വീടിനുള്ളിലെ ഈ വസ്തുക്കള്‍ ആരോഗ്യത്തിനു കടുത്ത വെല്ലുവിളി 

നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥലം ഏതാണെന്ന് ചോദിച്ചാല്‍ മിക്കവരും പറയുന്ന ഉത്തരം സ്വന്തം വീട് എന്നാകും. നമ്മുടെ സ്വര്‍ഗ്ഗമാണ് വീട്. എന്നാല്‍ ഏറ്റവുമധികം സമയം ചെലവിടുന്ന വീടുകളിൽ നിന്നുതന്നെ പലതരത്തിലെ ആരോഗ്യപ്രശ്നങ്ങൾ നമുക്ക് ബാധിക്കാം. എത്രയൊക്കെ കരുതലും ശുചിത്വവും പാലിച്ചാലും നമ്മുടെ കണ്ണെത്താത്ത ഇടങ്ങളിലൂടെ അനാരോഗ്യം തേടിവരാം. നമ്മുടെ ചുറ്റുപാടുകളില്‍ തന്നെ നമ്മള്‍ ശ്രദ്ധിക്കാതെപ്പോകുന്ന അത്തരം ചില അപകടങ്ങളെ അറിയാം.

അടിഞ്ഞുകൂടുന്ന പൊടിപടലങ്ങള്‍ 

വീടിനുള്ളിലെ പൊടി എല്ലാവര്‍ക്കുമൊരു ശല്യമാണ്. എത്രയൊക്കെ വൃത്തിയായി സൂക്ഷിക്കാന്‍ ശ്രമിച്ചാലും നമ്മുടെ കണ്ണില്‍പ്പെടാതെ എവിടെയെങ്കിലും പൊടിപടലങ്ങള്‍ ഒളിച്ചിരിക്കും. കട്ടിലിനു കീഴില്‍, സോഫയുടെ താഴെ, ഫ്രിഡ്ജിനു മുകളില്‍ അങ്ങനെ പെട്ടന്ന് ശ്രദ്ധിക്കാതെ പോകുന്ന സ്ഥലങ്ങളില്‍ പൊടിപടലങ്ങള്‍ ഉണ്ടാകും. അടുത്തിടെ നടത്തിയ ചില പഠനങ്ങള്‍ പറയുന്നത് ഈ പൊടിപടലങ്ങൾ അത്ര നിസ്സാരക്കാരല്ലെന്നാണ്. കാരണം നമ്മള്‍ ഉപയോഗിക്കുന്ന ഫ്ലോര്‍ക്ലീനെറുകള്‍, സോപ്പ്പൊടി എന്നിവയിലെല്ലാം മാരകമായ കീടനാശിനികള്‍ അടങ്ങിയിട്ടുണ്ട്. ഇവ ഉപയോഗിക്കുന്ന സമയം അന്തരീക്ഷവുമായി കൂടിക്കലര്‍ന്ന് ഈ പൊടിപടലങ്ങളില്‍ അടിഞ്ഞു കൂടും. ഇത് മാരകമായ വിഷമാണ് പുറത്തുവിടുന്നത്. ഏറ്റവുംമധികം ഇതു ബാധിക്കുന്നത് കൊച്ചുകുഞ്ഞുങ്ങളെയാണ്. കാരണം മുതിര്‍ന്നവരെക്കാള്‍ തറയില്‍ ഇരുന്നും മൂലകളില്‍ ഒളിച്ചിരുന്നും ഇവയോട് കൂടുതല്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത് കുഞ്ഞുങ്ങള്‍ ആണല്ലോ. 

കിടക്ക

കട്ടില്‍ കണ്ടാല്‍ തന്നെ ഉറങ്ങിപ്പോകും എന്ന് പറയാറില്ലേ. ദിവസം മുഴുവനുമുളള അലച്ചിലും ക്ഷീണവും മാറ്റാനാണ് നമ്മള്‍ കിടക്കയിലേക്ക് വരുന്നത്. എന്നാല്‍ വൃത്തിയായും വെടിപ്പായും സൂക്ഷിക്കുന്ന കിടക്കകള്‍ അത്ര സുരക്ഷിതമാണോ? അല്ലെന്നാണ് മാഞ്ചസറ്റര്‍ സർവകലാശാലയിലെ ശാസ്ത്രജ്ഞർ പറയുന്നത്. കിടക്കളില്‍ നിന്നാണത്രേ നമുക്ക് ഏറ്റവുമധികം അലര്‍ജി പിടിപെടുന്നത്. ഫംഗസ് കൂടുതലായി കാണപ്പെടുന്നത് കിടക്കയിലാണ്. പ്രതിരോധശക്തി കുറഞ്ഞവര്‍ക്ക് വേഗത്തില്‍ അലര്‍ജി പിടിപെടുന്നതിനു കാരണം ഇതാണ്. ഇത്തരം ഫംഗസുകളുമായുള്ള സമ്പര്‍ക്കം കുഞ്ഞുങ്ങള്‍ക്ക്‌ ആസ്മ പോലുള്ള അസുഖങ്ങള്‍ വരാന്‍ കാരണമാകുന്നുമുണ്ട്.

