ഹൃദയാഘാതത്തിലെ പ്രാധനപ്പെട്ട ഒരു വില്ലനാണ് കൊളസ്ട്രോൾ. കൊളസ്ട്രോൾ ഉള്ളളർക്ക് മുട്ട കഴിക്കാമോയെന്ന വിഷയത്തിൽ ഒരുപാടു വാദപ്രതിവാദങ്ങളും വന്നിട്ടുണ്ട്. എല്ലാവരും കരുതുന്ന പോലെ ഹൃദ്രോഗത്തിൽ മുട്ടയ്ക്ക് ഒരു വില്ലൻ പരിവേഷമുണ്ടോ?
കൊളസ്ട്രോൾ ഏറ്റവും കൂടുതലുള്ള പദാർത്ഥമായിട്ടായിരുന്നു മുട്ടയെ കണക്കാക്കിയിരുന്നത്. രണ്ട് മുട്ടയുടെ മഞ്ഞക്കുരു കഴിച്ചാൽ ഏതാണ്ട് 300 മില്ലിഗ്രാം കൊളസ്ട്രോളായി. ഒരു ദിവസം കഴിക്കുന്ന ഭക്ഷണത്തിൽ ഉൾക്കൊള്ളേണ്ട കൊളസ്ട്രോളിന്റെ പരിധിയും 300 മില്ലിഗ്രാം തന്നെ. അപ്പോൾ ആഹാരത്തിൽ നിന്നുള്ള കൊളസ്ട്രോൾ കുറയ്ക്കാൻ ചെയ്യേണ്ട ആദ്യപടി മുട്ട ഒഴിവാക്കുക തന്നെ. അങ്ങനെ മുട്ടയെ, ഹൃദയാരോഗ്യത്തെ കാർന്നുതിന്നുന്ന മുഖ്യവില്ലനായി മുദ്രകുത്തി ‘ആരോഗ്യറെസിപ്പി’ കളിൽ നിന്ന് ഒഴിവാക്കിയിരുന്നു, പോഷണ ശാസ്ത്രകാരന്മാർ. ഹൃദയത്തെയും ധമനികളെയും രോഗാതുരതകളിൽ നിന്ന് പരിരരക്ഷിക്കാനായി ഇതുവരെ മുന്നോട്ടുവച്ച നിർദ്ദേശങ്ങളും നിബന്ധനകളും അതുതന്നെയായിരുന്നു.
മുട്ടയ്ക്ക് കല്പിച്ച ഭ്രഷ്ട് നീങ്ങുന്നു
എന്നാൽ അമേരിക്കയിൽ നടന്ന ഗവേഷണങ്ങളുടെ വെളിച്ചത്തിൽ പണ്ട് ഹാനികരമെന്ന് മുദ്രകുത്തപ്പെട്ട പല ഭക്ഷ്യപദാർത്ഥങ്ങളും ഇപ്പോൾ നിരുപദ്രവകാരികളെന്ന് തെളിയുകയാണ്. അതിൽ മുഖ്യൻ മുട്ട തന്നെ. മുട്ടയ്ക്ക് ഹൃദ്രോഗ പ്രതിരോധരംഗത്ത് കല്പിച്ചിരുന്ന ഭ്രഷ്ട് നീക്കപ്പെടുകയാണ്. പഠനഫലങ്ങൾ പ്രകാരം, ശരീരത്തിൽ ആകെയുള്ള കൊളസ്ട്രോളിന്റെ 15 ശതമാനം മാത്രമാണ് ഭക്ഷണത്തിലൂടെ എത്തിച്ചേരുന്നത്. കൊളസ്ട്രോളിന്റെ പ്രധാന ഉല്പാദനകേന്ദ്രം കരളാണ്. 85 ശതമാനം കൊളസ്ട്രോളും അവിടെ ഉല്പാദിപ്പിക്കപ്പെടുന്നു. അതായത് 3–4 ഗ്രാം കൊളസ്ട്രോൾ കരൾ ദിവസേന ഉല്പാദിപ്പിക്കുന്നു. അന്നജം, കൊഴുപ്പ്, മാംസ്യം എന്നിവയുടെ ഉപാപചയത്തിന്റെ ഫലമായി ഉണ്ടാകുന്ന ‘അസറ്റൈൽ – കൊ – എ’ എന്ന ഘടകത്തിൽ നിന്നാണ് കൊളസ്ട്രോൾ നിർമ്മിക്കുന്നത്. കരളിലെ കൊളസ്റ്ററോൾ ഉല്പാദനം പല നിയന്ത്രണങ്ങൾക്ക് വിധേയമാണ്. ഭക്ഷണത്തിലൂടെ കൂടുതൽ കൊളസ്ട്രോൾ എത്തിയാൽ കരൾ ഉൽപാദനം കുറയ്ക്കും. രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് സാധാരണ തോതിൽ നിയന്ത്രിക്കാൻ ഇതുവഴി സാധിക്കുന്നു. ഭക്ഷണത്തിലൂടെ പൂരിതകൊഴുപ്പും ട്രാൻസ്ഫാറ്റുകളും പഞ്ചസാരയും അടങ്ങുന്ന ആഹാരപദാർത്ഥങ്ങൾ കൂടുതലായെത്തിയാൽ കൊളസ്ട്രോൾ നിർമാണത്തിന് അനിവാര്യമായ ‘അസറ്റൈൽ–കൊ–എ’ സുലഭമാകുന്നു.
