ടിക് ടിക്... നിലാമഴ കിടപ്പറയിൽ വേണ്ട

സ്മാർട്ട്ഫോൺ വാങ്ങിയതോടെ 'ഇനി എന്തൂട്ടിനാ ഈ കുന്ത്രാണ്ടം' എന്നു' പറഞ്ഞു വാച്ചും ടൈംപീസും ഉപേക്ഷിച്ചവർ ഏറെയാണ്. ശരിയാണ്, മൊബൈൽ ഫോൺ നിങ്ങളുടെ വാച്ചും അലാമും എല്ലാമായി മാറിക്കഴിഞ്ഞു. പക്ഷേ, പുറമേയുള്ള സമയം കൃത്യമാക്കുമെങ്കിലും പുത്തൻ  ഉപകരണങ്ങൾ നിങ്ങൾക്കുള്ളിലെ സമയത്തെ ദോഷകരമായി ബാധിക്കുമെന്നാണു പഠനങ്ങൾ പറയുന്നത്.

ഉള്ളിലെ സമയമോ..?

നമ്മുടെ ശരീരം ഒരു ക്ലോക്കിനെ അനുസരിക്കുന്നുണ്ട്. സർക്കാഡിയൻ റിഥം എന്നു ശാസ്ത്രം ഇതിനെ വിളിക്കുന്നു. പ്രകാശത്തെ അടിസ്ഥാനമാക്കി സർക്കാഡിയൻ റിഥം നമ്മുടെ ഉറക്കത്തെയും ഉണർച്ചയെയും തീരുമാനിക്കും. പകൽ ഉണർന്നിരിക്കുന്നതും പ്രകാശം ഇല്ലാത്ത രാത്രിയിൽ സ്വാഭാവികമായുള്ള ഉറക്കത്തിലേക്കു നാം എത്തുന്നതും ഈ സർക്കാഡിയൻ റിഥത്തിന്റെ ടിക് ടിക് ശബ്ദം നോക്കിയാണ്. തലച്ചോറിലെ പീനിയൽ ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന മെലാടോനിൻ എന്ന ഹോർമോൺ ആണ് ഈ സർക്കാഡിയൻ ക്ലോക്കിനു പിന്നിൽ. മെലാടോനിൻ നില രാത്രിയിൽ ഉയരും, ഉറക്കം വരും. പുലരിയിൽ കുറയും, ഉറക്കം വിടും. മെലാടോനിന്റെ അളവ് നമ്മെ ബാധിക്കുമെന്നർഥം.

ഉറക്കം നമ്മുടെ ശരീരത്തിന്റെ ക്രമക്കേടുകൾ തീർത്ത് ഉണർവോടെ സംരക്ഷിക്കാനുള്ള പ്രകൃതിയുടെ മാർഗമാണ്. അമേരിക്കൻ സ്ലീപ് അസോസിയേഷൻ പഠനങ്ങളിൽ പൊണ്ണത്തടി, പ്രമേഹം, മാനസിക വിഷാദം, ഹൃദ്രോഗങ്ങൾ എന്നിവയുമായി ഉറക്കമില്ലായ്മയ്ക്കു ബന്ധമുണ്ടെന്നു തെളിഞ്ഞിട്ടുണ്ട്.

വിദേശത്തു നിന്നു നാട്ടിലെത്തുന്നവർ ഒന്നോ രണ്ടോ ദിവസം ഉറക്കമില്ലാതെ കഷ്ടപ്പെടുന്നതു നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ... ജെറ്റ് ലാഗ് എന്ന പ്രതിഭാസമാണിത്. മുൻപു ശരീരം പിന്തുടർന്നുവന്ന സർക്കാഡിയൻ റിഥത്തിൽ നിന്നു പെട്ടെന്നൊരു മാറ്റം. ഇതിനെയാണ് ജെറ്റ് ലാഗ് എന്നു പറയുന്നത്. ലോകത്തിന്റെ പല ടൈം സോണുകളിലേക്കും നമ്മുടെ ദേശത്തുനിന്നു വളരെ പെട്ടെന്നു സഞ്ചരിക്കാമെന്നതിനാൽ ജെറ്റ് ലാഗ്  ഇപ്പോൾ സാധാരണമായിരിക്കുന്നു. ഇതു യാത്ര ചെയ്യുന്നവരുടെ കാര്യം. എന്നാൽ സ്മാർട് ഫോൺ ഉപയോഗിക്കുന്നവരെ ഒരു ജെറ്റ് ലാഗ് കാത്തിരിക്കുന്നുണ്ട്. 