സോപ്പ് 

പരസ്യങ്ങളില്‍ കാണുന്ന പോലെ അണുക്കളെ പമ്പകടത്താന്‍ സോപ്പിട്ടു പതപ്പിക്കുന്ന ആളാണോ നിങ്ങള്‍. അണുക്കളില്‍ നിന്നും നമ്മുടെ ശരീരത്തെ പൂര്‍ണമായും സംരക്ഷിക്കാമെന്ന വാഗ്ദാനവുമായി വിപണിയില്‍ എത്തുന്ന ആന്റിബാക്ടീരിയല്‍ സോപ്പുകളും ഷാംപൂകളും സുരക്ഷിതമാണോ? തീര്‍ത്തും അല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

 ഇതില്‍ വ്യാപകമായി ഉപയോഗിക്കപെടുന്ന ത്രിക്ലോസന്‍ എന്ന ആന്റി മൈക്രോബിയല്‍ പദാര്‍ഥം അർബുദത്തിനും കരള്‍ രോഗങ്ങള്‍ക്കും കാരണമാകുന്നുണ്ടെന്നാണു പഠനങ്ങള്‍ പറയുന്നത്. സോപ്പ്, ഷാംപൂ , ടൂത്ത്പേസ്റ്റ്, ഹാന്‍ഡ്‌വാഷ്‌ എന്നിവയില്‍ അടങ്ങിയിരിക്കുന്ന വസ്തുക്കള്‍ വന്ധ്യതയ്ക്ക് വരെ കാരണമാകുന്നുണ്ടത്രേ.

സുഗന്ധ മെഴുതിരികള്‍ 

വീട്ടിലെ ചില പ്രത്യേകസന്ദര്‍ഭങ്ങളിലോ റൊമാന്റിക്‌ മൂഡിനു വേണ്ടിയോ ഒക്കെ നമ്മള്‍ കത്തിച്ചുവയ്ക്കുന്ന മണമുള്ള മെഴുതിരികള്‍ സത്യത്തില്‍ നമ്മളെക്കൊണ്ട് വിഷമാണ് ശ്വസിപ്പിക്കുന്നതെന്നറിയാമോ? അമേരിക്കന്‍ പരിസ്ഥിതി സംരക്ഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം ഇത്തരം മെഴുകുതിരികള്‍ വായുവിനെ മലിനമാക്കുകയാണ് ചെയ്യുന്നത്. ബെന്‍സീന്‍ എന്ന കെമിക്കല്‍ വലിയ അളവില്‍ പുറത്തുവിടുക വഴി ആരോഗ്യത്തിനു വെല്ലുവിളിയാണ് ഇവ ഉയര്‍ത്തുന്നത്. ആസ്മ, മൈഗ്രേന്‍ എന്നിയെല്ലാം ഇത് വഴി ഉണ്ടാകാന്‍ സാധ്യതയുമുണ്ട്.

വീട്ടിനുള്ളിലെ പൂച്ചെടികള്‍

പൂച്ചെടികള്‍ ഇഷ്ടമില്ലാത്തവര്‍ ആരാണ്? പണ്ടൊക്കെ മുറ്റത്തും പറമ്പിലും നട്ടുവളര്‍ത്തിയിരുന്ന ചെടികള്‍ക്ക് ഇന്നത്തെ കാലത്ത് സ്ഥാനം വീടിനുള്ളിലാണ്. ഫ്ലാറ്റുകളിലും മറ്റും സ്ഥലക്കുറവ്‌ കാരണം ബാല്‍കണികളിലൊക്കെയായി ഇവയുടെ സ്ഥാനം. വീട്ടിനുള്ളിലെ ഈ പച്ചപ്പ്‌ കാണാൻ ഒരു ഭംഗി തന്നെ. എന്നാൽ അലങ്കാരത്തിനു വേണ്ടി വയ്ക്കുന്ന ഈ പൂച്ചട്ടികള്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് രോഗങ്ങളും സമ്മാനിക്കുന്നുണ്ട്. ഉദാഹരത്തിനു ലില്ലി ചെടികള്‍. ലില്ലികള്‍ പലതരത്തിലുണ്ട്. ഇവയില്‍ പലതും വീട്ടിനുള്ളില്‍വയ്ക്കാന്‍ പാടില്ലാത്തതാണ്. ഇതിന്റെ ദുഷ്യവശങ്ങള്‍ കൂടുതൽ അനുഭവിക്കേണ്ടിവരിക കുഞ്ഞുങ്ങളാകും. അതുപോലെ തന്നെ മേശപ്പുറത്തു സൂക്ഷിക്കുന്ന പൂക്കളില്‍ നിന്നും അലര്‍ജി പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടാകാനും സാധ്യതയേറെയാണ്. പൂക്കള്‍ ഇട്ടു വെയ്ക്കാന്‍ ഉപയോഗിക്കുന്ന ഫ്ലവര്‍വെയ്സിലെ വെള്ളം അടിക്കടി മാറ്റുകയും വേണം. 

വളര്‍ത്തുമൃഗങ്ങള്‍ 

വളര്‍ത്തുമൃഗങ്ങള്‍ നമ്മുടെ ഓമനകളാണ്. മിക്കവീടുകളിലും വളര്‍ത്തുമൃഗങ്ങള്‍ വീട്ടിലെ അംഗത്തെ പോലെയാണ്. ചിലര്‍ക്ക് ഇവ സ്വന്തം കുഞ്ഞുങ്ങളെ പോലെയും. എന്നാല്‍ ഇതും ആരോഗ്യപരമല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. നായ്ക്കളുടെയും പൂച്ചകളുടെയും ശരീരത്തില്‍ കാണപ്പെടുന്ന ചെള്ളുകള്‍ മനുഷ്യരില്‍ വലിയ ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്‌. അതുപോലെ തന്നെ ചെള്ള് ശല്യം ഇല്ലാതാക്കാന്‍ ഉപയോഗിക്കുന്ന മരുന്നുകളും മനുഷ്യര്‍ക്ക്‌ നല്ലതല്ല. 

Read More : Health and Wellbeing