ഉണരുമ്പോള്‍ത്തന്നെ കിടക്ക തട്ടി വിരിക്കേണ്ട; കാരണം ഇതാണ്

ഉറങ്ങിയുണരുമ്പോള്‍ത്തന്നെ കിടക്ക തട്ടിക്കുടയുന്നതാണ് മിക്കവരുടെയും ശീലം. കിടക്ക തട്ടി വിരിച്ച് അടുക്കുംചിട്ടയുമായി ഒരു ദിവസം ആരംഭിക്കുന്നതൊക്കെ നല്ലതാണ്. പക്ഷേ ഈ തട്ടിവിരിക്കലിനു പിന്നില്‍ ചില ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ ?

അതേ, നമ്മുടെ കിടക്കയിലെ സൂക്ഷ്മജീവികളാണ് ഇതിനു പിന്നിലെ വില്ലന്മാര്‍. ചെറിയ ഈര്‍പ്പവും ചെറുചൂടുമുള്ള അന്തരീക്ഷത്തിലാണ് ഇവ വളരുന്നത്‌. തൊലിപ്പുറത്തെ ശകലങ്ങളില്‍ പോലും ഇവ വസിക്കുന്നുണ്ട്. ആസ്മ, അലര്‍ജി തുടങ്ങിയ രോഗങ്ങളുടെ പ്രധാന കാരണക്കാരും ഇവയാണ്.

ഉറങ്ങുന്ന സമയത്ത് ഇവ നമ്മുടെ ശരീരത്തില്‍നിന്നു കിടക്കയിലേക്കു പ്രവേശിക്കാറുണ്ട്. കിടക്കവിട്ടുണരുമ്പോള്‍ ഇവയ്ക്ക് ആ അവസ്ഥയില്‍ അധികനേരം കഴിയാന്‍ സാധിക്കില്ല. എന്നാല്‍ കിടക്ക തട്ടിവിരിക്കുമ്പോള്‍ അവ വീണ്ടും നമ്മുടെ ശരീരത്തിലേക്കുതന്നെ എത്തപ്പെടാന്‍ സാധ്യതയുണ്ട്. അന്തരീക്ഷത്തിലൂടെ അവ വീണ്ടും നമ്മളില്‍ പ്രവേശിക്കും.

എങ്ങനെ തുരത്താം?

കിടക്ക തട്ടിവിരിക്കാതെ മാത്രം ഇവയെ തുരത്താന്‍ കഴിയില്ല. വീടിന്റെ സകല മുക്കും മൂലയും വൃത്തിയായി സൂക്ഷിക്കുക എന്നതു തന്നെയാണ് പ്രധാനം. വായു സഞ്ചാരമില്ലാത്ത ചുറ്റുപാടിലാണ് ഇവ ധാരാളമായി വളരുന്നത്‌. ആഴ്ചയില്‍ ഒന്നോ രണ്ടോ പ്രാവശ്യം കിടക്കവിരികള്‍ മാറ്റുന്നതും അനിവാര്യമാണ്. പനിയോ മറ്റു രോഗങ്ങളോ ഉള്ളപ്പോള്‍ ഇതിനു വേണ്ടി കാത്തിരിക്കേണ്ട. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ കിടക്കവിരി ദിവസവും മാറ്റണം.

കാലാവസ്ഥയ്ക്ക് അനുസരിച്ചും കിടക്കവിരി മാറ്റേണ്ടതാണ്. ഉദാഹരണത്തിന് ചൂടുള്ള സമയങ്ങളില്‍ വിയര്‍പ്പും മറ്റും അധികമായിരിക്കും. ഇങ്ങനെ വരുമ്പോള്‍ കിടക്കവിരി അടിക്കടി മാറ്റുക. മുഷിഞ്ഞ കിടക്കകള്‍ സൂക്ഷ്മജീവികള്‍ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാകും.

തലയിണകളെയും അവഗണിക്കേണ്ട

കിടക്കവിരികള്‍ മാത്രമല്ല തലയിണകളെയും സൂക്ഷിക്കണം. കിടക്കവിരികളില്‍ കാണപ്പെടുന്ന അതേ സൂക്ഷ്മജീവികള്‍ തലയിണയിലും ഇടംപിടിച്ചിട്ടുണ്ടാകും. തലയണയില്‍ മുഖം പൂഴ്ത്തി ഉറങ്ങുമ്പോള്‍ ഇവ നേരിട്ട് നിങ്ങളുടെ മുഖവുമായി സംസര്‍ഗ്ഗത്തിലാകും. ഇത് പലതരം അലര്‍ജികള്‍ക്കും ത്വക്ക് രോഗങ്ങള്‍ക്കും കാരണമാകും. കിടക്കവിരികള്‍ മാറ്റുന്നതു പോലെതന്നെ തലയണയുറകളും രണ്ടു ദിവസത്തില്‍ ഒരിക്കല്‍ മാറ്റാൻ മറക്കേണ്ട.

Read More : Healthy Living Tips