പത്രങ്ങളിലെ ക്ലാസ്സിഫൈഡ് കോളങ്ങളിലും പൊതു ഇടങ്ങളിലെ പോസ്റ്ററുകളിലും സ്ഥിരം കാണുന്ന പരസ്യങ്ങളില്‍ പ്രമുഖമായ ഒന്നുണ്ട്. പുരുഷന്‍റെ ലൈംഗിക പ്രശ്നങ്ങള്‍ക്ക് ഉള്ള പരിഹാര നിവര്‍ത്തി, ഇതിനു ഫോണ്‍ വഴിയും തപാല്‍ വഴിയുമൊക്കെ ചികിത്സ വാഗ്ദാനം ചെയ്യുന്നു ചിലര്‍ !!
ശരിയായ ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവം മൂലം ഉണ്ടാവുന്ന അറിവില്ലായ്മയും തെറ്റിദ്ധാരണകളും മുതലെടുത്ത് കപട ചികിത്സ കച്ചവടമാക്കുന്ന ചിലരാണ് ഇതിനു പിന്നില്‍. ഇല്ലാത്ത സ്ഖലന, ലിംഗ വളര്‍ച്ച, തളര്‍ച്ച “പ്രശ്നങ്ങളുടെ” പേരില്‍ സാധാരണ പുരുഷന്മാരുടെ അരക്ഷിതാവസ്ഥയും അനാവശ്യ അപകര്‍ഷതാബോധവും വിറ്റ് കാശാക്കുകയാണ് വ്യാജ ചികിത്സകര്‍.
സ്വയം ഭോഗം പോലുള്ള സ്വാഭാവിക ജൈവീക പ്രക്രിയകള്‍ തെറ്റാണെന്ന ബോധ്യം ഉണ്ടാക്കി വയ്ക്കുന്നതു മൂലമുള്ള മാനസിക ശാരീരിക പ്രശ്നങ്ങള്‍ വേറെയും അനുഭവിക്കേണ്ടി വരുന്നുണ്ട് ആണ്‍കുട്ടികള്‍. നമ്മുടെ സമൂഹം ഇന്നും തുറന്നു ചര്‍ച്ച ചെയ്യാന്‍ മടിക്കുന്ന പലതും പല ലേഖനങ്ങളിലായി പ്രതിപാദിക്കാന്‍ ശ്രമിക്കുകയാണ് ഇന്‍ഫോ ക്ലിനിക്ക്.
സ്ത്രീ പുരുഷ ശരീരങ്ങളുടെ ഘടനയെക്കുറിച്ചും സ്വാഭാവിക ജൈവീക പ്രക്രിയകളെക്കുറിച്ചും ശാസ്ത്രീയമായ അവബോധം നാമേവര്‍ക്കും ഉണ്ടാവേണ്ടതാണ്.
സ്ഖലന പ്രശ്നങ്ങള്‍ വളരെയധികം തെറ്റിദ്ധരിക്കപ്പെടുന്ന/ധരിപ്പിക്കപ്പെടുന്ന ഒന്നാണ് അതിനെക്കുറിച്ച് പ്രതിപാദിക്കാം.
സ്ഖലനവുമായി ബന്ധപ്പെട്ട പുരുഷ ജനനേന്ദ്രിയ വ്യവസ്ഥ എങ്ങനെയാണ് ?
കൗമാരമെത്തുമ്പോൾ തലച്ചോറിലെ പിയൂഷഗ്രന്ഥിയിൽ (pituitary gland) നിന്നുള്ള ഹോർമോണുകളുടെ സ്വാധീന പ്രകാരം ടെസ്റ്റിസ് (വൃഷണം) നുള്ളിലെ ഒരു മീറ്ററിലധികം നീളമുള്ള "സെമിനൈഫ്രസ് ടുബ്യൂളുകൾക്ക്" (seminiferous tubules) അകത്താണു ബീജം (sperm) പാകപെട്ടു തുടങ്ങുന്നത്. ഓരോ വൃക്ഷണത്തിലും 900 ത്തിനടുത്ത് സെമിനിഫറസ് കുഴലുകളുണ്ട്. ഇവിടെ വച്ച് പുരുഷബീജത്തിന്റെ കോശ വിഭജനം നടക്കുന്നു. സ്പെർമാറ്റോഗോണിയ എന്ന ഏറ്റവും ശൈശവാവസ്ഥയിലുള്ള രൂപം പ്രൈമറി സ്പെർമ്മാറ്റോസൈറ്റ്, സെക്കൻഡറി സ്പെർമ്മാറ്റോസൈറ്റ് എന്നീ ഘട്ടങ്ങളിലൂടെ കടന്ന് ഏകദേശം 75 ദിവസങ്ങള്‍ കൊണ്ട് പാകമെത്തിയ ബീജമായി മാറുന്നു.
