കംപ്യൂട്ടറിന്റെ മുന്നിലിരിക്കുമ്പോൾ ലോകം നമ്മുടെ വിരൽ തുമ്പിലാണ് .അത് ഒരു പരിധി വരെ സത്യമാണെന്ന് തന്നെ പറയാം. പ്രയോജനപ്രധമായ അറിവുകളെ, നല്ല ധാരണകളെ ഒരൊറ്റ ക്ലിക്കിൽ,ഒരു ചെറിയ അഭിപ്രായത്തിൽ വലിയ തെറ്റിദ്ധാരണകളായി മാറ്റാൻ ആർക്കും ഇന്നു കഴിയും. സോഷ്യൽ നെറ്റ് വർക്കിന്റെ മുന്നിൽ ഇരിക്കുന്നവ വലിയെരുകൂട്ടമാകട്ടെ സത്യസന്ധത മനസ്സിലാക്കാതെ കാണുന്ന പോസ്റ്റിനൊക്കൊ ലൈക്ക് അടിക്കുകയും,ഷെയർ ചെയ്യുകയും ചെയ്യും. തെറ്റിദ്ധാരണ പരത്തുന്ന ഇത്തരം വ്യാജ പോസ്റ്റുകൾ സാധാരണക്കാർ ഷെയർ ചെയ്ത് പോകുന്നത് ഒരു പരിധിവരെ അവരുടെ അറിവില്ലായ്മ കൊണ്ടാകാം, എന്നാൽ ഇത്തരം പോസ്റ്റുകളുടെ സൃഷ്ടി വളരെ ആസൂത്രണപരമായി പൊതു സമൂഹത്തിൽ തെറ്റിദ്ധാരണ പടർത്തുക എന്ന ഉദ്ധേശത്തോട് കൂടെ ചെയ്യുന്ന ഒന്നാണ്.
സോഷ്യൽ നെറ്റ് വർക്ക് ഒരു തുറന്ന ലോകമാണ്. എഡിറ്റ് ചെയ്തോ ചെയ്യാതെയോ, കാര്യങ്ങളുടെ നിജസ്ഥിതി അറിഞ്ഞോ അറിയാതെയോ, ഏതൊരു വ്യക്തിക്കും സ്വയം പ്രസാധകനാകാനുള്ള സ്ഥലമവിടെയുണ്ട്. ഇവിടെ നിയന്ത്രിക്കാനോ വസ്തുനിഷ്ഠമായ വിവരമാണോ എന്നു പരിശോധിക്കാനോ, വ്യക്തിക്ക് മേൽ നിയന്ത്രണങ്ങളുമായി വരാൻ ആരും തന്നെയില്ല. ആർക്കും, ഏത് വാർത്തയും, ഏത് സമയത്തും പൊടിപ്പും ,തൊങ്ങലും വെച്ച് എഴുതാനും ,പബ്ലിഷ് ചെയ്യാനും കഴിയും. അതു കൊണ്ട് തന്നെ നാം നല്കുന്ന ലൈക്കുകൾ,ഷെയറുകളിലൂടെ ശരിക്കു പറഞ്ഞാൽ നമ്മൾ നമ്മളെ തന്നെയാണ് കബളിപ്പിച്ച് കൊണ്ടിരിക്കുന്നത്.
ഓൺലൈൻ സോഷ്യൽ നെറ്റ് വർക്ക് (OSN) ആണ് ലോകത്തിന് വിവരങ്ങളെ നൽകുന്ന പ്രധാന ഉറവിടമായി ഈ കാലഘട്ട ത്തിൽ പ്രവർത്തിക്കുന്നത്. അതുകൊണ്ടു തന്നെ തെറ്റിദ്ധാരണ പടർത്തുന്ന വിഷയങ്ങൾ നിമിഷ നേരം കൊണ്ട് ആൾക്കാരിലേക്ക് എത്തുകയും ചെയ്യും. ആരോഗ്യം, രാഷ്ട്രീയം, സാമ്പത്തികം, സാങ്കേതിക വിദ്യകൾ എന്നിങ്ങനെയുള്ള വിഷയങ്ങളിലാണ് കൂടുതലും തെറ്റിദ്ധാരണകൾ പ്രചരിക്കുന്നത്.മനുഷ്യന് ഉപകാരപ്പെടുന്ന വാർത്തകളെ വളച്ചൊടിച്ച് തെറ്റിദ്ധാരണ ഉളവാക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രചരിപ്പിക്കുന്ന ഇത്തരം വാർത്തകൾ (Misinformation) രാഷ്ട്രീയം, സാമൂഹികവും, മതപര വുമായ ആശയങ്ങളെ മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിനു വേണ്ടി നടത്തുന്ന ചേരി തിരിഞ്ഞ പോരുകളുമൊക്കെ ഇത്തരം തെറ്റിദ്ധാരണകൾ പരത്തുന്ന വാർത്തകൾക്ക് പിന്നിലുണ്ട്. കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ വെറും വാക്കുകൾ മാത്രമല്ലാതെ ചിത്രങ്ങളും ,ഫെയ്ക്ക് വീഡിയോയും ആധികാരികത സൂചിപ്പിക്കുന്ന അടയാളങ്ങളുമൊക്കെ (Symbols) ചേർത്തുവച്ച് ആശയങ്ങളെ മനോഹരമായി എഡിറ്റ് ചെയ്ത് അവതരിപ്പിക്കുമ്പോൾ സാധാരണക്കാരാവട്ടെ ഒട്ടും അവിശ്വസിക്കാതെ അതിനെ പ്രമോട്ട് ചെയ്യുകയും ചെയ്യുന്നു. മുടികൊഴിച്ചിൽ മാറ്റാൻ, അമിത വണ്ണം കുറയ്ക്കാൻ, താടിരോമം കിളിർക്കാൻ, പ്രമേഹം ,ഗ്രാസ്ട്രബിൾ, കൊളസ്ട്രോൾ, കിഡ്ണി, കാൻസർ രോഗങ്ങൾ എന്നിവയൊക്കെ ദിവസങ്ങൾ കൊണ്ട് ഭേദപ്പെടുത്തുന്ന ഒറ്റമൂലി ചിക്ൽസ, ക്യാൻസറിനെ വേരോടെ പിഴുതു മാറ്റാൻ കഴിയുന്ന പഴങ്ങൾ അങ്ങനെ എണ്ണിയാലൊടുങ്ങാത്ത, യാതൊരു ശാസ്ത്രീയതയും ഇല്ലാത്ത സന്ദേശങ്ങൾ ആണ് സോഷ്യൽ നെറ്റ് വർക്കുകളിലൂടെ പ്രചരിക്കുന്നത്.
