്രം പരിശോധിക്കേണ്ടത് വളരെ പ്രധാനമാണ്.
സ്കൂളിലോ കോളജിലോ ജോലിസ്ഥലത്തോ മേൽപറഞ്ഞ റാഗിങ് നടന്നുവരാറുണ്ട്. പലപ്പോഴും തന്നെക്കാൾ കഴിവു കുറഞ്ഞവനെന്നു തോന്നുകയോ, ആളൊരു പാവം ആണെന്ന കാരണത്താലോ ഒരാൾ മറ്റൊരാളെ വാക്കുകൊണ്ടോ ശാരീരികമായോ ഉപദ്രവിച്ചു കാണാറുണ്ട്. കൂട്ടത്തിലെ പാവത്താനെ തിരഞ്ഞെടുത്ത് അവരോട് മോശമായി സംസാരിക്കുക, ശരീരത്തിന് മുറിവേൽപിക്കുന്ന രീതിയിലുള്ള ഉപദ്രവം ചെയ്യുകയോ, മോശം കാര്യങ്ങൾ പറഞ്ഞുപരത്തുകയോ ചെയ്യുകയാണ് ഇവരുടെ വിനോദം. സ്ഥാപനത്തില്‍ മാത്രമല്ല സോഷ്യൽ മീഡിയയിലൂടെ സമൂഹത്തിൽ ആകെമൊത്തം അപമാനിക്കുന്ന രീതിയാണ് പലരും അവലംബിക്കുന്നത്. സ്കൂളിലെയും കോളജിലെയും സാഹചര്യം നോക്കിയാൽ, കൗമാരക്കാരാണ് കൂടുതലും. 20 വയസ്സിനു താഴെയുള്ള കുട്ടികള്‍. ഈ പ്രായത്തിലുള്ളവർ തന്നെയാണ് കൂടുതലായും ബുള്ളിയിങ്ങ് അല്ലെങ്കിൽ റാഗിങ്ങ് ചെയ്യുന്നതും അതിന് ഇരയാക്കപ്പെടുന്നതും. ഒരാളെ മാനസികമായും ശാരീരികമായും വേദനിപ്പിക്കുന്ന തരത്തിലുള്ള ക്രൂരസ്വഭാവം ചെറിയ പ്രായത്തിൽ തന്നെ സാധാരണമായി മാറിക്കൊണ്ടിരിക്കുന്ന ഭീകര അന്തരീക്ഷമാണ് മുന്നിലുള്ളത്. ആ മനോഭാവത്തിലുള്ള ആളുകൾ എല്ലാക്കാലത്തും ഉണ്ടായിരുന്നു എന്നതാണ് സത്യം.
നിയമത്തെപ്പറ്റി ബോധമുള്ള കുട്ടികൾ പോലും ഇത്തരത്തിലുള്ള അതിക്രമങ്ങളില്‍ ഏർപ്പെടുന്നുണ്ടെങ്കിൽ അവർക്കുള്ളിലെ ക്രൂരത അത്രത്തോളം ആഴത്തിലായിരിക്കണം. വ്യക്തിയുടെ സ്വഭാവത്തിന്റെ ഭാഗമായിത്തന്നെ അതു മാറിയേക്കാം. ഒരുപക്ഷേ നിരന്തരമായി ഇടപെടുന്ന ആളുകളിലോ കുടുംബത്തിലോ ഇത്തരം ക്രൂരതകൾ കണ്ടുവളരുന്ന കുട്ടി മുതിർന്നു കഴിഞ്ഞാലും അത്തരം പ്രവർത്തികളിലെ തെറ്റ് മനസ്സിലാക്കാനുള്ള സാധ്യത വളരെക്കുറവാണ്. അവരെ സംബന്ധിച്ച് ചെറുപ്പം മുതൽ കാണുന്ന വളരെ സ്വാഭാവികമായ ഒരു കാര്യം മാത്രമാണ് ഇത്തരത്തിലുള്ള ക്രൂരതകള്‍. ഇവർ സ്വഭാവത്തില്‍ കാര്യമായ പ്രശ്നങ്ങള്‍ ഉള്ള, പറഞ്ഞാൽ അനുസരിക്കാത്ത, മോഷ്ടിക്കുന്ന, അല്ലെങ്കിൽ സ്വന്തം ഇഷ്ടത്തിനു വേണ്ടി ആരെയും പരിഗണിക്കാത്ത വ്യക്തി ആയിരിക്കും. ഇത് അവരുടെ മാതാപിതാക്കൾ കാണാതെ പോവുകയോ, പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ടുണ്ടാവാം. സാരമില്ല, കുട്ടി വലുതാകുമ്പോൾ ശരിയായിക്കോളും എന്ന ഒഴുക്കൻ മട്ടിലുള്ള പ്രതികരണം കുട്ടികളിലെ ക്രൂര മനഃസ്ഥിതിയെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുക. ഇത് ഭാവിയിൽ ഒരു മോശം മനുഷ്യനെയാണ് വാർത്തെടുക്കുക.
