ഡ്രൈഫ്രൂട്ട്സ് കഴിക്കുന്നവർ അറിയാൻ...

ബദാം, അണ്ടിപ്പരിപ്പ്, പിസ്ത തുടങ്ങിയ ഡ്രൈഫ്രൂട്ട്സ് ഇടയ്ക്ക് കൊറിക്കാൻ ഇഷ്ടപ്പെടുന്ന ആളാണോ നിങ്ങൾ ? എങ്കിൽ ഹൃദയസംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യതയെ കുറയ്ക്കാൻ ഈ ശീലം സഹായിക്കും.

ഇന്റർനാഷണൽ നടസ് ആൻഡ് ഡ്രൈ ഫ്രൂട്ട് കൗൺസിലിന്റെ സഹകരണത്തോടെ നടത്തിയ പഠനത്തില്‍ മനുഷ്യന്റെ ആരോഗ്യത്തിന് ഗുണകരമായ നിരവധി ഘടകങ്ങൾ ഉണക്കപ്പഴങ്ങളിൽ ഉണ്ടെന്നു കണ്ടു.

ഹൃദയാരോഗ്യമേകാൻ ഡ്രൈഫ്രൂട്ട്സ് സഹായിക്കുമെന്നു പഠനത്തിൽ തെളിഞ്ഞു. എൻഡോതീലിയൻ പ്രവർത്തനങ്ങളും ഇൻഫ്ലമേഷന്റെ ജൈവസൂചകങ്ങളും ഡ്രൈഫ്രൂട്ട്സ് ഉപയോഗിക്കുന്നതിന്റെ വെളിച്ചത്തിൽ പരിശോധിക്കുകയായിരുന്നു പഠന ലക്ഷ്യം. 32 പഠനങ്ങൾ പരാമർശിക്കുന്ന 30 ലേഖനങ്ങൾ പഠനസംഘം റിവ്യൂ ചെയ്തു.

ദിവസം 18 മുതൽ 35 ഗ്രാം വരെ അണ്ടിപ്പരിപ്പുകൾ ഉപയോഗിക്കുന്നതു നല്ലതാണ്.

എൻഡോതീലിയൻ പ്രവർത്തനത്തെ അണ്ടിപ്പരിപ്പുകളുടെ ഉപയോഗം ഗുണകരമായി സ്വാധീനിക്കുന്നതായി പഠനത്തിൽ തെളിഞ്ഞു.

എൻഡോതീലിയൻ പ്രവർത്തനത്തിനുണ്ടാകുന്ന തകരാറ് ഹൃദയസംബന്ധമായ രോഗങ്ങൾക്ക് കാരണമാകും. ഹൃദയസംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുന്നതോടൊപ്പം ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും അണ്ടിപ്പരിപ്പുകളുടെ ഉപയോഗത്തിലൂടെ സാധിക്കുന്നു. ഇവ കഴിക്കുന്നതു മൂലം നിരവധി ആരോഗ്യ ഗുണങ്ങളുമുണ്ട്.

നാരുകൾ ധാരാളം അടങ്ങിയതിനാൽ ദഹനത്തിനു സഹായകം. ഹൃദ്രോഗം, അർബുദം, ഓസ്റ്റിയോപോറോസിസ്, പ്രമേഹം, നാഡീരോഗങ്ങൾ എന്നിവയെ പ്രതിരോധിക്കുന്നു. ജീവകങ്ങൾ, ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, കാൽസ്യം, ഇവ ധാരാളം അടങ്ങിയിരിക്കുന്നു. ഊർജത്തിന്റെ ഉറവിടമാണ് ഡ്രൈ ഫ്രൂട്ട്സ്.  ഡ്രൈഫ്രൂട്ട്സ് ഹൃദയാരോഗ്യമേകുമെന്ന പഠനം ബി എം ജെ ഓപ്പൺ ജേണലിൽ പ്രസിദ്ധീകരിച്ചു. 

Read More : Health and Wellbeing