ദാമ്പത്യത്തിൽ കൊച്ചു സൗന്ദര്യപ്പിണക്കങ്ങൾ പതിവായതു കൊണ്ടാവാം ‘ചട്ടീം കലോമാവുമ്പോൾ തട്ടീം മുട്ടീമിരിക്കു’മെന്ന് പഴമക്കാർ പറയുന്നത്. സൗന്ദര്യപ്പിണക്കങ്ങൾ പരസ്പരം മനസ്സിലാക്കി മുളയിലെ നുള്ളിയാൽ ബന്ധം ദൃഢമാവും. പലപ്പോഴും കൊച്ചു വഴക്കുകളിൽ ബന്ധുക്കൾ അനാവശ്യമായി ഇടപെട്ട് ബന്ധം വഷളാക്കുന്നു. വ്യക്തികൾ തമ്മിലുള്ള ഈഗോ ആയിട്ടാണ് ദമ്പതിമാർ തമ്മിലുള്ള പ്രശ്നത്തെ സമൂഹം കാണാറുള്ളത്. സൂക്ഷ്മമായി പരിശോധിച്ചാൽ ലൈംഗിക ആശങ്കയും ശേഷിക്കുറവുമെല്ലാം ദാമ്പത്യബന്ധത്തെ തകർക്കാറുണ്ട്. യഥാർഥ കാരണം കണ്ടെത്തി തക്കസമയത്തു തീർക്കാവുന്ന നിസ്സാരപ്രശ്നങ്ങൾ കുടുംബകോടതികൾ വരെയെത്തിച്ചു രണ്ടു വഴിക്കു പിരിയുന്നത് വേദനാജനകമാണ്. കോടതിയിൽ പിരിയേണ്ട വിവാഹബന്ധം സെക്സ് തെറാപ്പിയിലൂടെ പരിഹരിച്ച സുഭാഷ് എന്ന മുപ്പത്തിനാലുകാരന്റെ അനുഭവം കേൾക്കാം.
ഉദ്ധാരണക്കുറവിനുള്ള ചികിത്സ തേടിയാണ് 34 കാരനായ സുഭാഷ് എന്റെ അടുത്ത് വരുന്നത്. വീട്ടിൽ നല്ല സാമ്പത്തിക നിലയും സ്വകാര്യ സ്ഥാപനത്തിൽ ജോലിയുമുള്ള സുഭാഷ് രണ്ടു വർഷം മുൻപാണ് വിവാഹിതനായത്. ഭാര്യയ്ക്ക് 30 വയസ്. സ്കൂൾ ടീച്ചറാണ്. ഇരുവരുടെയും ജോലിയുടെ സൗകര്യാർഥം നഗരത്തിൽ വീട് വാടകയ്ക്ക് എടുത്തു താമസം ആരംഭിക്കുകയായിരുന്നു. വിവാഹത്തിന്റെ ആദ്യ മൂന്നു ദിനങ്ങളിൽ വളരെ സ്നേഹത്തോടെയാണ് സുഭാഷ് പെരുമാറിയിരുന്നത്. നാലാം ദിവസം മുതൽ സുഭാഷിന്റെ സ്വഭാവത്തിൽ പെട്ടെന്നാണ് മാറ്റം കണ്ടു തുടങ്ങിയത്. പകൽ മുഴുവൻ സ്നേഹത്തോടെ പെരുമാറുന്ന സുഭാഷ് വൈകുന്നേരത്തോടെ വഴക്കാളിയാകും.. ഭക്ഷണം കഴിച്ചു തീരാറാകുമ്പോൾ എന്തെങ്കിലും നിസ്സാര കാര്യം കണ്ടെത്തി വഴക്ക് ആരംഭിക്കും. കറിയിൽ ഉപ്പു കൂടിയെന്നോ എരിവു കൂടിയെന്നോ ആവും വിഷയം. കിടക്കുന്നതിനു മുൻപ് വഴക്കുണ്ടാക്കുന്നത് പതിവായി. ചിലപ്പോൾ ഭക്ഷണം എടുത്ത് എറിയുകയും ചെയ്യും. അപ്പോൾ ഭാര്യ പട്ടിണിയായിരിക്കും.