ഭക്ഷണത്തിൽ നിന്നുള്ള കൊളസ്ട്രോളിന്റെ പ്രധാന സ്രോതസ്സ് സസ്യേതര പദാർത്ഥങ്ങളാണ്. പുതിയ പഠന പ്രകാരം ശരീരത്തിലെ ആകെയുള്ള പൊതുവായ കൊളസ്ട്രോളിന്റെ അളവ് നിലനിർത്തുവാൻ ഭക്ഷണത്തിലൂടെ ഉള്ളിലെത്തുന്ന കൊളസ്ട്രോളിന് വലിയ പങ്കില്ല. അങ്ങനെ വരുമ്പോൾ ആഹാരത്തിലൂടെ ശരീരത്തിലെത്തുന്ന കൊളസ്ട്രോളിനെ കടിഞ്ഞാണിടുന്നതിൽ പ്രസക്തിയില്ല. അപകടകാരികൾ മറ്റു പലതുമാണ്; പഞ്ചസാരയും പൂരിതകൊഴുപ്പും ട്രാൻസ്ഫാറ്റുകളും. ഇങ്ങനെ പോകുന്നു പുതിയ ഗവേഷണ വിശേഷങ്ങൾ !
കൊഴുപ്പുകൾ മൂന്നുതരം
കൊഴുപ്പിനെ പൊതുവായി മൂന്നായി തിരിക്കാം അപൂരിത കൊഴുപ്പുകൾ, പൂരിത കൊഴുപ്പുകൾ, ട്രാൻസ്ഫാറ്റുകൾ. ഇതിൽ ബഹു, ഏക അപൂരിതകൊഴുപ്പുകൾ അപകടകാരികളല്ലെന്നുള്ളതാണ്. മീനെണ്ണ, ഒലിവെണ്ണ, കടലെണ്ണ, കടുകെണ്ണ വിവിധയിനം കടലകൾ (വാൽനട്ട്, ബദാം, ഹെയ്സൽ നട്ട്, നിലക്കടല) തുടങ്ങിയവ ഹൃദയാരോഗ്യത്തിന് നല്ലതുതന്നെ. പൂരിത കൊഴുപ്പുകൾ അപകടകാരിയാകുന്നു. മാട്ടിറച്ചി, ചീസ്, ബട്ടർ, വെളിച്ചെണ്ണ, പാമോയിൽ, പന്നിയിറച്ചി, ചെമ്മീൻ തുടങ്ങിയവ ഹാനികരമാണ്. ഇതിൽ ഏറ്റവും അപകടകാരി ട്രാൻസ്ഫാറ്റുകളാണ്. രാസപ്രവർത്തനത്തിലൂടെ കട്ടിയാക്കപ്പെട്ട ഇത്തരം കൊഴുപ്പുകൾ നമ്മുടെ ബേക്കറി പലഹാരങ്ങളിലും പലപ്രാവശ്യം തിളപ്പിക്കുന്ന എണ്ണകളിലും സുലഭമാണ്.
