കളിപ്പാട്ടങ്ങളിലെ ബട്ടൺ ബാറ്ററികൾ ഉള്ളിലെത്തി അപകടാവസ്ഥയിലാകുന്ന കുട്ടികളുടെ കേസുകൾ ആശുപത്രികളിൽ കൂടിവരുന്നതായി ഡോക്ടർമാർ. ബട്ടൺ ബാറ്ററി അഥവാ മെർക്കുറി ബാറ്ററി സുരക്ഷിതമെന്ന ധാരണ തിരുത്തുന്നതാണു കഴിഞ്ഞ ആറു മാസമായി ആശുപത്രികളിൽ എത്തുന്ന ഇത്തരം കേസുകളുടെ എണ്ണം.
ബാറ്ററി വിഴുങ്ങിയ നിലയിലും മൂക്കിൽ കുടുങ്ങിയ നിലയിലുമാണ് ഇതിൽ ഭൂരിഭാഗം കേസുകളും കാണപ്പെടുന്നത്. കാണുന്നതെന്തും ഉള്ളിലാക്കുന്ന കുട്ടികളുടെ കൗതുകം അപകടസാധ്യത വർധിപ്പിക്കുന്നതായി ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. ചൈനീസ് കളിപ്പാട്ടങ്ങളുടെ ഉപയോഗം കൂടുന്നതനുസരിച്ച് അപകടവും കൂടുന്നുണ്ടത്രേ.
കഴിഞ്ഞ ദിവസം മൂക്കിൽ നീരുമായി തിരുവനന്തപുരത്തെ ഒരു പ്രമുഖ ആശുപത്രിയിൽ എത്തിയ കുട്ടിയെ പരിശോധിച്ചപ്പോൾ മൂക്കിനുള്ളിൽ കുടുങ്ങിയ നിലയിലാണു ബാറ്ററി കണ്ടെത്തിയത്. ബാറ്ററിയിൽ നിന്നുള്ള രാസവസ്തുക്കൾ പുറത്തെത്തി മൂക്കിന്റെ പാലത്തിന്റെ മാംസഭാഗങ്ങൾ കരിച്ചിരുന്നു.
ബാറ്ററിമൂലം ചർമത്തിനു തകരാർ സംഭവിക്കാനുള്ള സാധ്യതയും ഏറെയാണ്. ഇതേ ആശുപത്രിയിൽ മാത്രം കഴിഞ്ഞ ആറു മാസത്തിനിടെ അര ഡസൺ കുട്ടികളെയാണു ബട്ടൺ ബാറ്ററി അകത്തുപോയി പൊള്ളലേറ്റ നിലയിൽ കൊണ്ടുവന്നത്. ഇതിൽ ഒരു കുട്ടിയുടെ അന്നനാളത്തിന്റെ ഒരു ഭാഗം തന്നെ ചുരുങ്ങിപ്പോയിരുന്നു.
ഈ കുട്ടി ഇപ്പോഴും ചികിത്സയിലാണ്. വിലക്കുറവുള്ള കളിക്കോപ്പ് എന്ന നിലയിൽ ചൈനീസ് നിർമിത വസ്തുക്കൾക്കു പ്രിയമേറെയാണ്. ബട്ടൺ ബാറ്ററി ഉപയോഗിക്കുന്ന കാറുകളുൾപ്പെടെ വില്ലന്മാരാകുന്നുണ്ട്. ഇവയിൽ നിന്നു ബാറ്ററി എളുപ്പത്തിൽ വേർപെട്ടു പോരും. ഇക്കാര്യത്തിൽ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ടെന്നാണു ഡോക്ടർമാരുടെ അഭിപ്രായം.