സെമിനൽ വെസിക്കിൾ ഉത്പാദിപ്പിക്കുന്ന പ്രൊസ്റ്റാഗ്ലാൻഡിൻ, ഫൈബ്രിനോജൻ, ഫ്രക്ടോസ്, പ്രൊസ്റ്റേറ്റ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന കാൽസ്യം, സിറ്റ്രേറ്റ്, ഫോസ്ഫേറ്റ് എന്നിവയെല്ലാം ശുക്ലത്തിലടങ്ങിയിട്ടുണ്ട്. യോനിയ്ക്കകത്തുള്ള അമ്ല അന്തരീക്ഷത്തില്‍ ബീജത്തിന് അതിന്റെ പ്രവര്‍ത്തനോദ്ദേശം നടക്കില്ല എന്നതിനാല്‍ മേൽപ്പറഞ്ഞ ഘടകങ്ങൾ ബീജത്തെ അത് തരണം ചെയ്യാന്‍ സഹായിക്കുന്നു. രണ്ടു വൃഷ്ണങ്ങളും ചേർന്ന് 120 മില്ല്യണിനടുത്ത് ബീജങ്ങളാണു ഓരോ ദിവസവും ഉത്പാദിപ്പിക്കുന്നത്.
വാസ് ഡിഫറൻസ് എന്ന ചെറു കുഴലുകളില്‍ ബീജം നശിക്കാതെ ഒരു മാസം വരെ സംഭരിച്ച് വയ്ക്കാന്‍ കഴിയും. എന്നാൽ സ്ഖലനത്തിനു ശേഷം യോനിയിലെത്തുന്ന ബീജത്തിന് അത്ര ആയുസ്സു കാണില്ല. ഒന്നോ രണ്ടോ ദിവസത്തിനകം അണ്ഡവുമായി കൂടിചേർന്നില്ലെങ്കിൽ അവ ജീവനില്ലാതെയാകും.
ഓരോ ബീജത്തിനും ഒരു തലയും ഒരു വാലും (ഫ്ലജല്ല) ഉണ്ട്. വാലാട്ടിക്കൊണ്ടു മുന്നോട്ട്ു നീങ്ങുവാൻ ബീജത്തെ സഹായിക്കുന്ന പ്രൊപ്പല്ലറാണു ഫ്ലജല്ല. അതിനുള്ള ഊർജ്ജമായ എ.ടി.പി ഉദ്പാദിപ്പിക്കുന്നതാകട്ടെ ബീജത്തിന്‍റെ തല ഭാഗത്തും.
അണ്ഢവുമായി ശുക്ലത്തിലെ ഒരു ബീജം സംയോജിക്കുകയും സിക്താണ്ഡം (Zygote) രൂപമെടുക്കുകയും, തുടര്‍ കോശവിഭജനങ്ങളിലൂടെ ഭ്രൂണവും ഗർഭസ്ഥ ശിശുവുമായി മാറുകയും ചെയ്യുന്നതാണ് ഗര്‍ഭധാരണ പ്രക്രിയയില്‍ നടക്കുന്നത്.
എങ്ങനെയാണു ലിംഗോദ്ധാരണം സംഭവിക്കുന്നത്?
ലൈംഗിക ഉത്തേജനത്തിന്റെ ഭാഗമായി പാരാസിമ്പതറ്റിക് നാഡികൾ ഉത്പാദിപ്പിക്കുന്ന നൈട്രിക് ഓക്സൈഡ്, ലിംഗത്തിലെ രക്തക്കുഴലുകളിലെ മൃദുല പേശികളില്‍ പ്രവർത്തിക്കുന്നതിന്റെ ഫലമായി അവ വികസിക്കുന്നു.
