ഗെയിം കളിച്ച് കുറ്റവാളികളാകുന്നവരുണ്ടോ?

ലോകാരോഗ്യസംഘടന കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച രോഗങ്ങളുടെ പട്ടികയിൽ അഡിക്ഷനുകളോടൊപ്പം ഇടം പിടിച്ച പുതിയ രോഗമാണ് ഗെയിമിങ് ഡിസോഡർ. കുട്ടികളും യുവാക്കളും അമിതമായി ഗെയിം കളിക്കുന്നതും മറ്റു ലഹരികൾപോലെ തന്നെ ഗെയിമിങ് ഉപയോഗിക്കുന്നതുമായ സാഹചര്യത്തെയാണ് ലോകാരോഗ്യ സംഘടന ഗെയിമിങ് ഡിസോഡർ എന്നു വിശേഷിപ്പിക്കുന്നത്. ചികിൽസ ആവശ്യമായി വരുന്ന ഈ അവസ്ഥയെ ഗെയിമിങ് ഡിസോഡർ എന്നു പേരിട്ടു വിളിക്കുന്നതിനെതിരെ യുഎസിലെ മുൻനിര മനഃശാസ്ത്രജ്ഞർ രംഗത്തു വന്നിരിക്കുകയാണ്. എല്ലാ കുഴപ്പങ്ങളുടെയും ഉത്തരവാദിത്തം വിഡിയോ ഗെയിമിങ്ങിന്റെ തലയിൽ കെട്ടിവച്ചുകൊണ്ട് സ്വന്തം ഉത്തരവാദിത്തങ്ങളിൽ നിന്നൊഴിഞ്ഞുമാറുന്ന സമൂഹത്തിന്റെ സദാചാര ഗുണ്ടായിസം എന്നാണ് ലോകാരോഗ്യസംഘനയ്ക്ക് മനഃശാസ്ത്രജ്ഞർ അയച്ച തുറന്ന കത്തിൽ വിശേഷിപ്പിച്ചത്.

പുതുമയെ ഭയക്കുകയും മാറ്റങ്ങളെ സംശയത്തോടെ നിരീക്ഷിക്കുകയും പഴയതാണ് നല്ലതെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയും ചെയ്യുന്ന പിന്തിരിപ്പൻ സമൂഹത്തിന്റെ സദാചാരബോധത്തിൽ നിന്നാണ് വിഡിയോ ഗെയിം ഉൾപ്പെടെയുള്ളവ ചീത്തയാണെന്ന സങ്കൽപമുണ്ടാവുന്നതത്രേ. പണ്ടത്തെ കുട്ടികൾ പുറത്തു പോയി കളിച്ചിരുന്നു. ഇപ്പോഴത്തെ കുട്ടികൾ വീട്ടിലിരുന്ന് വിഡിയോ ഗെയിം കളിക്കുന്നു. പണ്ടത്തെ കുട്ടികൾ വളരെ നല്ലവരും ഇപ്പോഴത്തെ കുട്ടികൾ ഒന്നിനും കൊള്ളാത്തവരുമാണെന്ന വിശകലനം പിന്നാലെയെത്തുന്നു. പ്രശ്നക്കാരായ കുട്ടികളുടെയും ക്രിമിനലുകളുടെയും പശ്ചാത്തലം പരിശോധിക്കുന്നു. അവർ ഏതെങ്കിലും തരത്തിലുള്ള ഗെയിം കളിക്കുന്നുണ്ടെന്നു കണ്ടെത്തിയാൽ അതോടെ തീർന്നു. എല്ലാ പ്രശ്നങ്ങൾക്കും കാരണം  ഗെയിം ആണെന്നു വിധിയെഴുതുന്നു. ബ്ലൂവെയിൽ ഉൾപ്പെടെയുള്ള ഗെയിമുകളുടെ കാര്യത്തിൽ സമൂഹത്തിൽ ഉണ്ടായ ആശങ്കകളും ഭീതികളുമെല്ലാം മനഃശാസ്ത്രജ്ഞരുടെ ഈ വിശകലനവുമായി ചേർത്തു വായിക്കാവുന്നതാണ്.

കുഴപ്പം ഗെയിമുകൾക്കോ ആധുനികസാങ്കേതിക വിദ്യയ്ക്കോ അല്ല, മറിച്ച് വ്യക്തികൾക്കും അവരുടെ മാനസികാവസ്ഥയ്ക്കും ആ മാനസികാവസ്ഥയിലേക്കു നയിക്കുന്ന സാഹചര്യങ്ങൾക്കുമാണ് എന്നാണ് മനഃശാസ്ത്രജ്ഞരുടെ അഭിപ്രായം. അത്തരം സാഹചര്യങ്ങൾ മെച്ചെപ്പെടുത്തുന്നതിനു പകരം ഗെയിമുകളെയും ആധുനികസാങ്കേതികവിദ്യകളെയും കുറ്റപ്പെടുത്തുന്ന ശൈലി ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും മനഃശാസ്ത്രജ്ഞർ മുന്നറിയിപ്പു നൽകുന്നു. ഗെയിം കളിച്ചതുകൊണ്ടു മാത്രം ആരും കുറ്റവാളികളായിട്ടില്ല. കുറ്റവാളികൾ ഗെയിം കളിക്കുന്നു എന്നത് ഗെയിമുകൾ ചീത്തയാണെന്ന വാദത്തിനു ബലം നൽകുന്നുമില്ല എന്നു ഡോക്ടർമാർ ഓർമിപ്പിക്കുന്നു.

Read More : Health and Wellbeing