‘നുള്ളിക്കൊടു ചൊല്ലിക്കൊടു തല്ലിക്കൊടു തള്ളിക്കള...’ ഈ പഴഞ്ചൊല്ലു പോലും പറയുന്നത് തല്ലി വളർത്തിയിട്ടും നന്നായില്ലെങ്കിൽ ആരെയാണെങ്കിലും തള്ളിക്കളയണമെന്നാണ്. അതായത് ഒരാളെ, പ്രത്യേകിച്ച് പിള്ളേരെ, നന്നാക്കിയെടുക്കുന്നതിന് തല്ലാണ് ഏറ്റവും നല്ല വഴിയെന്നു പറയാതെ പറയുന്നുണ്ട് ഇവിടെ. പഴഞ്ചൊല്ലിൽ പതിരില്ലെന്നൊക്കെയാണ് പറച്ചിൽ. പക്ഷേ ഈ പഴഞ്ചൊല്ലിനെ മാത്രം വെള്ളംതൊടാതെ വിഴുങ്ങാന്‍ വരട്ടെ! നന്നാവുമെന്നു കരുതി കൊച്ചുകുട്ടികളെ തല്ലി വളർത്തുന്നതാണ് മാതാപിതാക്കൾ ചെയ്യുന്ന ഏറ്റവും വലിയ മണ്ടത്തരമെന്നാണ് ഓസ്ട്രേലിയയിലെ ഒരു പുതിയ പഠനം സൂചിപ്പിക്കുന്നത്. അരനൂറ്റാണ്ടു കാലത്തിനിടെ നടത്തിയ പഠനത്തിൽ നിന്നാണ് ഈ നിഗമനത്തിലേക്കെത്തിയതെന്നും മനസിലാക്കണം. 1.6 ലക്ഷം കുട്ടികളുടെ സ്വഭാവമാണ് ഇതുമായി ബന്ധപ്പെട്ട് വിദഗ്ധർ പരിശോധനയ്ക്കു വിധേയമാക്കിയത്.
തല്ലിവളർത്തിയാൽ ഭൂരിപക്ഷം പിള്ളേരും തല്ലുകൊള്ളികളാകുമെന്നത് ഉറപ്പാണത്രേ! ഏറ്റവുമധികം ആക്രമണോത്സുകതയുള്ളവരും സാമൂഹ്യവിരുദ്ധരുമായിട്ടായിരിക്കും ഇത്തരം കുട്ടികൾ വളർന്നുവരികയെന്നും ഫാമിലി സൈക്കോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ടിൽ പറയുന്നു. അതായത്, എന്തിനു വേണ്ടിയാണോ തല്ലിയത്, സംഭവിക്കുക അതിന്റെ നേർവിപരീതം! ശാരീരികമായി അവരെ ദുർവിനിയോഗം ചെയ്യുമ്പോൾ എന്താണോ അവരുടെ മനസ്സിൽ സംഭവിക്കുന്നത് അതേകാര്യങ്ങൾ തന്നെയായിരിക്കും മോശം പെരുമാറ്റത്തിന്റെ പേരിൽ അവരെ തല്ലുമ്പോഴുമുണ്ടാകുന്നത്! ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ഫലങ്ങളായിരിക്കും അനാവശ്യമായ തല്ലലിലൂടെ സൃഷ്ടിക്കപ്പെടുകയെന്നും പഠനത്തിനു നേതൃത്വം നൽകിയ ഓസ്ട്രേലിയയിലെ ഡോ.ആൻഡ്രൂ ഗ്രോഗന്‍–കേലർ പറയുന്നു.
