ദിവസവും 8 ഗ്ലാസ്‌ വെള്ളം കുടിക്കണോ? കേട്ടറിവുകൾക്കു പിന്നിലെ യാഥാർഥ്യം

ആരോഗ്യകാര്യങ്ങളെക്കുറിച്ചു നൂറായിരം സംശയങ്ങളാണ് എല്ലാവർക്കും. ഇനി ആരോടെങ്കിലും ഉപദേശം സ്വീകരിക്കാമെന്ന് കരുതിയാലോ ഓരോരുത്തര്‍ക്കും കാണും പറയാന്‍ ഒരു കൂട്ടം ഉപദേശങ്ങള്‍. ആരോഗ്യസംബന്ധമായി നമ്മള്‍ ദിനംപ്രതി കേള്‍ക്കുന്ന പല അഭിപ്രായങ്ങളും സത്യത്തില്‍ യാതൊരു അടിസ്ഥാനവുമില്ലാത്ത സംഭവങ്ങള്‍ ആണെന്നതാണ് വാസ്തവം. അത്തരത്തിലെ ചില തെറ്റിദ്ധാരണകളെ കുറിച്ചറിയാം.

ദിവസവും 8 ഗ്ലാസ്‌ വെള്ളം കുടിക്കണോ ?

പണ്ടു തൊട്ടു കേട്ട് പരിചയിച്ച ഒരു ഉപദേശമാണിത്.  എന്നാല്‍ ഇതില്‍ യാതൊരു അടിസ്ഥാനവുമില്ല. ഗവേഷകര്‍ പറയുന്നത് ഈ എണ്ണത്തിലൊന്നുമൊരു കാര്യമില്ലെന്നാണ്. ദാഹം വരുന്നതനുസരിച്ചാണ് ഒരാള്‍ വെള്ളം കുടിക്കേണ്ടത്. ശരീരത്തിലെ ജലാംശം നഷ്ടമാകുന്നതില്‍ നിന്നും നമ്മളെ രക്ഷിക്കാന്‍ ശരീരംതന്നെ  വേണ്ട സമയത്ത് ദാഹമുണ്ടാക്കിക്കോളും. പിന്നെ ചൂടുള്ള കാലാവസ്ഥയില്‍ ജോലി ചെയ്യുന്നവര്‍, മൂത്രത്തിന് കടുത്ത മഞ്ഞ നിറം ഉണ്ടാകുക എന്നിങ്ങനെയുള്ള സാഹചര്യങ്ങളില്‍ കൂടുതല്‍ വെള്ളം കുടിക്കേണ്ടതാണ്. വെള്ളത്തിന്റെ അംശം ധാരാളമുള്ള പഴങ്ങള്‍, ജ്യൂസ്‌, പച്ചക്കറികള്‍, ചായ, കോഫി, സൂപ് എന്നിവ കഴിക്കുന്നതും ജലാംശം നഷ്ടമാകാതെ 

സഹായിക്കും.

മുട്ട ഹൃദയാരോഗ്യത്തിനു ഹാനികരമോ?

മുട്ടയെ ഹൃദയത്തിന്റെ ശത്രുവായി കാണേണ്ട എന്നാണു മിക്ക പഠനങ്ങളും പറയുന്നത്. മുട്ടയുടെ മഞ്ഞക്കരൂവില്‍ കൊളസ്ട്രോള്‍ അടങ്ങിയിട്ടുണ്ട്. എങ്കില്‍പ്പോലും അതൊന്നു കൊണ്ടുമാത്രം ഹൃദയാരോഗ്യത്തെ ബാധിക്കുമെന്നു പറയാന്‍ സാധിക്കില്ല. ധാരാളം പ്രോട്ടീനും വിറ്റമിനുകളും അടങ്ങിയ ആഹാരമാണ് മുട്ട. മുട്ടയിലെ പോഷകങ്ങളും ഒമേഗ 3 എന്നിവയും ഹൃദയത്തെ സംരക്ഷിക്കുകയാണ്.

ഡിയോഡറന്റുകള്‍ സ്തനാർബുദത്തിനു കാരണമോ?

ഡിയോഡറന്റുകള്‍, ശരീരത്തു പുരട്ടുന്ന ആന്റിപേര്‍സ്‌പിറന്റ്സ് എന്നിവ സ്തനാർബുദത്തിനു കാരണമാകുമെന്ന് ചില പഠനങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍ നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനം പ്രകാരം ഇത്തരമൊരു സാധ്യത കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. 

മഞ്ഞു കൊണ്ടാല്‍ പനി പിടിക്കുമോ ?

ഒരല്‍പം തണുപ്പുള്ള കലാവസ്ഥയിലോ മഞ്ഞുള്ളപ്പോഴോ പുറത്തിറങ്ങിയാല്‍ ഉടന്‍ കേള്‍ക്കുന്ന ഉപദേശമാണ് പനിയോ ജലദോഷമോ വരുമെന്നത്. ഇതിൽ ഒരു വാസ്തവവും ഇല്ല. ആരോഗ്യമുള്ളവര്‍ ദീര്‍ഘനേരം വളരെ തണുപ്പുള്ള കാലാവസ്ഥയില്‍ കഴിച്ചുകൂട്ടിയപ്പോള്‍ അവരുടെ പ്രതിരോധശേഷി വർധിച്ചതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പുറത്തെ കലാവസ്ഥയെക്കാള്‍ വീട്ടിനുള്ളിലെ അന്തരീക്ഷമാണ് മിക്കപ്പോഴും പനിയ്ക്കും ജലദോഷത്തിനും കാരണമാകുക.

