നിങ്ങള്‍ ഒരു നല്ല പങ്കാളിയാണോ?

ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ സ്വാഭാവികമാണ്. സ്നേഹത്തോടെ കഴിയുന്ന ദമ്പതികള്‍ക്കിടയിലായാലും ചില പിണക്കങ്ങള്‍ സാധാരണമാണ്. ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ ചെറിയ മൂഡ്‌ മാറ്റങ്ങളാണ് പലപ്പോഴും പ്രശ്നങ്ങള്‍ക്കു കാരണമാകുന്നത്.

ഭാര്യയോ ഭര്‍ത്താവോ എന്തെങ്കിലും തരത്തിലെ മാനസികപ്രശ്നങ്ങളില്‍ പെട്ടിരിക്കുമ്പോള്‍ പരസ്പരം ഇരുവര്‍ക്കും അത് മനസ്സിലാക്കാന്‍ സാധിക്കാറുണ്ട്. എന്നിരുന്നാലും ചെറിയ മൂഡ്‌ മാറ്റങ്ങളെ കണ്ടെത്താന്‍ പലപ്പോഴും ശ്രമിക്കാറുമില്ല. സോഫ്റ്റ്‌ ഇമോഷന്‍സ് എന്നാണ് ഇതിനെ പറയുന്നത്. 

ഡല്ലാസ് സതേൺ മെതഡിസ്റ്റ് സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ നിഗമനം. ഈ ചെറിയ നെഗറ്റീവ് വികാരങ്ങള്‍ ബന്ധങ്ങള്‍ക്ക് അപകടകരമല്ലെങ്കിലും ദമ്പതികള്‍ക്കിടയില്‍ വലിയ വിള്ളല്‍ ഉണ്ടാക്കാനും ഇതിനു സാധിക്കുമെന്ന് ഇവര്‍ പറയുന്നു.  നൂറോളം ദമ്പതികള്‍ക്കിടയില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. 

ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ മനസ്സില്‍ എന്താണെന്ന് തനിക്കറിയാം എന്ന നിഗമനം ആദ്യം ഒഴിവാക്കുകയാണ് ഈ അവസരത്തില്‍ ദമ്പതികള്‍ ചെയ്യേണ്ടത്. പങ്കാളിക്ക് എന്താണ് വേണ്ടതെന്നോ എന്താണ് അവരുടെ പ്രശ്നം എന്നോ ആദ്യം തിരിച്ചറിയുക. പങ്കാളിക്ക് ഒപ്പമുള്ള സമയം പൂര്‍ണമായും അവര്‍ക്കു വേണ്ടി ചിലവിടുക, സന്തോഷത്തോടെയും സ്നേഹത്തോടെയും പെരുമാറുക എന്നതെല്ലാം പ്രധാനമാണ്.

Read More : Health and Wellbeing