മുന്നിലുള്ള വ്യക്തിയെയോ കുട്ടിയേയോ റാഗ് ചെയ്യുമ്പോൾ സുഹൃത്തുക്കളുടെ മുന്നിൽ താൻ ശക്തനായി മാറുകയാണെന്നും, ആരെയും നിയന്ത്രിക്കാന്‍ തനിക്കു സാധിക്കുമെന്നുമാണ് ഇവർ സ്വയം വിശ്വസിക്കുക. അതേസമയം സ്വന്തം വികാരങ്ങളെ നിയന്ത്രിക്കാനുള്ള കഴുവു പോലും ഇവരിൽ ഉണ്ടാകില്ല. പ്രശ്നങ്ങൾ വന്നാൽ മുന്നുംപിന്നും നോക്കാതെ എടുത്തുചാടി പ്രവർത്തിക്കുകയും, ക്രൂരമായി പ്രതികരിക്കുകയും ചെയ്യും. ഇവരെ കളിയാക്കാനോ എതിർക്കാനോ ശ്രമിച്ചാൽ പൊട്ടിത്തെറിക്കുകയും അക്രമണമനോഭാവത്തോടെ പ്രതികരിക്കുകയും ചെയ്യും. ഈ പെരുമാറ്റം ഒട്ടും സ്വാഭാവികമല്ല. ഇത്തരത്തിലെ സ്വഭാവമുള്ള കുട്ടികളെ മാതാപിതാക്കളും അധ്യാപകരും തിരിച്ചറിയണം. പ്രൊഫഷണൽ കൗൺസിലിങ് കിട്ടിയാൽ മാത്രമേ ഇത്തരം സ്വഭാവ സവിശേഷതകളുള്ള കുട്ടികളെ നല്ലവരായി വളർത്താൻ സാധിക്കൂ. ഇതുവഴി ഒരുപാട് കുട്ടികളെയാണ് ബുള്ളിയിങ്ങിൽനിന്ന് രക്ഷിക്കാന്‍ സാധിക്കുക.
ഇനി ബുള്ളി ചെയ്യപ്പെട്ട, റാഗിങ്ങിന് ഇരയായ കുട്ടിയുടേയോ വ്യക്തിയുടേയോ അവസ്ഥ അറിയേണ്ടതും പ്രധാനമാണ്. ബുള്ളിയിങ്ങിന് ഇരയായി കഴിഞ്ഞാൽ കുട്ടിയുടെ ആത്മവിശ്വാസം നഷ്ടപ്പെടും. ഡിപ്രഷനിലേക്കോ ഉത്കണ്ഠയിലേക്കോ പോകാനുള്ള സാധ്യത അധികമാണ്. പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ്സ് ഡിസോർഡർ എന്ന അവസ്ഥ ഉണ്ടാകാം. മോശം അനുഭവം ഉണ്ടായ ശേഷം വല്ലാത്ത ടെൻഷനിലാകുക, നടന്ന കാര്യങ്ങളെല്ലാം വീണ്ടും ഒരു സിനിമ കാണുന്നതു പോലെ ഭയപ്പെടുത്തുന്ന രീതിയിൽ മനസ്സിലേക്ക് വരിക, സമാധാനം നഷ്ടപ്പെടുക, വീടിനു പുറത്തേക്കു പോലും ഇറങ്ങാൻ കഴിയാെത പേടിച്ചു പോകാനുള്ള സാധ്യത എന്നിവയും ഇരയായവർക്ക് അനുഭവപ്പെടാം. കുട്ടി പഠനത്തിലും മറ്റു കാര്യങ്ങളിലും പിന്നോട്ടു പോകാനുള്ള സാഹചര്യം ഉണ്ടാവുകയും ആവാം. ഭയം കാരണം സ്കൂളിൽ പോകാതിരിക്കും, സുഹൃത്തുക്കളുമായിട്ടുള്ള ബന്ധം അവസാനിപ്പിക്കും, എപ്പോഴും എന്തെങ്കിലും രോഗം ഉള്ളതായി തോന്നുക, തലവേദന, വയറിന് അസുഖം അല്ലെങ്കിൽ ഉറക്കം നഷ്ടപ്പെടുക എന്നുള്ള ലക്ഷണങ്ങൾ കാണാം. ശാരീരികമായി കുട്ടി മോശം അവസ്ഥയിലേക്ക് പോകുന്നതായും മനസ്സിലാക്കാം. ഇത്തരം ബുദ്ധമുട്ടുകളിലൂടെ കടന്നുപോകുന്ന ഒരു കുട്ടിയെ എങ്ങനെയാണ് പിന്തുണയ്ക്കേണ്ടത് എന്ന കാര്യത്തിൽ പലർക്കും കൃത്യമായ ധാരണയില്ലാത്തതും പ്രശ്നമാണ്.
മാതാപിതാക്കൾ കുട്ടിയുടെ സ്വഭാവത്തിനു പുറമേ മറ്റുചില കാര്യങ്ങളും ശ്രദ്ധിക്കേണ്ടതായുണ്ട്. എല്ലാ സ്കൂളിലും കൗൺസിലർമാർ ഉണ്ടാകേണ്ടത് നിർബന്ധമാണ്, അത് ആദ്യം ഉറപ്പാക്കണം. അവരിലേക്ക് കുട്ടികളുടെ പ്രശ്നങ്ങൾ എത്തുന്നുണ്ട് എന്നും ഉറപ്പാക്കണം. അധ്യാപകരോ മാതാപിതാക്കളോ കുട്ടിയുടെ സ്വഭാവത്തിലെ മാറ്റങ്ങൾ തിരിച്ചറിഞ്ഞാൽ എത്രയും പെട്ടെന്ന് സ്കൂളിലെയോ പുറത്തോ ഉള്ള കൗൺസിലറിനെ സമീപിക്കണം.
ആത്മവിശ്വാസം നശിച്ച്, എന്നെ എല്ലാവരും കളിയാക്കുന്നു, മോശക്കാരനാക്കുന്നു, ജീവിച്ചിരിക്കുന്നതിൽ കാര്യമില്ല, ഞാൻ വെറും വിലയില്ലാത്ത ആളാണെന്നുള്ള ചിന്തയിൽ ആയിരിക്കും കുട്ടി. റാഗിങ്ങിന് ഇരയായ കുട്ടി തന്റെ അനുഭവം പങ്കുവയ്ക്കാൻ തയാറായാൽ, മുതിർന്നവർ അതിനെ നിസാരമായോ തമാശയായോ കാണരുത്. ഓ, ഇതൊക്കെ എല്ലായിടത്തും ഉള്ളതല്ലേ, ഇതിലൊക്കെ എന്തിരിക്കുന്നു, എല്ലാ സ്കൂളുകളിലും കോളജുകളിലും ഇങ്ങനെ തന്നെയാണ് എന്നൊക്കെ പറയുന്നതിനു പകരം പ്രശ്നത്തെ ഗൗരവമായത്തന്നെ കാണണം. നിയമപരമായ കാര്യങ്ങൾ ചെയ്യാനും മുൻകൈ എടുക്കണം. പ്രശ്നത്തെ അഭിമുഖീകരിക്കാതെ വെറുതെ വിട്ടു കഴിഞ്ഞാൽ, തന്നെ രക്ഷിക്കാൻ ആരുമില്ലെന്നും ഈ ദുരവസ്ഥയിൽ നിന്നു കരകയറാൻ തനിക്കൊരിക്കലും കഴിയില്ലെന്നും കുട്ടി കരുതാം. ഇത് വിഷാദത്തിലേക്കോ ആത്മഹത്യ പ്രവണതയിലേക്കോ നയിക്കാം.
