ഇറച്ചിയില്ലെങ്കിൽ ഭക്ഷണം തൊണ്ടയിൽ നിന്നിറങ്ങില്ല എന്ന പക്ഷക്കാരനാണോ? എങ്കിൽ സൂക്ഷിക്കുക. ഇറച്ചി അധികം കഴിക്കുന്നത് ഗുരുതരമായ കരൾ രോഗത്തിനു കാരണമാകും.
സംസ്കരിച്ച ഇറച്ചി, റെഡ് മീറ്റ്, ഇവയുടെ അമിതോപയോഗമാണ് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് അഥവാ NAFLD ക്ക് കാരണമാകുന്നത്. മദ്യപാനം മൂലം അല്ലാത്ത കാരണങ്ങളാൽ ഉണ്ടാകുന്ന കരൾ രോഗമാണിത്.
ഇസ്രയേലിലെ ഹൈഫ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ ഇറച്ചി സ്നേഹികൾ അധികവും ചെറുപ്പക്കാരായ പുരുഷന്മാരാണെന്നു കണ്ടു. ഇവർ ഉയർന്ന ബോഡിമാസ് ഇൻഡക്സ് (BMI) ഉള്ളവരും കാലറി കൂടുതൽ അകത്താക്കുന്നവരും ഉപാപചയ പ്രവർത്തനങ്ങൾ ശരിയായ വിധത്തിൽ നടക്കാത്തവരും ആണെന്നു കണ്ടു.
വറുക്കുക, ഗ്രിൽ ചെയ്യുക മുതലായ അനാരോഗ്യകരമായ പാചകരീതി പിന്തുടരുന്ന ഇവർ വളരെ കൂടിയ അളവിൽ ഇറച്ചി കഴിക്കുന്നവരായിരുന്നു. വറുക്കുകയും ഗ്രിൽ ചെയ്യുകയും ചെയ്ത് വെന്ത ഇറച്ചിയിൽ വീക്കമുണ്ടാക്കുന്ന സംയുക്തങ്ങളായ ഹെട്രോ സൈക്ലിക് അമിനുകൾ (HCAS) വളരെ കൂടുതലാണെന്നു കണ്ടു.
NAFLD ഉണ്ടെന്നു കണ്ടെത്തിയവരിൽ ഇതു കൂടാതെ അർബുദം, ടൈപ്പ് 2 പ്രമേഹം, ഗുരുതരമായ ഹൃദ്രോഗം ഇവയ്ക്കുള്ള സാധ്യതയും കൂടുതലാണെന്ന് ഹെപ്പറ്റോളജി ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നു.
NAFLD ഉണ്ടാകാനും വർധിക്കാനുമുള്ള പ്രധാന കാരണം, അനാരോഗ്യകരമായ പാശ്ചാത്യ ജീവിതശൈലി പിന്തുടരുന്നതാണ്. കൂടാതെ ശാരീരിക പ്രവർത്തനങ്ങളുടെ അഭാവവും ഫ്രാക്ടോസിന്റെയും പൂരിത കൊഴുപ്പിന്റെയും അമിതോപയോഗവും രോഗകാരണമാകും.
40 നും 70 നും ഇടയിൽ പ്രായമുള്ള 357 പേരിലാണ് പഠനം നടത്തിയത്. വിവിധതരം ഇറച്ചി, അവ പാചകം ചെയ്യുന്ന രീതി ഇവയ്ക്ക് NAFLD യും ഇൻസുലിൻ പ്രതിരോധവും തമ്മിലുള്ള ബന്ധം പരിശോധിച്ചു.
അൾട്രാസോണോഗ്രഫിയും ഹോമിയോസ്റ്റാസിസ് മോഡൽ അസെസ്മെന്റും (HOMA) ഉപയോഗിച്ച് NAFLD യും ഇൻസുലിൻ പ്രതിരോധവും കണക്കാക്കി.
ഇറച്ചി ഉപയോഗത്തെക്കുറിച്ചുള്ള വിശദമായ ചോദ്യാവലിയിലൂടെയും ഭക്ഷണം എത്ര തവണ ഇടവിട്ട് കഴിക്കുന്നു എന്നതിലൂടെയും ഇറച്ചി ഏതു തരമെന്നും പാചകരീതി ഏതെന്നും മനസിലാക്കി.
പഠനത്തിൽ പങ്കെടുത്ത 38.7 ശതമാനം പേർക്ക് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് ബാധിച്ചതായി കണ്ടു. കൂടാതെ 30.5 ശതമാനം പേർക്ക് ഇൻസുലിൻ പ്രതിരോധം ഉള്ളതായും കണ്ടു.
ചുവന്ന ഇറച്ചി (red meat) യുടെ ഉപയോഗവും സംസ്കരിച്ച (Processed) ഇറച്ചി കഴിക്കുന്നതും കുറയ്ക്കുക, ആരോഗ്യകരമായ പാചകരീതി പിന്തുടരുക എന്നിവ ശീലമാക്കിയാൽ ഒരു പരിധിവരെ കരൾ രോഗം വരാതെ സംരക്ഷിക്കാം.
Read More : Health Magazine