ടാറ്റു നിങ്ങളെ ആജീവനാന്ത രോഗിയാക്കുമോ?

ഇന്നത്തെ ഫാഷൻ ട്രെന്‍ഡുകളിൽ ഏറ്റവും പ്രധാനിയാണ് വിവിധ നിറത്തിലും രൂപത്തിലുമുള്ള ടാറ്റൂകൾ. നല്ല പണച്ചെലവുള്ള കാര്യമാണെങ്കിലും ഒരു ചെറിയ ടാറ്റൂവെങ്കിലും ശരീരത്തിലില്ലെങ്കിൽ അത് ഒരു കുറച്ചിലായി കാണുന്നവർ പോലുമുണ്ട്. എന്നാൽ ശരീരത്തിൽ വലിയ ടാറ്റു വരയ്ക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.

ശരീരത്തിൽ സ്ഥിരമായി ടാറ്റു ചെയ്യുന്നത് രോഗ പ്രതിരോധ ശേഷിയെ കാര്യമായിതന്നെ ബാധിക്കുമെന്നാണ് പഠനങ്ങൾ കണ്ടെത്തിയിരിക്കുന്നത്. 

ടാറ്റു ചെയ്യുമ്പോൾ മഷിയോടൊപ്പം ശരീരത്തിലെത്തുന്ന വിഷമയമുള്ള വസ്തുക്കളാണ് ശരീരത്തിന്റെ പ്രവർത്തനങ്ങളെ താളം തെറ്റിക്കുക. ഇന്ന് ശരീരത്തിൽ ടാറ്റു ചെയ്യുന്ന ആള്‍ക്കാർ നിരവധിയാണെങ്കിലും ഇതിനുപയോഗിക്കുന്ന നിറങ്ങളിൽ എന്തൊക്കെയാണുള്ളതെന്ന് ഭൂരിഭാഗം പേർക്കും അറിയില്ല. സാധാരണ നിറങ്ങൾക്കു പുറമെ നിക്കൽ, ക്രോമിയം, മാംഗനീസ്, കോബാൾട്ട് എന്നിവയുടെ അംശങ്ങളും ടാറ്റുവിലൂടെ ശരീരത്തിലെത്തും. ടൈറ്റാനിയം ഡയോക്സൈഡ് എന്ന ചായക്കൂട്ടാണ് നിറം കഴിഞ്ഞാൽ ടാറ്റു ചെയ്യാൻ ഉപയോഗിക്കുന്ന മറ്റൊരു ഘടകം. ഷേഡുകളും മറ്റും ഉണ്ടാക്കാനാണ് ഇതുപയോഗിക്കുന്നതെന്നാണ് ഗവേഷകർ പറയുന്നത്. പെയിന്റുകളുടെ നിർമാണത്തിലും ടൈറ്റാനിയം ഡയോക്സൈഡ് ഉപയോഗിക്കാറുണ്ട്. 

ജര്‍മനി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യൂറോപ്യന്‍ സിങ്ക്രോട്ട്രോൻ റേഡിയേഷൻ ഫെസിലിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിലും ടാറ്റു മഷിയിലൂടെ ടൈറ്റാനിയം ഡയോക്സൈഡ് ശരീരത്തിലെത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിലെ ലിംഫ് നോഡുകളിലും ഇത് കണ്ടെത്തി. ടാറ്റു ചെയ്ത ഭാഗങ്ങളിലെ കോശങ്ങളിൽ ഉണ്ടായ മാറ്റങ്ങളും ഇൻഫ്രാറെഡ് സ്പെക്ട്രോസ്കോപ്പിയിലൂടെ ഗവേഷകർ തിരിച്ചറിഞ്ഞു. ടാറ്റുവിന്റെ നിറം ലിംഫ്നോഡുകളിലും പ്രതിഫലിച്ചതായാണ് നിരീക്ഷണം. ജേർണൽ സയിന്റിഫിക് റിപ്പോർട്ട്സിലാണ് ഇതു സംബന്ധിച്ച് പഠനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

Read More : Health and Wellbeing