സർക്കാഡിയൻ റിഥത്തെ പ്രതികൂലമായി ബാധിക്കുന്ന ഒരു സംഗതിയാണ് സ്മാർട്ട് ഫോണുകളിലെ നീലവെളിച്ചം. പലപ്പോഴും രാത്രിയേറെ ചെന്നാലും നാം നമ്മുടെ സ്മാർട്ട് ഫോണിന്റെ സ്ക്രീനിൽ നിന്നു കണ്ണെടുക്കാറില്ല (ഇതു വായിക്കുന്നതു പോലും ചിലപ്പോൾ രാത്രിയിലായിരിക്കും). ഈ നിലവെളിച്ചം (നീലയോടടുത്തു നിൽക്കുന്ന) മെലാടോനിന്റെ ഉൽപാദനം കുറയ്ക്കുമെന്നു വിദഗ്ധർ പറയുന്നു. അമേരിക്കൻ ഹാർട്ട് അസോസിയേഷൻ നടത്തിയ സർവേയിൽ ഉറക്കമില്ലായ്മയുടെ മുഖ്യ കാരണങ്ങളിലൊന്ന് രാത്രിയിലും സ്മാർട്ട് ഫോണിന്റെ ഉപയോഗം കൂടിയതാണെന്നാണ്. 

നമ്മുടെ വീടുകളിലിരുന്നു കൊണ്ടുതന്നെ ജെറ്റ് ലാഗ് വിളിച്ചുവരുത്തണോ.. വേണ്ട എന്നാണെങ്കിൽ സ്മാർട്ട് ഫോണുകളെ കിടയ്ക്കരുകിൽ നിന്നു മാറ്റി നിർത്തുക. ഉറങ്ങാൻ പോകുന്നതിന് അരമണിക്കൂർ മുൻപേ സ്ക്രീനുകളിൽ നിന്നു മോചനം നേടുക. പലർക്കും സ്ക്രീനിൽ നോക്കിയിരിക്കൽ ഒരു ശീലമായി കഴിഞ്ഞിരിക്കും. അത്തരക്കാർ സ്ക്രീൻ ബ്രൈറ്റ്നെസ് ഓട്ടോമാറ്റിക് മോഡിൽ നിന്നു മാറ്റി ഏറ്റവും കുറച്ചിടുക. 

നീലവെളിച്ചം നിലാമഴ പെയ്യും ഭോജനശാലതൻ അരികിൽ എന്നാണു കവി പോലും പറയുന്നത്. നീലവെളിച്ചത്തിന്റെ നിലാമഴ കിടക്കപ്പായയിൽ വേണ്ടെന്നു നമുക്ക് വായിച്ചെടുക്കാം. നന്നായി ഉറങ്ങാം.

അഥവാ രാത്രിയിൽ സ്മാർട്ട് ഫോണുകൾ ഉപയോഗിച്ചേ പറ്റൂ എന്നാണെങ്കിൽ ചില ബ്ലൂ ഫിൽറ്റർ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതു നന്നായിരിക്കും. സ്മാർട്ട്ഫോൺ സ്ക്രീനിലെ വില്ലനായ നീലവെളിച്ചത്തെ അരിച്ചു മാറ്റാൻ ഇവ സഹായിക്കും. ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്നു ഡൗൺലോഡ് ചെയ്യാം. സാധാരണ സ്ക്രീനുകളിൽ ബ്രൈറ്റ്നെസാണ് അഡ്ജസ്റ്റ് ചെയ്യേണ്ടതെങ്കിൽ ഫിൽറ്ററുകളിൽ ഇത് സ്ക്രീൻ ഡിം എന്നാണു കാണിക്കുക. തീവ്രത, കളർ ടെംപറേച്ചർ എന്നിവ മാറ്റാം.

Read More : Health and Wellbeing