വികസിച്ചിരിക്കുന്ന രക്തക്കുഴലിലേക്ക് ഇരമ്പിയെത്തുന്ന രക്തമാണു ലിംഗോദ്ധാരണത്തിനു പിന്നിലെ രഹസ്യം. ഉത്തേജനം അതിന്റെ മുർധന്യാവസ്ഥയിൽ എത്തുമ്പോൾ സിമ്പതറ്റിക് നാഡികൾ പ്രവർത്തിക്കുകയും ശുക്ലം പുറത്തേക്ക് പ്രവഹിപ്പിക്കുന്ന പ്രക്രിയായ സ്ഖലനം സംഭവിക്കുകയും ചെയ്യുന്നു. (സ്ഖലനത്തിന് മുന്‍പായി ലിംഗത്തില്‍ നിന്നും ഒഴുകി വരുന്ന ദ്രാവകത്തിലും ബീജങ്ങള്‍ കണ്ടേക്കാം, സംഭോഗം സമയത്ത് അതും ഗര്‍ഭധാരണത്തിനു കാരണം ആവാം)
എന്താണ് സ്വപ്ന സ്ഖലനം അഥവാ നിദ്രാ സ്ഖലനം?
ഉറക്കത്തില്‍ ലൈംഗിക ഉത്തേജനം വരുന്നതോടൊപ്പം രതി മൂര്‍ച്ഛയില്‍ എന്നോണം ശുക്ല സ്ഖലനം നടക്കുന്നതിനാണ് നിദ്രാ സ്ഖലനം എന്നു പറയുന്നത്. പലപ്പോഴും ലൈംഗികത ഉണര്‍ത്തുന്ന സ്വപ്നങ്ങളുടെ കൂടെ ആവും ഇത് സംഭവിക്കുക. അതു കൊണ്ട് സ്വപ്ന സ്ഖലനം എന്ന പേര്. Night/Nocturnal emission, Wet dream, Sex dream എന്നിങ്ങനെ ഇംഗ്ലീഷില്‍ വിളിക്കാറുണ്ട്.
ശരീരത്തില്‍ നിന്നും തന്റെ നിയന്ത്രണത്തില്‍ അല്ലാതെ സ്രവങ്ങള്‍ വരുന്നത് പുരുഷനിലും സംഭവ്യം ആണെന്നതാണ് വസ്തുത. നിദ്രാ സ്ഖലനം ആരംഭിക്കുന്നതും കൂടുതലായി നടക്കുന്നതും യൗവന കാലത്താണ്. ടെസ്റ്റോസ്റ്റിറോണ്‍ എന്ന പുരുഷ ഹോര്‍മോണ്‍ ഉയര്‍ന്ന തോതില്‍ കാണുന്ന കാലഘട്ടമാണ് യൗവനം. എന്നാല്‍ പുരുഷന്‍ ഏകദേശം ജീവിതകാലം മുഴുവന്‍ പ്രത്യുല്‍പ്പാദന ശേഷി ഉള്ളവനായി തുടരും. അതിനാല്‍ പ്രായം കൂടുമ്പോഴും സംഭവിച്ചുകൂടായ്കയില്ല. ഉറക്കത്തിൽ അറിഞ്ഞോ അറിയാതെയോ ഇത് സംഭവിക്കാം.
സെക്സ് അല്ലെങ്കില്‍ സ്വയംഭോഗം എന്നിവ ആഴ്ചകളോളം ഒഴിവാക്കുന്ന ഒട്ടുമിക്ക പുരുഷന്മാരിലും ഈ പ്രതിഭാസം ഉണ്ടാവാന്‍ സാധ്യത ഏറെയാണ്, അവര്‍ എത്ര മനോനിയന്ത്രണം ബോധപൂര്‍വം പാലിക്കാന്‍ ശ്രമിച്ചാലും ഇത് സംഭവിക്കാം !
രണ്ട് സ്വപ്നസ്ഖലനം തമ്മിലുള്ള ഇടവേളകൾ പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഏതാനും ആഴ്ചകൾ മുതൽ ഏതാനും മാസങ്ങൾ വരെ നീളാനും സാധ്യതയുണ്ട്. സ്വപ്ന സ്ഖലനം ലൈംഗിക ശേഷി നിയന്ത്രിക്കാന്‍ കഴിയാഴികയോ ശേഷിക്കുറവോ അല്ല സൂചിപ്പിക്കുന്നത്, ഇതു കൊണ്ട് ബീജത്തിന്‍റെ എണ്ണം കുറയുക ഇല്ല. നിങ്ങളുടെ ശരീരം എന്തു ചെയ്യാനാണോ നിര്‍മിതമായിരിക്കുന്നത് അത്തരമൊരു ധര്‍മം നിര്‍വഹിക്കുക മാത്രമാണ്. ആരോഗ്യമുള്ള ഒരു പ്രത്യുല്‍പ്പാദന വ്യവസ്ഥ ആണെന്നതിന്റെ ഒരു സൂചകമായി കാണേണ്ടതേയുള്ളൂ ഇതിനെ.
