ഓഫിസിലാണെങ്കിലും വീട്ടിലാണെങ്കിലും ചില ആളുകളോട് ഇടപെടുമ്പോൾ സൂക്ഷിച്ചുവേണം. എങ്ങനെയാണ് അവർ പ്രതികരിക്കുക എന്നു പറയാനാവില്ല. ഇത്തരം കുഴപ്പം പിടിച്ച ആളുകളെ ‘ഡീൽ’ ചെയ്യാൻ ചില എളുപ്പവഴികൾ ഉണ്ടെന്നാണ് മനഃശാസ്ത്രജ്ഞർ പറയുന്നത്.
1. മുഖവുര– അപ്രിയകാര്യങ്ങൾ പറയുമ്പോൾ ചെറിയ മുഖവുരയോടെ പറഞ്ഞുനോക്കുക. നേരിട്ട് വിഷയത്തിലേക്ക് കടക്കുന്നതിനേക്കാൾ നല്ലത് വിശദാംശങ്ങൾ മുഖവുരയായി നൽകി പതുക്കെ വിഷയം അവതരിപ്പിക്കുന്നതാണ്.
2. സന്ദർഭം– ഒരു കാര്യം അവതരിപ്പിക്കും മുൻപേ സന്ദർഭവവും സാഹചര്യവും നന്നായി മനസ്സിലാക്കുക. മേലുദ്യോഗസ്ഥന്റെ വഴക്കു കേട്ട് മനസ്സു മടുത്തിരിക്കുന്ന സമയത്ത് എന്തെങ്കിലും പറയാൻ പോയാൽ സംഗതി കൂടുതൽ വഷളാകില്ലേ
3.പ്രശംസ– ഒരാളുടെ എന്തെങ്കിലും കുറ്റങ്ങളോ കുറവുകളോ ആണു പറയാൻ പോകുന്നതെങ്കിൽ അതിനു മുൻപ് അയാളുടെ നല്ലവശങ്ങൾ അവതരിപ്പിക്കാം. അമിതപ്രശംസയായി അയാൾക്കു തോന്നരുതെന്നു മാത്രം
4. സൗഹൃദം– അധികം അടുത്തു പരിചയമില്ലാത്ത ആളോടാണു സംസാരിക്കാൻ പോകുന്നതെങ്കിൽ ആ വ്യക്തിയുടെ സുഹൃത്തുക്കളുടെ സഹായം തേടാം. അവരോടൊപ്പം പോയി കാര്യം അവതരിപ്പിക്കുന്നത് ഗുണം ചെയ്യും
5. മാന്യമായ സംസാരം– പറയാൻ പോകുന്നത് എത്ര കുഴപ്പം പിടിച്ച കാര്യമാണെങ്കിലും സംസാരത്തിലും ശരീരഭാഷയിലും മാന്യത നിലനിർത്താൻ മറക്കരുത്.
6. ഒച്ച ഉയർത്തരുത്– കേൾക്കുന്ന ആളുടെ പ്രതികരണം നമ്മൾ വിചാരിച്ചതുപോലെ ആകണമെെന്നില്ല. അപ്പോൾ ശബ്ദമുയർത്തി അയാളെ പ്രകോപിപ്പിക്കരുത്. പകരം ശാന്തനാക്കി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുക
7. വീണ്ടും ശ്രമിക്കാം– ഒറ്റ തവണ പറയുന്നതുകൊണ്ട് കാര്യങ്ങൾ തീർപ്പാക്കണമെന്നു വാശി പിടിക്കരുത്. സംയമനം നഷ്ടപ്പെടുന്നുവെന്നു തോന്നിയാൽ കൂടിക്കാഴ്ച മതിയാക്കി പിന്നീടൊരിക്കൽ തുടരുക.
Read More : Health and Wellbeing