കൗമാരക്കാരുടെ ലൈംഗിക സംശയങ്ങൾ

SHARE

സ്വപ്നസ്ഖലനത്തെക്കുറിച്ച് കൗരമാരക്കാരുടെയിടയിൽ പല തെറ്റിദ്ധാരണകളുമുണ്ട്. കൂട്ടുകാരിൽനിന്നും മറ്റും ലഭിക്കുന്ന അറിവുകൾ അവരിൽ അനാവശ്യമായ ഉത്കണ്ഠകൾക്കു കാരണമാകാം. കൗമാരത്തിലേക്ക‌ു പ്രവേശിക്കുമ്പോഴാണ് ആൺകുട്ടികൾ ലൈംഗികശേഷി കൈവരിക്കുന്നതും ചില സമയങ്ങളിൽ സ്വപ്നസ്ഖലനം സംഭവിക്കുന്നതും. 

രാവിലെ എഴുന്നേൽക്കുമ്പോൾ ലിംഗം ഉദ്ധരിച്ചു നിൽക്കുന്നതു കാണുകയും രാത്രിയിൽ ഉറക്കത്തിൽ സ്ഖലനം സംഭവിക്കുകയും ചെയ്താൽ ഇതിനെക്കുറിച്ച് അറിവില്ലാത്തവർക്ക് എന്തോ വലിയ കാര്യം സംഭവിച്ചതു പോലെ അമിത ഉത്കണ്ഠയുണ്ടാകാം. ചിലർ സ്വപ്നസ്ഖലനത്തെ രോഗമായി കണക്കാകുകയും തന്റെ ആരോഗ്യം ക്ഷയിക്കുമെന്നു കരുതി മനഃസമാധാനം നഷ്ടപ്പെട്ട് പഠനത്തിൽ പിന്നാക്കമാകുകയും ചെയ്യാം.

ആരോഗ്യത്തെ ബാധിക്കുമോ?
കൂട്ടുകാരിൽ നിന്നോ മറ്റു മാർഗങ്ങളിലൂടെയോ ആകാം കൗമാരത്തിൽ ആൺകുട്ടികൾ സ്വയംഭോഗത്തെക്കുറിച്ച് അറിയുന്നത്. ചിലരിൽ അമിതമായി സ്വയംഭോഗം ചെയ്യുന്ന പ്രവണതയുമുണ്ട്. സ്വപ്നസ്ഖലനത്തിനെക്കുറിച്ചും സ്വയംഭോഗത്തെക്കുറിച്ചുമുള്ള ചില വികലമായ അറിവുകൾ പല തെറ്റിദ്ധാരണകൾക്കും വഴിയൊരുക്കാറുണ്ട്. ഒരു തുള്ളി ശുക്ലം നൂറു തുള്ളി രക്തത്തിൽനിന്ന് ഉണ്ടാകുന്നതാണെന്നതാണ് ഏറ്റവും പ്രചാരത്തിലുള്ള ഒരു തെറ്റിദ്ധാരണ. 

രാവിലെ ഉണരുമ്പോൾ സ്വപ്നസ്ഖലനം സംഭവിച്ചിട്ടുണ്ടെങ്കിൽ തന്റെ ആരോഗ്യം ചോർന്നു പോകുന്നതായി സംശയിക്കുന്നവരും കുറവല്ല. കവിൾ ഒട്ടുന്നതും ശരീരം മെലിയുന്നതുമെല്ലാം സ്വയംഭോഗം കൊണ്ടാണെന്ന് കരുതുന്നവരുമുണ്ട്. ശാസ്ത്രീയമായി യാതൊരു അടിസ്ഥാനവുമില്ലാത്ത ഇത്തരം അറിവുകൾ കൗമാരക്കാരിൽ അനാവശ്യ ഉത്കണ്ഠയ്ക്കു കാരണമാകുന്നു. കൗമാരത്തിലേക്കു കാലൂന്നുന്നതിന്റെ ലക്ഷണമായി മാത്രം കരുതാവുന്ന സ്വപ്നസ്ഖലനം മുപ്പതു വയസ്സു വരെ തുടരാം. സ്വയംഭോഗം വഴിയോ ലൈംഗികബന്ധം വഴിയോ ശുക്ലം പോയില്ലെങ്കിൽ അതു തനിയെ പുറത്തു പോകുന്ന മാർഗങ്ങളിലൊന്നാണ് സ്വപ്നസ്ഖലനം.

(എറണാകുളം പത്തടിപ്പാലത്തുള്ള ഡോ. പ്രമോദ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സെക്ഷ്വൽ ആൻഡ് മാരിറ്റൽ ഹെൽത്തിലെ സെക്സ് തെറാപ്പിസ്റ്റും ക്ലിനിക്കൽ െെസക്കോളജിസ്റ്റുമാണ് ലേഖകൻ)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SEX
SHOW MORE
FROM ONMANORAMA