സ്വാഭാവിക ലൈംഗിക ചോദനയില്‍ നിന്നും ഉടലെടുക്കുന്ന ഒന്നു മാത്രമാണ് ഇതെന്നു മനസ്സിലാക്കി ഇതിനെ ഒരു സ്വാഭാവിക ജൈവീക പ്രക്രിയ ആയിട്ട് വേണം കാണാന്‍. യാതൊരു കുറ്റബോധവും ഇതിന്റെ പേരില്‍ പാടില്ല. നിദ്രാ സ്ഖലനം എല്ലാവർക്കും ഉണ്ടാവണം എന്നുമില്ല അതും ഒരു അപാകതയായി കാണേണ്ടതില്ല. 83% പുരുഷന്മാരിലും ഒരു തവണ എങ്കിലും ജീവിത കാലയളവില്‍ സ്വപ്നസ്ഖലനം ഉണ്ടായിട്ടുണ്ട് എന്ന് പഠനം പ്രതിപാദിക്കുന്നു.
ശീഘ്ര സ്ഖലനം
അത്ര അസാധാരണമല്ലാതെ പലരും ഉന്നയിക്കുന്ന ഒരു “ലൈംഗിക പ്രശ്നമാണ്” ഇത്, എന്നാല്‍ ഉന്നയിക്കുന്ന ഭൂരിഭാഗം പേര്‍ക്കും ചികിത്സിക്കേണ്ട തരം ശാരീരിക പ്രശ്നങ്ങള്‍ ഒന്നും കാണുകയില്ല. ലൈംഗിക ബന്ധം നടക്കുമ്പോള്‍ താല്പ്പര്യപ്പെടുന്നതിലും മുന്‍പ് നിയന്ത്രിക്കാനാവാതെ സ്ഖലനം സംഭവിക്കുന്നതിനാണ് ശീഘ്രസ്ഖലനം എന്നു പറയുന്നത്. യോനിയിലേക്ക് ലിംഗം കടക്കുമ്പോഴോ അതിന് തൊട്ടുമുമ്പോ അല്ലെങ്കിൽ തൊട്ടുപിറകെയോ ഒക്കെയാവാം ഇത് സംഭവിക്കുക.
മൂന്നില്‍ ഒന്ന് പുരുഷന്മാര്‍ക്കും ഇങ്ങനെ ഒരു അവസ്ഥ ജീവിതത്തില്‍ ഒരിക്കലെങ്കിലും അനുഭവേദ്യം ആയിട്ടുണ്ടാവാം. പലപ്പോഴും ശീഘ്രസ്ഖലനം പ്രശ്നം ആവുന്നത് പങ്കാളിക്ക് ആവും. രതി മൂര്‍ച്ഛയ്ക്ക് ആവശ്യമായി വരുന്ന സമയം ഓരോ വ്യക്തിയിലും വിഭിന്നമായിരിക്കും അതിനു പ്രത്യേകിച്ച് നിര്‍ദ്ദിഷ്ട “നോര്‍മല്‍” സമയക്രമം ഒന്നുമില്ല. ആദ്യകാല ലൈംഗിക ബന്ധങ്ങളില്‍ ശീഘ്രസ്ഖലനം അസാധാരണമായ ഒരു പ്രതിഭാസമല്ല. ബ്ലൂ ഫിലിമുകളില്‍ നിന്നും മറ്റും കിട്ടുന്ന പൊതു തെറ്റിദ്ധാരണകളില്‍ ഒന്നാണ് വളരെ നേരം നീണ്ടു നില്‍ക്കുന്നതാണ് ലൈംഗിക പ്രക്രിയ എന്ന തോന്നല്‍.