പ്രശസ്ത ക്യാൻസർ രോഗ വിദ്ഗ്ധൻ ഡോ. ഗംഗാധരന്റെ വിഷയത്തിൽ അദ്ദേഹം നല്കുന്ന നിർദ്ധേശങ്ങൾ എന്ന പേരിൽ പ്രചരിച്ചതും ഇത്തരത്തിലുള്ള തെറ്റായ വസ്തുതകൾ ആണ്. പോസ്റ്റിന്റെ ആധികാരിക കൂട്ടാനായി അദ്ധേഹത്തിന്റെ ചിത്ര ഉപയോഗിച്ചാണ് വ്യാജസന്ദേശം ഉണ്ടാക്കി എടുത്തിരിക്കുന്നത്. സാധാരണക്കാർക്ക് സുപരിചിതനായതും കാൻസർ ചികിത്സയ്ക്കു പേരുകേട്ട ഭിഷഗ്വരനുമായ ഡോക്ടറുടെ ചിത്രം ചേർത്തുവരുന്ന സന്ദേശം ആളുകളെ കൂടുതൽ വിശ്വസിക്കാൻ പ്രേരിപ്പിക്കുക തന്നെ ചെയ്യും.
മത്സരങ്ങൾ, പോരാട്ടങ്ങൾ, പ്രതിഷേധങ്ങൾ എന്നിവയ്ക്കൊക്കയായി സൈബർ സ്പേയിസാണ് ആളുകൾ ഇന്ന് കൂടുതലും ഉപയോഗപ്പെടുത്തുന്നത്. തന്റെ യഥാർത്ഥ ഐഡന്റിറ്റിയെ മറച്ച് വെച്ച് (Anonimity) അഭിപ്രായം പറയാൻ കഴിയുന്നതാണ് ഇത്തരം കാര്യങ്ങളിൽ ഏർപ്പെടാൻ ആൾക്കാരെ പ്രേരിപ്പിക്കുന്നത്. ആരോഗ്യത്തിന്റെയും ചികിത്സയുടെയും കാര്യത്തിൽ വ്യാജ സന്ദേശങ്ങൾ ഇന്ന് വളരെ കൂടുതലാണ് . അലോപ്പതി, ഹോമിയോ, ആയുർവേദം മറ്റ് പരമ്പരാഗത വൈദ്യ ചികിത്സകൾ തമ്മിൽ മത്സരങ്ങളും ഒക്കെ ഇത്തരം പോസ്റ്റുകളുടെ ഉത്ഭവത്തിന് പിന്നിലുണ്ട്. നേരിട്ട് പ്രതിഷേധം രേഖപ്പെടുത്താൻ കഴിയാത്ത ആളുകൾ സോഷ്യൽ നെറ്റ് വർക്കുകളെയാണ് പ്രതിക്ഷേധിക്കാനുള്ള സ്ഥലമായി തിരഞ്ഞെടുക്കുന്നത്. മോബ് സൈക്കോളജിയുടെ ഒരു ഭാഗമായി കണ്ണുമടച്ച് ഇത്തരക്കാരെ സാധാരണ ജനങ്ങൾ പിന്തുടരുന്ന പ്രവണതയുമുണ്ട്. തെറ്റാണെന്ന് അറിഞ്ഞുകൊണ്ട് പിന്തുടരുന്നവരും ഇവരിലുണ്ട് . സോഷ്യൽ നെറ്റ് വർക്കിലൂടെ വരുന്ന ഇത്തരം വാർത്തകളെ പൂർണമായും വിശ്വസിക്കുന്നതിന് മുമ്പ്, ലൈക്ക് അടിക്കുന്നതിനും, ഷെയർ ചെയ്യുന്നതിന് മുമ്പും വാർത്തകളുടെ സത്യാവസ്ഥ എന്താണെന്ന് അറിയാൻ ശ്രമിക്കേണ്ടതുണ്ട്.
Read More : Health and Wellbeing