പെർഫ്യൂം നിങ്ങളെ രോഗിയാക്കുന്നതിങ്ങനെ?

യാത്ര പുറപ്പെടും മുൻപ് പെർഫ്യൂം പൂശുന്ന സ്വഭാവം ഉള്ളയാളാണോ നിങ്ങൾ ? കൂടുതൽ അട്രാക്ടീവ് ആയി തോന്നണം എങ്കിൽ സുഗന്ധദ്രവ്യങ്ങൾ പൂശണം എന്നാണ് ചിലർ കരുതുന്നത്. ചിലർക്ക് ആത്മവിശ്വാസം തോന്നണമെങ്കിൽ ഇഷ്ടഗന്ധം ദേഹത്തു സ്പ്രേ ചെയ്യണം. എന്നാൽ ഈ കൃത്രമ ഗന്ധങ്ങൾ നിങ്ങളെ രോഗിയാക്കും എന്നു പറഞ്ഞാൽ വിശ്വസിക്കുമോ. വിശ്വസിച്ചേ മതിയാകൂ.

കേറ്റ് ഗ്രെൻവിൽ എന്ന ഗവേഷക നടത്തിയ പഠനത്തിൽ സുഗന്ധദ്രവ്യങ്ങൾ പൂശുന്ന മൂന്നിൽ ഒരാൾക്ക് വീതം തലവേദന, ആസ്മ, ദേഹത്ത് ചുവന്ന പാടുകൾ ഇവയുണ്ടാകുമെന്നു തെളിഞ്ഞു. 2014 ൽ നടത്തിയ ഒരു പഠനത്തിൽ നാലിലൊന്നു സ്ത്രീകൾക്കും ഉണ്ടാകുന്ന മൈഗ്രേനു പ്രധാന കാരണമായി കണ്ടത് സുഗന്ധദ്രവ്യങ്ങളുടെ ഗന്ധമായിരുന്നു.

ഏതാണ്ട് എല്ലാ പെർഫ്യൂമുകളും സെന്റുകളും കൃത്രിമ രാസവസ്തുക്കൾ കൊണ്ട് ഉണ്ടാക്കിയതാണ്. എന്നാൽ ട്രേഡ് സീക്രട്ട് ആയി കരുതി മിക്ക നിർമ്മാതാക്കളും ഇവയിൽ അടങ്ങിയ വസ്തുക്കൾ ഏതൊക്കെ എന്നു പറയില്ല. മിക്ക സുഗന്ധങ്ങളുടെയും അടിസ്ഥാനമായ നാച്വറൽ ഓയിലുകളും വിഷപദാർത്ഥങ്ങൾ അടങ്ങിയതാണെന്നു തെളിഞ്ഞിട്ടുണ്ട്.

റോസ് എസൻഷ്യൽ ഓയിലുകളിലും കെന്റക്കി ബോർബോണിലും അടങ്ങിയ സംയുക്തമായ ബി–ഡാമാസിനോൺ ശരാശരിയിലും കൂടിയ അളവിൽ ഉപയോഗിച്ചാൽ അലർജി ഉണ്ടാകും. കൂടാതെ യൂക്കാലിപിറ്റ്സിന് അതിന്റെ ഗന്ധം കൊടുക്കുന്ന 1,8– സിനോൾ കൂടിയ അളവിൽ കൂടുതൽ അളവിൽ ഉപയോഗിച്ചാൽ കരളിന്റെ നാശത്തിനു കാരണമാകും.

സുഗന്ധദ്രവ്യങ്ങളുടെ ഗന്ധം, അത് പൂശുന്നവർക്കു മാത്രമല്ല അടുത്തു നിൽക്കുന്ന ഈ ഗന്ധം ശ്വസിക്കുന്നവർക്കും പലപ്പോഴും തലവേദനയ്ക്ക് കാരണാകും. സുഗന്ധദ്രവ്യങ്ങൾ ഉപയോഗിക്കുന്നവരെ രോഗിയാക്കും എന്ന പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത് കേറ്റ് ഗ്രെൻവില്ലിന്റെ ‘ദി കേസ് എഗയ്ൻസ്റ്റ് ഫ്രാഗ്രൻസ്’ എന്ന പുസ്തകത്തിലാണ്.