രണ്ടു വർഷം കഴിഞ്ഞിട്ടും കുട്ടികളുണ്ടാകാത്തതിനാൽ ഇരുവീട്ടുകാരും മുൻകൈയെടുത്ത് ആദ്യം െഎവിഎഫ് ചികിൽസ നിർദേശിച്ചു. പരിശോധനയിൽ ഇരുവർക്കും ആരോഗ്യപ്രശ്നങ്ങളൊന്നും കണ്ടെത്തിയില്ല. തിരികെ വീട്ടിലെത്തിയ ദിവസം മുതൽ കിടക്കുന്നതിനു മുൻപ് വീണ്ടും വഴക്ക്. പിണക്കത്തിന്റെ ദൈർഘ്യം രണ്ടു നാൾ വരെ നീളും. ഭാര്യ മുൻകൈയെടുത്ത് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചാലൊന്നും സുഭാഷ് വഴങ്ങാറില്ല. രാവിലെ പതിവു പോലെ ഇരുവരും ഒരുമിച്ച് ഒാഫിസിൽ പോകുന്നു. വൈകിട്ട് തിരികെ എത്തിയാൽ അത്താഴ സമയത്ത് സുഭാഷ് എന്തെങ്കിലും നിസാര കാരണം കണ്ടെത്തി വഴക്ക് ഉറപ്പാക്കും. കിടക്കയിൽ പരസ്പരം പുണരുകയോ പൂർവലീലകളോ ആയി ലൈംഗിക ജീവിതം ഒതുങ്ങി. രാത്രി ഭാര്യയ്ക്കൊപ്പം കിടക്കുന്നതു തന്നെ പേടിസ്വപ്നമായി കരുതിയിരുന്ന സുഭാഷ് അവസാനം ഉദ്ധാരണശേഷിക്കുറവിനും ശീഘ്രസ്ഖലനത്തിനും ചികിൽസ നേടാൻ സ്വയം തീരുമാനിക്കുകയായിരുന്നു.
പ്രഥമപരിശോധനയിൽ സുഭാഷിനും ഭാര്യയ്ക്കും ആരോഗ്യ.പ്രശ്നങ്ങളൊന്നും കണ്ടെത്താനായില്ല. ഭാര്യയുടെ സ്നേഹപ്രകടനങ്ങളോടു പോലും വിമുഖത കാട്ടുന്ന സുഭാഷ് കൗൺസലിങ് സമയത്ത് നടത്തിയ ചില വെളിപ്പെടുത്തലുകൾ വഴിത്തിരിവായി. മാതാപിക്കളുടെ ഏകമകനായ സുഭാഷിനു ചെറുപ്പത്തിൽ തന്നെ ഹൃദ്രോഗം മുലം പിതാവ് നഷ്ടപ്പെട്ടു. മാതാവിനും ഹൃദ്രോഗമുണ്ടായിരുന്നതുകൊണ്ട് പാരമ്പര്യമായി തനിക്കു രോഗം വരുമോയെന്ന് സുഭാഷിനു ഭയമുണ്ടായി. കോളജിൽ പഠിക്കുമ്പോഴുണ്ടായ പ്രണയമാണ് ആദ്യ ലൈംഗിക ബന്ധത്തിനു വഴിയൊരുക്കിയത്. കാമുകിയെ പാട്ടിലാക്കി ശരീരബന്ധത്തിനു ശ്രമിച്ചപ്പോൾത്തന്നെ പരാജയപ്പെടുകയായിരുന്നു. കാമുകിയുടെ പരിഹാസം കലർന്ന വാക്കുകൾ സുഭാഷിനെ മാനസികമായി തളർത്തി. കാലക്രമേണ കാമുകിയുമായി അകന്നെങ്കിലും സുഭാഷിന്റെ മനസ്സിൽ അവളുടെ വാക്കുകൾ സംശയത്തിന്റെ വിത്തുപാകി. തനിക്കൊരിക്കലും ഒരു സ്ത്രീയെ ലൈംഗികമായി തൃപ്തിപ്പെടുത്താൻ കഴിയില്ലെന്ന ചിന്ത സുഭാഷിന്റെ മനസ്സിൽ ഗാഢമായി പതിഞ്ഞു.
ജോലിയുമായി ബന്ധപ്പെട്ടു വീടു വിട്ടു നിൽക്കേണ്ടി വന്നപ്പോഴാണ് തന്റെ പുരുഷത്വം തെളിയിക്കണമെന്ന ചിന്ത വീണ്ടും സുഭാഷിനെ അലട്ടിയത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, വിവാഹിതയായ ഒരു സഹപ്രവർത്തകയുമായി സൗഹൃദം സ്ഥാപിച്ചു. സാമ്പത്തിക സഹായവും വിലപിടിപ്പുള്ള സമ്മാനങ്ങളും നൽകി അവരെ പാട്ടിലാക്കി. ഇരുവരും അടുക്കുകയും ശരീരബന്ധത്തിനായി സുഭാഷ് നിർബന്ധിക്കുകയും ചെയ്തു. സുഭാഷിൽനിന്നു ലഭിച്ചു കൊണ്ടിരുന്ന സാമ്പത്തികം മുന്നിൽ കണ്ട സഹപ്രവർത്തക സുഭാഷിന്റെ ഇഷ്ടത്തിനു വഴങ്ങി. എല്ലാ സാഹചര്യങ്ങളുണ്ടായിട്ടും ലൈംഗിക ബന്ധത്തിൽ വിജയിക്കാൻ സുഭാഷിനു കഴിഞ്ഞില്ല. പലപ്പോഴായി ഇരുവരും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഓരോ തവണയും സുഭാഷ് പരാജയപ്പെടുകയായിരുന്നു. സുഭാഷിൽനിന്നു ലഭിക്കുന്ന പണത്തിന്റെ കാര്യമോർത്ത സഹപ്രവർത്തക ആദ്യമൊന്നും പ്രതികരിച്ചില്ലെങ്കിലും പീന്നീട് സുഭാഷിനെ കുറ്റപ്പെടുത്തിത്തുടങ്ങി. അത് വീണ്ടും സുഭാഷിനെ മാനസികമായി തളർത്തി. ക്രമേണ ആ ബന്ധം അവസാനിപ്പിക്കുകയും പുതിയ ജോലി തേടുകയും ചെയ്തു.