‘കുട്ടികളുടെ കൈകളിലോ കാലുകളിലോ പുറത്തോ മറ്റൊരാൾ കൈകൊണ്ട് തലങ്ങും വിലങ്ങും അടിക്കുന്നത്’ എന്നാണ് പഠനറിപ്പോർട്ടിൽ തല്ലലിലെ (Spanking) വിദഗ്ധർ നിർവചിക്കുന്നത്. പഠനം നടത്തിയ ഓസ്ട്രേലിയയിലെ 70 ശതമാനം പേരും ഇത്തരം തല്ലലിനെ അനുകൂലിക്കുന്നവരാണ്. 2012ൽ നടത്തിയ ഒരു അഭിപ്രായശേഖരണത്തിൽ 39.7% പേരും പറഞ്ഞത് ആക്രമണോത്സുകരായവരെ തടയുന്നതിനുള്ള മികച്ച മാർഗമാണ് തല്ലലെന്നായിരുന്നു. 36 ശതമാനം പേർ പറഞ്ഞു, മറ്റൊരു മാർഗവും മുന്നിലില്ലെങ്കിൽ മാത്രമേ വടിയെ ആശ്രയിക്കാൻ പാടുള്ളൂവെന്ന്. എന്തിനേറെപ്പറയണം ഓസ്ട്രേലിയയുടെ മുൻ പ്രധാനമന്ത്രി വരെ പറഞ്ഞിട്ടുണ്ട്– കുട്ടികളെ നേർവഴിക്കു നടത്താനായി മാതാപിതാക്കൾക്ക് നൽകാൻ സാധിക്കുന്ന ഏറ്റവും നല്ല കാര്യം ഒരു തല്ലാണെന്ന്!! എന്നാല്‍ ഇതിനെ അന്നുതന്നെ മന:ശാസ്ത്രവിദഗ്ധർ ഉൾപ്പെടെ തള്ളിക്കളഞ്ഞിരുന്നു.
കുട്ടികളെ തല്ലുമ്പോൾ അവരെ അക്രമണോത്സുരാകാൻ പഠിപ്പിക്കുകയാണ് മാതാപിതാക്കൾ ചെയ്യുന്നത്. അത്തരം കുട്ടികളുടെ ഐക്യു വളരെ കുറവായിരിക്കും. ശാരീരികസ്ഥിതിയും മോശമായിരിക്കും. അലസമായ മട്ടിലായിരിക്കും ജീവിതം. ഇക്കഴിഞ്ഞ മാർച്ചിൽ ഓസ്ട്രേലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാമിലി സ്റ്റഡീസ് പുറത്തുവിട്ട പഠനറിപ്പോർട്ടിലും വ്യക്തമാക്കിയിരുന്നു ശാരീരികമായി ദുർവിനിയോഗം ചെയ്യപ്പെടുന്ന കുട്ടികൾക്കുണ്ടാകുന്ന അതേ മാനസികാവസ്ഥയായിരിക്കും തല്ലുകൊള്ളുന്നവർക്കുമെന്ന്.
വടിയെടുക്കേണ്ട അവസരത്തിലേറെയും സ്നേഹപൂർണമായ സമീപനം കൊണ്ട് കുട്ടികളുടെ മനസ്സുമാറ്റാവുന്നതേയുള്ളൂ. വീട്ടിലും അത്തരമൊരു സ്നേഹാന്തരീക്ഷണം സൃഷ്ടിച്ചെടുക്കണം. തല്ലുന്നതിനു പകരം മറ്റുചില ചെറിയ ശിക്ഷാരീതികൾ പ്രയോഗിക്കാം. ഇഷ്ടപ്പെട്ട സംഗതികളൊന്നും വാങ്ങിത്തരില്ലെന്നു പറയുന്ന തരം ചെറുഭീഷണികളും ഇതിൽപ്പെടും. ‘നല്ല കുട്ടിയായി ഇരുന്നാൽ സിനിമയ്ക്കോ പാർക്കിലോ കൊണ്ടുപോകാമെന്ന’ പറച്ചിലിനു മുന്നിൽ അടങ്ങിയൊതുങ്ങി അനുസരണക്കാരാകുന്നവരാണ് ഭൂരിപക്ഷം കുറുമ്പന്മാരും കുറുമ്പികളുമെന്ന കാര്യവും മനസ്സിലുണ്ടാകണം.
Read more : Health and wellbeing