യഥാര്‍ത്ഥത്തില്‍ ഇതിനൊരു നിര്‍ദ്ദിഷ്ട കാലയളവ് ഒന്നുമില്ല. പങ്കാളികളുടെ അഭിരുചി അനുസരിച്ച് നിങ്ങള്‍ക്കിടയില്‍ തീരുമാനിക്കപ്പെടേണ്ട ഒന്നാണ് അത്. ആല്‍ഫ്രെഡ് കിന്‍സിയുടെ 1948 ലെ പഠനത്തില്‍ കണ്ടെത്തിയത് 75% അമേരിക്കന്‍ പുരുഷന്മാര്‍ക്കും സ്ഖലനം ആദ്യ രണ്ടു മിനിട്ടിനുള്ളില്‍ ഉണ്ടാവുന്നു എന്നാണ്. എന്നാല്‍ 2008 ല്‍ കാനഡയില്‍ നടന്ന പഠനത്തില്‍ 3 തൊട്ടു 7 മിനിറ്റു വരെ ആയാല്‍ തൃപ്തികരം എന്നും, 7 – 13 മിനിറ്റ് = അഭികാമ്യം എന്നും അതിലേറിയാല്‍ (30 മിനിറ്റ് വരെ ഒക്കെ ആയാല്‍) ദൈര്‍ഘ്യം ഏറിയതും എന്ന് പരാമര്‍ശ വിധേയമായിട്ടുണ്ട്. എന്നിരിക്കിലും പത്തിലേറെ മിനിറ്റ് നീണ്ടു നില്‍ക്കുന്ന ലൈംഗിക പ്രക്രിയ അത്ര സാധാരണമല്ല. ഒരു പഠനത്തില്‍ ശരാശരി ലൈംഗിക ബന്ധത്തിന്റെ ദൈര്‍ഘ്യം 5.4 മിനിറ്റ് ആണെങ്കില്‍ ടര്‍ക്കിയില്‍ നിന്നുള്ള പഠനത്തില്‍ അത് 3.7 മിനിറ്റ് ആണ്.
സാരാംശം ഇത്രയേ ഉള്ളൂ - വളരെ നേരം നീളുന്ന പ്രക്രിയ ആണെന്ന മുന്‍വിധികള്‍ / തെറ്റിദ്ധാരണകള്‍ ഒക്കെ മൂലം വളരെ നോര്‍മലായ ലൈംഗിക ബന്ധത്തില്‍ പോലും ശീഘ്ര സ്ഖലനം ആണെന്നൊക്കെ തെറ്റിദ്ധരിച്ചു വശാവാം ചിലര്‍.
ശീഘ്ര സ്ഖലനത്തിന്റെ കാരണങ്ങള്‍ ?
മാനസികമായ ഘടകങ്ങളും ചില ശാരീരിക അവസ്ഥകളും ഇതിലേക്കു നയിച്ചേക്കാം. വളരെ ചെറിയ പ്രായത്തിലുള്ള ലൈംഗിക ബന്ധങ്ങള്‍, പരിചയക്കുറവ്, ആകാംഷ (ശീഘ്രസ്ഖലനം ഉണ്ടാവുമോ എന്നുള്ള ആകാംഷ തന്നെ ഇതിനു കാരണമാവാം), ഭയം (ലൈംഗിക ചൂഷണങ്ങള്‍), ലൈംഗികതയെക്കുറിച്ചുള്ള കുറ്റബോധം, പങ്കാളിയുമായുള്ള ബന്ധത്തിലെ വിള്ളലുകള്‍ എന്നിവ ഇതിലേക്കു നയിച്ചേക്കാം.
അപൂര്‍വമായി ഹോര്‍മോണ്‍ തകരാറുകള്‍, നാഡീ വ്യവസ്ഥയിലെ പ്രശ്നങ്ങള്‍, മദ്യപാനം, പുകവലി, ലഹരി ദുരുപയോഗം എന്നിങ്ങനെയുള്ള ശാരീരിക പ്രശ്നങ്ങളും ഇതിലേക്കു നയിക്കാം. പ്രോസ്ട്രേറ്റ് ഗ്രന്ഥിയിലും മൂത്ര നാളിയിലുമുള്ള രോഗാവസ്ഥകള്‍, ലൈംഗിക ഉദ്ധാരണശേഷിക്കുറവ്, തലച്ചോറിലെ ന്യൂറോ ട്രാന്‍സ്മിറ്ററുകളുടെ ഏറ്റക്കുറച്ചിലുകള്‍ എന്നിവയും ഇതിനു കാരണമാവാം. സാധാരണഗതിയില്‍ ഡോക്ടറുടെ സഹായം തേടേണ്ട കാര്യം പോലും ഉണ്ടാവുകയില്ല.
