ചില ആളുകളെക്കുറിച്ച് നമ്മൾ പറയില്ലേ, അവന്/അവൾക്ക് മൂക്കത്താ ശുണ്ഠി!. എന്തു പറഞ്ഞാലും ചാടിക്കടിക്കും എന്നൊക്കെ. ടെക്കികൾക്കിടയിൽ അനിയന്ത്രിതമായ കോപം വർധിച്ചുവരുന്നതായി പഠനം അവകാശപ്പെടുന്നു. ഇതൊരു മോശം സ്വഭാവമാണെന്ന് പലരും തിരിച്ചറിയുന്നില്ല. ദേഷ്യം നിയന്ത്രിക്കാൻ കഴിയാതെ വരുന്നത് ഒരു തരത്തിലുള്ള മാനസിക രോഗമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. ദേഷ്യത്തെക്കുറിച്ച് ചില കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
∙ദേഷ്യം അമിതമായാൽ മനസ്സിനെ ബാധിക്കുന്ന കാൻസർ പോലെയാണ്. നിങ്ങളുടെ നല്ല ചിന്തകളെയും സ്വപന്ങ്ങളെയും അത് കാർന്നുതിന്നുകളയും. എത്രയും പെട്ടെന്ന് മുറിച്ചുമാറ്റേണ്ട ഒരു അവസ്ഥയാണ് കോപം എന്ന് ആദ്യം മനസ്സിലാക്കുക
∙ മനസ്സിനെ മാത്രമല്ല ശരീരത്തെയും ദേഷ്യം പ്രതികൂലമായി ബാധിക്കും. നിങ്ങളുടെ രക്തസമ്മർദം ഉയർത്തുന്നു, ഹൃദയമിടിപ്പ് വർധിപ്പിക്കുന്നു എന്നു തുടങ്ങി സ്ട്രോക്കിനു വരെ ദേഷ്യം കാരണമായേക്കാം.
∙ദേഷ്യം അമിതമായുള്ളവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് രോഗപ്രതിരോധശേഷി കുറവായിരിക്കും. പെട്ടെന്ന് രോഗങ്ങൾക്ക് അടിമപ്പെടാൻ ഇത് കാരണമാകുന്നു.
∙ഒരു നിശ്ചിത പ്രായത്തിനുള്ളിൽ നിങ്ങൾക്ക് കോപം നിയന്ത്രിച്ചുകൊണ്ടുവരാൻ സാധിക്കുന്നില്ലെങ്കിൽ പിന്നീടുള്ള ജീവിതകാലം കടുത്ത വിഷാദത്തിന് അടിമപ്പെട്ടേക്കാം.
∙അമിതമായ ദേഷ്യം പ്രകടിപ്പിക്കുന്നവർ മാനസികമായി യഥാർഥത്തിൽ വളരെ ദുർബലരാണ്. ഇത്തരക്കാരിൽ ആത്മഹത്യാപ്രവണത വളരെ കൂടുതലായിരിക്കുമെന്ന് പഠനം തെളിയിക്കുന്നു.
∙പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതക്കാർ അടുത്തിടപഴകുന്ന സുഹൃത്തിനോടും പങ്കാളിയോടും ഈ വിവരം ആദ്യമേ അറിയിക്കുക. അവർക്ക് സമചിത്തതയോടെ നിങ്ങളെ കൈകാര്യം ചെയ്യാൻ കഴിയും
∙ചികിൽസിക്കാതെ മാറുന്ന രോഗമല്ല കോപം, മനസ്സിനാണ് ചികിൽസ വേണ്ടത്. മെഡിറ്റേഷൻ, യോഗ തുടങ്ങിയവ പരിശീലിക്കുക.
Read More : Health and Wellbeing