ബട്ടൺ ബാറ്ററി (മെർക്കുറി ബാറ്ററി) തുടർച്ചയായി കുറച്ചു സമയം ശരീരത്തിൽ സ്പർശിച്ചിരുന്നാൽ ആ ഭാഗത്തെ കോശത്തെ കരിച്ചു കളയും. അര ദിവസം പോലും ഇതിനുവേണ്ടി വരില്ല. ഒരു ഭാഗത്തു പൊള്ളലേറ്റ ശേഷം ബാറ്ററി നീക്കം ചെയ്താലും വിഷാംശം ആ ഭാഗത്തു നിലനിൽക്കും.
ഇതു നീക്കംചെയ്യുന്നതിനു പരിമിതികളുണ്ട്. ഇത് അപകടം വർധിപ്പിക്കുന്നു. മാത്രമല്ല ബാറ്ററി അവിടെ ഇരിക്കുന്നിടത്തോളം സമയം പൊള്ളലേറ്റ കോശത്തിനു സമീപമുള്ള കോശങ്ങളും ദ്രവിച്ചുപോകും. അന്നനാളത്തിനു സമീപമാണു ശ്വാസനാളം.
അതുകൊണ്ടുതന്നെ അന്നനാളത്തിൽ ഇവ കുടുങ്ങിയാൽ അന്നനാളത്തെയും ശ്വാസനാളത്തെയും ബന്ധിപ്പിച്ച ദ്വാരം രൂപപ്പെടാനും സാധ്യതയുണ്ട്. സീരിയസ് കേസുകൾക്കു സർജറി മാത്രമാണു പോംവഴി. ഏറെ ചെലവു വരുന്ന ചികിത്സയാണിതെന്നും ഡോക്ടർമാർ മുന്നറിയിപ്പു നൽകുന്നു.
ബട്ടൺ ബാറ്ററി സാന്നിധ്യം കണ്ടെത്താൻ വൈകിയാൽ മരണം വരെ സംഭവിച്ചേക്കാം. സ്വാഭാവികമായി ഉണ്ടാകുന്ന പൊള്ളലും കോശങ്ങൾ ദ്രവിക്കുന്നതും അപകടകരമാകാൻ ഏറെനേരം വേണ്ടിവരില്ല. രാസവസ്തു എവിടെയാണു പരക്കുന്നത് എന്നതനുസരിച്ചാവും അപകടത്തിന്റെ തീവ്രത. ചൈനീസ് കളിപ്പാട്ടങ്ങളിൽ പെയിന്റ് എന്ന വിഷത്തേക്കാൾ ഉപരിയാണു ബാറ്ററി സൃഷ്ടിക്കുന്ന അപകടം. ഇക്കാര്യത്തിൽ മാതാപിതാക്കള കൂടുതൽ ശ്രദ്ധാലുക്കളാവണം.
കിട്ടുന്നതെന്തും വായിലിടുക എന്നതു കുട്ടികളുടെ സ്വഭാവമാണ്. അന്നനാളത്തിലോ മൂക്കിലോ ഇവ കുടുങ്ങുന്നത് അപകട സാധ്യത വർധിപ്പിക്കും.
ആമാശയത്തിലെത്തിയാൽ വളരെ സൂക്ഷിക്കണം. എത്രനേരം ഇവ നിശ്ചലമായി ആമാശയത്തിൽ കിടക്കുന്നു എന്നതും പ്രധാനമാണ്. ഇക്കാര്യത്തിൽ ധാരണ ലഭിക്കാൻ എത്രയും വേഗം വൈദ്യസഹായം തേടണം.
കളിപ്പാട്ടങ്ങൾ ശ്രദ്ധിക്കുന്നതിനൊപ്പം ഉപയോഗശൂന്യമായ ബാറ്ററികൾ കൃത്യമായി സംസ്കരിക്കാനും ശ്രദ്ധിക്കണം.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. മാധവൻ നായർ, ഇഎൻടി സ്പെഷലിസ്റ്റ്
ഡോ. വേണുഗോപാൽ, പീഡിയാട്രിക് സർജൻ
Read More : Health and Wellbeing