ഡോക്ടറുടെ സഹായം തേടേണ്ട അവസരങ്ങള്‍?
∙ യോനിക്കുള്ളില്‍ പ്രവേശിച്ചു ഒരു മിനിറ്റിനുള്ളില്‍ സ്ഖലനം സംഭവിക്കുന്നത് സ്ഥിരമായി സംഭവിച്ചാല്‍.
∙ സ്വന്തം ഇഷ്ട പ്രകാരം സ്ഖലന സമയം മുന്‍പോട്ടു നീക്കിവയ്ക്കുന്നത് എല്ലായ്പ്പോഴും അസാധ്യമായി വന്നാല്‍.
∙ ഈ അവസ്ഥയില്‍ നിരാശയും മനോവിഷമവും അധികരിച്ചു ലൈംഗികത ഒഴിവാക്കുന്ന അവസ്ഥ എത്തിയാല്‍.
∙ മറ്റു രോഗങ്ങള്‍ എന്തെങ്കിലും സംശയിക്കുന്ന സാഹചര്യങ്ങളില്‍.
ഇത്തരം സന്ദര്‍ഭങ്ങളില്‍ യോഗ്യതയുള്ള ഒരു ഡോക്ടറുടെ സഹായം തേടേണ്ടതാണ്.
എന്താണ് റിട്ട്രോഗ്രേഡ് ഇജാകുലേഷൻ (Retrograde ejaculation)?
സ്ഖലനത്തിന്റെ സമയത്ത് മൂത്രനാളിയിലൂടെ സ്വാഭാവികമായി ബഹിര്‍ഗമിക്കേണ്ട ശുക്ലം പുറകോട്ടു മൂത്രസഞ്ചിയിലേക്ക് ദിശമാറി കയറുന്നു. സാധാരണ ഗതിയില്‍ ഇതിനെ പ്രതിരോധിക്കുന്നത് മൂത്ര സഞ്ചിയിലെ മസിലുകളാണ്. എന്നാൽ ഇവ കാര്യക്ഷമതയോടെ പ്രവർത്തിക്കാതിരിക്കുന്ന സന്ദര്‍ഭത്തിലാണ് ഇത്തരമൊരു പ്രതിഭാസം ഉണ്ടാവുന്നത്. പ്രമേഹമുള്ള വ്യക്തികളിലും പ്രൊസ്റ്റേറ്റിന്റെയോ മറ്റോ ശസ്ത്രക്രിയ ചെയ്ത വ്യക്തികളിലുമാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. നാഡികളെ ബാധിക്കുന്ന മൾട്ടിപ്പിൾ സ്ക്ലീറോസിസ്, സുഷുമ്ന നാഡി സംബന്ധിയായ രോഗങ്ങൾ എന്നിവയും ഇതിനു കാരണമാവാം.
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നുമുണ്ടാക്കുന്നില്ലെങ്കിലും ചിലപ്പോള്‍ വന്ധ്യതയ്ക്ക്ു കാരണമായേക്കാവുന്ന ഒരു സ്ഥിതിവിശേഷമാണിത്. മൂലകാരണത്തെ കണ്ടെത്തി ചികിത്സിക്കലാണ് ഇവിടെയുള്ള ചികിത്സാമാർഗ്ഗം.
ഇത്തരം സ്ഥിതി വിശേഷങ്ങളില്‍ ബുദ്ധിമുട്ടോ ആകാംഷയോ ഉളളവര്‍ മടിക്കാതെ ശാസ്ത്രീയമായ ചികിത്സ തേടുകയാണു വേണ്ടത്. ബസ് സ്റ്റാന്‍ഡിലോ അന്തിപത്രങ്ങളിലോ കാണുന്ന ഫോണ്‍ നമ്പറുകളിലേക്ക് വിളിച്ചു കപട ചികിത്സയ്ക്ക് വിധേയരാകരുത്.
എഴുതിയത്: ഡോ. കെ. കെ പുരുഷോത്തമൻ , ഡോ. ദീപു സദാശിവൻ, ഡോ. പി. എസ് ജിനേഷ്, ഡോ. ബെബീറ്റോ തിമോത്തി