ജോലിസ്ഥലത്തെ ഈ കാര്യങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തിനു ഹാനികരം

എവിടെ ജോലി ചെയ്താലും ശരി നിങ്ങളുടെ ജോലി സ്ഥലവും ചുറ്റുപാടും ആരോഗ്യകരമല്ലെങ്കിലോ ? പലതരത്തിലെ ആളുകള്‍ വന്നു പോകുന്ന സ്ഥലമാണ് ഒഫിസ്. എത്ര വലുതോ ചെറുതോ ആകട്ടെ ഒരുപാട് ആളുകള്‍ കയറിയിറങ്ങുന്ന ഏതൊരു സ്ഥലവും ആരോഗ്യത്തിനു വെല്ലുവിളിയാണ്. 

പൊതുശുചിമുറി, ഭക്ഷണം കഴിക്കാന്‍ പൊതു ഇടം അങ്ങനെ നിരവധി കാര്യങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തെ ഹനിക്കാന്‍ കാത്തിരിക്കുന്നുണ്ട്. പലപ്പോഴും ഇതിനെ കുറിച്ചു നമ്മള്‍ ബോധവാന്മാര്‍ അല്ല. ഒഫീസുകളിലെ ഏഴ് ആരോഗ്യപ്രശ്നങ്ങളെ കുറിച്ചറിയാം.

ഭക്ഷണം

നിങ്ങളുടെ ഒഫിസ് ഡെസ്കില്‍ ഇരുന്നുള്ള ഭക്ഷണം കഴിപ്പ്‌ ഒരിക്കലും നന്നല്ല. മിക്ക കമ്പനികളും ജോലി ചെയ്യുന്ന ഡെസ്കില്‍ ഇരുന്നുള്ള ഭക്ഷണം കഴിക്കലിനു വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. എത്രയൊക്കെ ശ്രദ്ധയോടെ കഴിച്ചാലും ചെറിയ ആഹാരപദാര്‍ത്ഥങ്ങള്‍ നിങ്ങളറിയാതെ 

മേശയിലോ ഫയലുകള്‍ക്കുള്ളിലോ വീഴാന്‍ സാധ്യതയുണ്ട്. ഇത് പാറ്റ, എലി, ഉറുമ്പ് എന്നിവയെ ആകര്‍ഷിക്കും. സാല്‍മോണല്ല, സ്റ്റേഫിലോക്കോക്കസ് തുടങ്ങിയ മാരകബാക്ടീരിയകളുടെ വാഹകരാണ് ഇവ. 

കപ്പുകള്‍

ഒഫിസില്‍ നിങ്ങള്‍ ചായയോ കാപ്പിയോ കുടിക്കുന്ന കപ്പുകളും മഗ്ഗുകളും അടുത്ത ദിവസം ഉപയോഗിക്കും മുന്‍പ് വൃത്തിയായി കഴുകാറൂണ്ടോ ? എന്നാല്‍ ഇനി അതൊന്നു ശ്രദ്ധിച്ചോളൂ. ഓരോ ദിവസവും ഉപയോഗത്തിനു ശേഷം ടേബിളില്‍ വച്ചിട്ടു പോകുന്ന ഇവ അടുത്ത ദിവസം ഉപയോഗിക്കുമ്പോള്‍ അണുവിമുക്തമാക്കേണ്ടതാണ്. 

മേശയ്ക്കുള്ളില്‍ ഭക്ഷണം സൂക്ഷിക്കണ്ട 

ഒഫിസിലെ മേശയ്ക്കുള്ളില്‍ ആഹാരസാധനങ്ങള്‍ സൂക്ഷിച്ചുവയ്ക്കുന്ന ശീലമുണ്ടോ? എങ്കില്‍ അതു നിര്‍ത്തിയേക്കുക. നേരത്തെ പറഞ്ഞ പോലെ പാറ്റകളും എലികളും അവയ്ക്കുള്ളില്‍ താവളമാക്കാതെ സൂക്ഷിക്കുക. ഭക്ഷണസാധനങ്ങള്‍ സൂക്ഷിച്ചുവയ്ക്കണം എന്നു നിര്‍ബന്ധമുള്ളവര്‍ അത് വായു കടക്കാത്ത ടപ്പകളില്‍ സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക.

ശുചിമുറി

പുരുഷൻമാരെ അപേക്ഷിച്ചു സ്ത്രീകളാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത്. സ്വന്തം വീട്ടിലെ ശുചിമുറി പോലെയാകില്ല പുറത്തുള്ളത് ഉപയോഗിക്കുമ്പോള്‍. അതുകൊണ്ട് ടോയ്‌ലറ്റ് ഉപയോഗിക്കും മുന്‍പ് ടോയ്‌ലറ്റ് സീറ്റുകള്‍ വൃത്തിയാണെന്ന് ഉറപ്പുവരുത്തുക. ഒരു ടിഷ്യൂ പേപ്പര്‍ ഉപയോഗിച്ചു സീറ്റുകള്‍ വൃത്തിയാക്കിയ ശേഷം മാത്രം ഉപയോഗിക്കുക. ഇ കോളി ബാക്ടീരിയകളുടെ വിഹാരകേന്ദ്രമാണ് ശുചിമുറി. ഉപയോഗശേഷം കൈകള്‍ വൃത്തിയാക്കാനും മറക്കേണ്ട.

അസുഖമുള്ളപ്പോള്‍ ലീവെടുക്കുക 

പനിയായാലും മറ്റെന്തു അസുഖമായാലും ശരി ഒഫിസിലേക്ക് പോകാതിരിക്കുന്നതാണ് ഉചിതം. നിങ്ങളുടെ ആരോഗ്യസ്ഥിതി മോശമാകുന്ന പോലെ തന്നെ നിങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്കും അത് ബുദ്ധിമുട്ടാകുമെന്ന കാര്യം കണക്കിലെടുക്കുക. ലീവിന് പ്രശ്നമുള്ളവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുക.

പങ്കുവെച്ചോളൂ, പക്ഷേ ...

ഒഫിസിലെ സഹപ്രവര്‍ത്തകനൊരു അസുഖം വന്നാലോ ഒരു ദിവസം ഭക്ഷണം കൊണ്ടുവരാന്‍ കഴിയാതെ വന്നാലോ നിങ്ങളുടെ ആഹാരം പങ്കുവയ്ക്കുന്നതില്‍ തെറ്റില്ല. പക്ഷേ ഒരിക്കലും അവരുടെ പാത്രം അതിനായി ഉപയോഗിക്കാതിരിക്കുക. അതുപോലെ തന്നെ പ്രധാനമാണ് നിങ്ങളുടെ സ്പൂണ്‍, വെള്ളം, ഗ്ലാസ്സ്‌ എന്നിവ പങ്കുവയ്ക്കുന്നതും. നിങ്ങള്‍ രോഗാണുക്കളെ അങ്ങോട്ട്‌ പോയി ക്ഷണിച്ചു കൊണ്ടുവരുന്നതിന് തുല്യമാണിത്.

Read More : Health and Wellbeing