കുഞ്ഞുങ്ങളോടുള്ള സ്നേഹത്തില്‍ നമ്മള്‍ ചെയ്യുന്ന ഈ പ്രവര്‍ത്തി അരുതേ...

കൊച്ചു കുഞ്ഞുങ്ങളെ കാണുമ്പോള്‍ ഒന്നെടുത്ത് ഒരു മുത്തം കൊടുക്കാന്‍ ഇഷ്ടം തോന്നാത്തവര്‍ ചുരുക്കമാണ്. കുഞ്ഞുങ്ങളോട് സ്നേഹം കാണിക്കാന്‍ പൊതുവേ ഇന്നത്തെ കാലത്തെ മാതാപിതാക്കളും മടികാണിക്കാറില്ല. എന്നാല്‍ നമ്മള്‍ കുഞ്ഞുങ്ങളോട് കാണിക്കുന്ന ഈ സ്നേഹപ്രകടനം അവര്‍ക്ക് വലിയ ആരോഗ്യപ്രശ്നം ഉണ്ടാക്കുമെന്ന കാര്യം പലപ്പോഴും നമ്മള്‍ അറിയാതെ പോകുന്നുണ്ടോ?

അതെ, അതാണ്‌ സത്യം. കുഞ്ഞുങ്ങളുടെ ചുണ്ടില്‍ ഉമ്മ വെയ്ക്കുന്നതിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്, പ്രത്യേകിച്ച് കുഞ്ഞിപ്പല്ലുകള്‍ മുളയ്ക്കും മുന്‍പുള്ള ഈ ഉമ്മ കൊടുക്കല്‍ ഒഴിവാക്കുക തന്നെയാണ് നല്ലത്. 

മുതിര്‍ന്നവരെ അപേക്ഷിച്ച് കുഞ്ഞിളം പല്ലുകള്‍ക്കും മോണയ്ക്കും ബാക്ടീരിയകളെ തടുക്കാനുള്ള ശേഷി ഉണ്ടാകുകയില്ല. ഇതുമൂലം കുഞ്ഞുങ്ങള്‍ക്ക്‌ വേഗത്തില്‍ രോഗബാധ ഉണ്ടാകാന്‍ സാധ്യതയേറുന്നു. 

Read More : നവജാതശിശു പരിചരണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കുട്ടികളുടെ പല്ലിന്റെ ഇനാമല്‍ വ്യത്യസ്തമാണ്. ഇത് വേഗത്തില്‍ ക്ഷയിക്കുകയും ചെയ്യും. മാത്രമല്ല മുതിര്‍ന്നവരുടെ അത്ര ഇതിനു കട്ടിയും ഉണ്ടാകില്ല. 

കുഞ്ഞുങ്ങളുടെ ചുണ്ടുകളില്‍ ചുംബിക്കുമ്പോള്‍ എത്രയൊക്കെ സൂക്ഷിച്ചാലും നമ്മുടെ തുപ്പല്‍ അവരിലേക്ക്‌ എത്തും. ഇതാണ് ബാക്ടീരിയ പടരാന്‍ കാരണമാകുന്നത്. വളര്‍ച്ചയെത്താത്ത കുഞ്ഞിപ്പല്ലിനും മോണയ്ക്കും ഇതുമൂലം കേടു സംഭവിക്കും. മാത്രമല്ല ഇത് കുഞ്ഞുങ്ങളില്‍ വേഗം ദന്തക്ഷയം ഉണ്ടാക്കുകയും ചെയ്യുന്നു.

Read More : കുഞ്ഞുങ്ങളെ നെഞ്ചോട്‌ ചേര്‍ത്തുറക്കാറുണ്ടോ; എങ്കില്‍ ആ ശീലം ഒഴിവാക്കൂ...

ജലദോഷം മുതല്‍ മാരകമായ ഫ്ലൂ വരെ ഈ ഉമ്മകൊടുക്കല്‍ കാരണം കുഞ്ഞിലേക്ക് പകരാന്‍ സാധ്യതയുണ്ട്. ഇതുമാത്രമല്ല കുഞ്ഞുങ്ങളുടെ ദന്താരോഗ്യത്തിനു വേണ്ടി മാതാപിതാക്കള്‍ ചെയ്യേണ്ട വേറെയും ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ പ്രധാനമാണ് കുഞ്ഞിന്റെ ടൂത്ത്ബ്രഷ് മറ്റുള്ളവരുടെ ബ്രഷിനൊപ്പം വെയ്ക്കാതെ ഇരിക്കുക എന്നത്. കുഞ്ഞ് ടൂത്ത് പേസ്റ്റ് വിഴുങ്ങാനും പാടില്ല. നിങ്ങള്‍ കഴിച്ച ആഹാരം കുഞ്ഞുമായി പങ്കുവയ്ക്കാതിരിക്കുക എന്നതെല്ലാം പ്രധാനമാണ്.

 രണ്ടു വയസ്സിനു ശേഷം ഓരോ ആറുമാസത്തിലും കുഞ്ഞിനെ ഒരു ദന്തരോഗവിദഗ്ധനെ കാണിച്ചു പല്ലുകളുടെ ആരോഗ്യം ഉറപ്പുവരുത്തേണ്ടതാണ്.