സ്ത്രീയെ ലൈംഗികമായി തൃപ്തിപ്പെടുത്താൻ കഴിയാത്ത താൻ വിവാഹിതനായാൽ ഭാര്യ തന്നെ ഉപേക്ഷിച്ചു പോയാലോ എന്ന ചിന്ത മൂലം വിവാഹം വേണ്ടെന്നു തീരുമാനിച്ചു. ആയിടയ്ക്കാണ് സുഭാഷിന്റെ അമ്മ ഹൃദ്രോഗം ബാധിച്ചു ചികിൽസയിലായത്. അമ്മയെ നോക്കാൻ വീട്ടിലൊരാൾ വേണമെന്ന നിർബന്ധത്തിനു വഴങ്ങിയാണ് സുഭാഷ് അവസാനം വിവാഹത്തിനു സമ്മതിച്ചത്. വീട്ടുകാർ തീരുമാനിച്ചുറപ്പിച്ച വിവാഹത്തിനു സുഭാഷിനു താൽപര്യമുണ്ടായിരുന്നില്ല. മറ്റുള്ളവരുടെ മുന്നിൽവച്ച് ഭാര്യയോട് വളരെ അടുപ്പം കാട്ടിയിരുന്ന സുഭാഷ്, കിടക്കയിൽ അകലം പാലിച്ചു. ഭാര്യ തന്റെ കഴിവുകേട് അറിയാതിരിക്കാനാണ് കിടക്കുന്നതിനു മുൻപ് വഴക്ക് എന്ന പതിവു തുടങ്ങിവെച്ചത്.
പതിനാലു ദിവസം നീണ്ടു നിൽക്കുന്ന സമഗ്രമായ സെക്സ് തെറാപ്പിയെന്ന ചികിൽസാരീതിയാണ് ഇരുവർക്കും നിർദേശിച്ചത്. ചികിൽസാസമയത്തും പതിവു പോലെ വഴക്കുണ്ടാക്കാൻ പലയാവർത്തി ശ്രമിച്ചെങ്കിലും ഡോക്ടർമാരുടെ നിർദേശങ്ങൾ സുഭാഷ് അനുസരിച്ചു. ദമ്പതിമാരെ ഒരുമിച്ചു താമസിപ്പിച്ചു ദിവസം മൂന്നു നേരവും അനുയോജ്യമായ നിർദേശങ്ങൾ നൽകുന്ന നൂതന സെക്സ് തെറാപ്പി സുഭാഷിന്റെ കുടുംബജീവിതത്തിനു പുതിയ താളം വീണ്ടെടുക്കാൻ സഹായിച്ചു. ഉദ്ധാരണശേഷിക്കുറവിനും ശീഘ്രസ്ഖലനത്തിനുള്ള ചികിൽസയ്ക്കൊപ്പം സെക്സ് തെറാപ്പിയും തന്റെ പുരുഷത്വത്തെക്കുറിച്ചുള്ള സുഭാഷിന്റെ ആകുലതകൾ പൂർണമായും മായ്ച്ചുകളഞ്ഞു. ആശുപത്രിയിലെ ചികിൽസയ്ക്കു ശേഷം വീട്ടിലെത്തിയ സുഭാഷും ഭാര്യയും ആരോഗ്യകരമായ ലൈംഗിക ജീവിതം ആസ്വദിക്കുകയും ഒരു കൺമണിക്കായി കാത്തിരിക്കുകയും ചെയ്യുന്നു. ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകളുടെ യഥാർഥ കാരണം കണ്ടെത്തി ചികിൽസ തേടിയാൽ ദാമ്പത്യം സന്തോഷകരമാക്കാം.
(എറണാകുളം പത്തടിപ്പാലത്തുള്ള ഡോ. പ്രമോദ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സെക്ഷ്വൽ ആൻഡ് മാരിറ്റൽ ഹെൽത്തിലെ സെക്സ് തെറാപ്പിസ്റ്റും ക്ലിനിക്കൽ െെസക്കോളജിസ്റ്റുമാണ് ലേഖകൻ)