ആരാണീ കൊളസ്ട്രോൾ? എവിടെയും വില്ലനായി ചിത്രീകരിക്കപ്പെടുന്ന കൊളസ്ട്രോൾ നമ്മുടെ ആരോഗ്യ സുരക്ഷയ്ക്ക് അനിവാര്യമാണ്. ജീവപ്രധാന ഹോർമോണുകളുടേയും കോശങ്ങളുടേയും നിർമ്മിതിയിൽ കൊളസ്ട്രോൾ അവിഭാജ്യഘടകമാണ്. എന്നാൽ ഈ രാസ തന്മാത്രയുടെ അളവ് ശരീരത്തിൽ അധികരിക്കുമ്പോഴാണ് പ്രശ്നം ഗുരുതരമാകുന്നത്. അധികമായാൽ അമൃതും വിഷം. മെഴുകുപോലുള്ള ഈ പദാർത്ഥത്തെ അവലംബിച്ചുള്ള ഗവേഷണങ്ങൾ നേടിയെടുത്തത് പതിനെട്ടിൽപ്പരം നൊബേൽ സമ്മാനങ്ങളാണ്. എന്നിട്ടും തീർന്നില്ല ദുരൂഹതകളും അവ്യക്തതകളും. ഇത്രമാത്രം ഗവേഷണ വിധേയമായ മറ്റൊരു സമസ്യ വൈദ്യശാസ്ത്രത്തിലുണ്ടോയെന്നറിയില്ല. കാരണം കൊളസ്ട്രോൾ രക്തത്തില്‍ കുമിഞ്ഞുകൂടിയാൽ ധമനികളുടെ ഉൾപ്പാളികളിൽ അടിഞ്ഞുകൂടി ബ്ലോക്കുണ്ടാകുകയും രക്തപ്രവാഹം ദുഷ്ക്കരമാവുകയും ചെയ്യുന്നു. ഹൃദയധമനികളിൽ ബ്ലോക്കുണ്ടാകുമ്പോഴാണ് ഹാർട്ടറ്റാക്ക് സംഭവിക്കുന്നത്.
മഞ്ഞക്കരു വേണ്ടേ വേണ്ട !
32 ദശലക്ഷം ഇന്ത്യക്കാർക്ക് ഹൃദ്രോഗമുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. ഹൃദ്രോഗബാധ ഭീതിജനകമാംവിധം ചെറുപ്പക്കാരിലേക്ക് പടരുകയാണ്. പത്തുശതമാനം ഹാർട്ടറ്റാക്കും 40 വയസ്സിൽ കുറഞ്ഞവരിലാണ് സംഭവിക്കുന്നത്. കാനഡായിലുള്ളവരേക്കാൾ ഇരട്ടിയും ജപ്പാൻകാരേക്കാൾ 20 മടങ്ങുമാണ് ഇന്ത്യക്കാരുടെ ഹൃദ്രോഗ സാധ്യത. കേരളീയർക്ക് ഇന്ത്യൻ ശരാശരിയേക്കാൾ കൂടുതൽ ഹൃദ്രോഗസാധ്യതയുണ്ട്. ഇന്ത്യയിൽ ഏറ്റവുമധികം മാംസം ഉപയോഗിക്കുന്നവരാണ് കേരളീയർ. മറ്റുള്ളവരേക്കാൾ ഇന്ത്യക്കാർക്ക് കുറഞ്ഞ കൊളസ്റ്ററോൾ അളവിലും ഹൃദ്രോഗസാധ്യത കൂടുതലായി കാണുന്നു. അതുകൊണ്ട് വിദേശരാജ്യങ്ങളിലെ അളവുകളും നിർദ്ദേശങ്ങളും അപ്പാടെ ഇന്ത്യക്കാരിലേക്ക് പകർത്തുന്നത് ശരിയല്ല. കൂടാതെ ഇത്തരം പഠനവിവരങ്ങൾ കൃത്യമായി മനസ്സിലാക്കാത്തതിന്റെ പേരിൽ സാധാരണക്കാർ കൊളസ്ട്രോൾ അടങ്ങുന്ന ഭക്ഷണപദാർത്ഥങ്ങൾ കൂടുതലായി ഉപയോഗിക്കാനും അങ്ങനെ ഹൃദയാരോഗ്യനില അപകടത്തിലാകാനും വർദ്ധിച്ച സാധ്യതയുണ്ട്. ഇങ്ങനെ വരുമ്പോൾ സ്റ്റാറ്റിൻ ഉപയോഗം കുറയുന്നതിനു പകരം കൂടുകയാണുണ്ടായത്. അതുകൊണ്ട് ഇന്ത്യയിൽ ഇതേപ്പറ്റി വസ്തുനിഷ്ഠമായ പഠനങ്ങൾ നടത്തുന്നതിനുമുമ്പ് എടുത്തുചാട്ടത്തിന് ഒരുമ്പെടരുത്. നമ്മൾ മുട്ടയുടെ മഞ്ഞക്കരു വർജിക്കുക തന്നെ വേണം.
വിവരങ്ങൾക്കു കടപ്പാട്
ഡോ. ജോർജ് തയ്യിലിന്റെ 'ഹൃദയാരോഗ്യത്തിന് ഭക്ഷണവും വ്യായാമവും' എന്ന ബുക്ക്