മള്‍ട്ടിവിറ്റമിന്‍ ആവശ്യമാണോ ?

ദിവസവും നമ്മള്‍ കഴിക്കുന്ന ആഹാരത്തില്‍ നിന്നും ലഭിക്കാത്ത പോഷകങ്ങള്‍ ശരീരത്തിനു ലഭിക്കാനായി മള്‍ട്ടിവിറ്റമിന്‍ ഗുളികകള്‍ കഴിക്കേണ്ടതുണ്ടോ? ഇതില്‍ യാതൊരു അടിസ്ഥാനവുമില്ല. ശരീരത്തിന് അധിക വിറ്റാമിനുകള്‍ ആവശ്യമാണെന്ന് നിങ്ങളുടെ ഡോക്ടര്‍ നിര്‍ദേശിച്ചാല്‍ മാത്രം അവ കഴിക്കുക. ഗര്‍ഭിണികള്‍ ഫോളിക് ആസിഡ് ഗുളികകള്‍ കഴിക്കണം എന്ന് നിര്‍ദേശിക്കുന്നത് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനു വേണ്ടിയാണ്. പഴങ്ങള്‍, പച്ചക്കറികള്‍,ധാന്യങ്ങള്‍, നട്സ്  എന്നിവ  ആഹാരത്തില്‍ ഉള്‍പ്പെടുത്തുക.

പ്രാതല്‍ ഒഴിവാക്കിയാല്‍ വണ്ണം കുറയ്ക്കാം 

അർഥശൂന്യമായൊരു ധാരണയാണിത്‌. ഒരു ദിവസത്തേക്ക് ശരീരത്തിനാവശ്യമായ ഊര്‍ജം ലഭിക്കുക പ്രാതലില്‍ നിന്നാണ്. പ്രാതല്‍ രാജാവിനെ പോലെ വേണമെന്നാണല്ലോ. നന്നായി പ്രാതല്‍ കഴിക്കുന്നത്‌ സത്യത്തില്‍ വണ്ണം കുറയ്ക്കാന്‍ സഹായിക്കും. നല്ല കലോറി അടങ്ങിയ പ്രാതല്‍ കഴിക്കുന്നവര്‍ക്ക് പിന്നെയുള്ള സമയങ്ങളില്‍ അമിതവിശപ്പ്‌ തോന്നുകയില്ല. ഇത് ആഹാരം കഴിക്കുന്നതിന്റെ അളവ് കുറയ്ക്കുകയാണ് ചെയ്യുന്നത്. 

പച്ചനിറത്തില്‍ മൂക്കില്‍ നിന്നുള്ള ദ്രാവകം അപകടമോ ?

ജലദോഷമോ അലര്‍ജിയോ ഉണ്ടാകുമ്പോള്‍ മൂക്കില്‍ നിന്നും പച്ചയോ മഞ്ഞയോ നിറത്തില്‍ ദ്രാവകം വരാന്‍ സാധ്യതയുണ്ട്. ഇത് ബാക്ടീരിയ അണുബാധയുടെ ലക്ഷണമാണ്. ഇതിനായി ആന്റിബയോട്ടിക്സ് കഴിക്കേണ്ട കാര്യമൊന്നുമില്ല. ആവശ്യമെന്ന് കണ്ടാല്‍ മാത്രം മരുന്നുകള്‍ കഴിക്കുക.

കുഞ്ഞുങ്ങള്‍ മധുരം കൂടുതല്‍ കഴിച്ചാല്‍ മടിയന്മാരാകുമോ ?

കുഞ്ഞുങ്ങള്‍ക്ക്‌ മധുരം അത്ര നന്നല്ല. പക്ഷേ മധുരം കഴിച്ചതു കൊണ്ട് ആരും മടിയന്മാരോ ഹൈപ്പര്‍ ആക്ടീവോ ആകുന്നില്ല. 

ടോയ്‌ലറ്റ് സീറ്റുകള്‍ നിങ്ങളെ രോഗിയാക്കും 

ഇ- കോളി, നോറോ വൈറസ്‌ പോലുള്ളവയുടെ വാസസ്ഥലമാണ് ടോയ്‌ലറ്റുകള്‍. അതില്‍ സംശയമില്ല. എന്നാല്‍ ടോയ്‌ലറ്റ് സീറ്റുകളെ മാത്രം കുറ്റംപറഞ്ഞിട്ട് കാര്യമില്ല. ബാത്ത്റൂം വാതിലുകള്‍, ഡോര്‍ ഹാന്‍ഡിലുകള്‍ എല്ലാം അണുവാഹകരാണ്. അതുകൊണ്ടുതന്നെ ടിഷ്യൂ കൊണ്ട് നന്നായി തുടച്ച ശേഷം ഇവയില്‍ പിടിക്കാന്‍ ശ്രദ്ധിക്കുക. 

കൈ വിരലുകളില്‍ ഞൊട്ടയിട്ടാല്‍ ആത്രൈറ്റിസ് വരുമോ ?

കൈ വിരലുകളില്‍ ഞൊട്ടയിട്ടാല്‍ ആത്രൈറ്റിസ് വരുമെന്നത് തെറ്റിധാരണയാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ കേള്‍ക്കുന്ന ശബ്ദം എല്ലുകള്‍ക്കിടയിലെ ഗ്യാസ് കുമിളകള്‍ പൊട്ടുന്നതിന്റെയാണ്. ഇതും ആത്രൈറ്റിസുമായി യാതൊരുവിധ ബന്ധവുമില്ല.

Read More: Health and Wellbeing