പ്രശ്നങ്ങൾ നിസാരവൽക്കരിക്കുമ്പോഴും, ഞങ്ങളും പണ്ട് റാഗിങ് ഒക്കെ നേരിട്ടിട്ടുണ്ട്, അതൊക്കെ ജീവിതത്തിന്റെ ഒരു ഭാഗമാണ് എന്നൊക്കെ പറയുമ്പോഴും ക്രൂരമായ റാഗിങ് അനുഭവിക്കുന്ന ഒരു കുട്ടി നമ്മളെ കേൾക്കുന്നുണ്ടെന്ന ബോധം വേണം. അവരുടെ മാനസികാവസ്ഥ കൂടി പരിഗണിക്കേണ്ടതായിട്ടുണ്ട്. പ്രശ്നങ്ങളെ കൈകാര്യം ചെയ്യാനുള്ള കഴിവ് എല്ലാവർക്കും ഒരുപോലെയല്ല. എല്ലാവരുടെയും ആത്മവിശ്വാസവും ഒരുപോലെയല്ല. ഓരോ കുട്ടികളും വ്യത്യസ്തരാണ് എന്നു മനസ്സിലാക്കി പെരുമാറുകയാണ് വേണത്. മറ്റുള്ളവർക്കൊന്നും കുഴപ്പമില്ലല്ലോ, പിന്നെ നിനക്കെന്താ എന്ന കുറ്റപ്പെടുത്തലുകൾ പാടെ ഒഴിവാക്കണം. ക്ലാസുകൾ ആരംഭിക്കുന്നതിനു മുൻപായി കുട്ടികൾക്ക് ഇതിനെക്കുറിച്ചുള്ള ഒരു അവബോധം കൊടുക്കാനും ശ്രദ്ധിക്കണം.
ആരെയും റാഗ് ചെയ്യരുത് എന്നുള്ളത് നിയമം മാത്രമായി കുട്ടികൾ കാണാനിടവരരുത്. എപ്പോഴും നിയമങ്ങൾ ലംഘിക്കാനുള്ള പ്രവണതയാണ് കുട്ടികൾക്കുണ്ടാവുക. എന്തുകൊണ്ടാണ് അങ്ങനെ ചെയ്യരുതെന്ന് പറയുന്നത്, എന്ന് കുട്ടികൾ മനസ്സിലാക്കണം. വാക്കുകളും പ്രവൃത്തികളും എത്ര ആഴത്തിലാണ് മുറിവേൽപ്പിക്കുന്നതെന്നും, ആ അവസ്ഥ തനിക്കു സംഭവിച്ചാലുള്ള ബുദ്ധമുട്ടുകളും കുട്ടികൾ ചിന്തിക്കാൻ പഠിക്കണം. അപമാനിതരാകുമ്പോഴുള്ള വേദനയും, ആത്മവിശ്വസം ഇല്ലായ്മയും ഒരാളെ എത്രത്തോളം തകർക്കാമെന്നും മരണത്തിലേക്കുവരെ തള്ളിവിടാമെന്നുമുള്ള കാര്യം മനസ്സിലാക്കണം. അതുപോലെ തന്നെ ബുള്ളിയിങ്ങിന് ഇരയായാല്‍ എന്തു ചെയ്യണമെന്നും ആരോടും ഷെയര്‍ ചെയ്യാതെ നമ്മളിത് മനസ്സിൽ തന്നെ വച്ചിരുന്നാൽ കൂടുതൽ വിഷമിക്കാനുള്ള സാഹചര്യം ഉണ്ടാകുമെന്നും കുട്ടികൾക്ക് മനസ്സിലാക്കികൊടുക്കേണ്ടത് അധ്യാപകരും മാതാപിതാക്കളുമാണ്. ഇനിയും ജീവനുകൾ നഷ്ടമാകാതിരിക്കട്ടെ.
(വിവരങ്ങൾക്ക് കടപ്പാട്: പ്രിയ വർഗീസ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്)