ഫ്രൂട്ട് ഡയറ്റ് സമ്മാനിക്കും കരൾ രോഗം

fruit-diet
SHARE

ശരീരഭാരം കുറയ്ക്കുക എന്ന് കേൾക്കുമ്പോൾ പലരും 'ഫ്രൂട്ട് ഡയറ്റി'നെക്കുറിച്ച് വാചാലരാകും. പ്രാതൽ മുതൽ അത്താഴം വരെ പഴങ്ങൾ മാത്രം ഭക്ഷിച്ചു നാലാളോട് മേനി പറയും. എന്നാൽ കേട്ടോളൂ... ഫ്രൂട്ട് ഡയറ്റ് താത്കാലികമായി ശരീരഭാരം കുറയ്ക്കുമെങ്കിലും ക്രമേണ ആരോഗ്യത്തെ സാരമായി ബാധിക്കാനിടയുണ്ട്. എന്തുകൊണ്ടാണ് പെട്ടെന്ന് ശരീരഭാരം കുറയന്നത് എന്നു ചോദിച്ചാൽ ഉത്തരം ലളിതം. അമിതമായി വറുത്തതും പൊരിച്ചതും കഴിച്ചിരുന്ന വ്യക്തി പഴങ്ങളിലേക്ക് ഭക്ഷണക്രമം മാറ്റുമ്പോൾ ശരീരത്തിനുണ്ടാകുന്ന ചെറിയൊരു മാറ്റമാണ് 'മഹാത്ഭുത'മായി പലരും പറയുന്നത്. ചെറിയൊരു വ്യത്യാസം വലിയൊരു അപകടത്തിലേക്കാണ് നയിക്കുന്നതെന്നു പലരും മനസിലാക്കാറില്ല. 

ഫ്രൂട്ട് ഡയറ്റ് കണ്ണുമടച്ചു പിന്തുടരുന്നവർ ലിപിഡ് പരിശോധന നടത്തിയാൽ ട്രൈഗ്ലിസറൈഡുകളുടെ അളവു കൂടുന്നത് (High Triglycerides) കാണാം. ഇതിനു കാരണം പഴങ്ങളിൽ അടങ്ങിയിരിക്കുന്ന ഫ്രക്റ്റോസ് എന്ന മധുരമാണ്. വിദഗ്ധ ഉപദേശമില്ലാതെ ദീർഘനാൾ ഫ്രൂട്ട് ഡയറ്റ് സ്വീകരിക്കുന്ന വ്യക്തിയുടെ കരളിൽ ഫ്രക്റ്റോസിന്റെ അളവ് കൂടുതലായിരിക്കും. ഇക്കൂട്ടരുടെ മെറ്റബോളിസം നടക്കുന്നത് കരളിലായതിനാൽ ട്രൈഗ്ലിസറൈഡുകളുടെ ഉൽപാദനം കൂടുകയും അതുവഴി കരളിൽ കൊഴുപ്പ് അടിഞ്ഞ് നോൺ ആൽക്കഹോളിക്ക് ഫാറ്റി ലിവർ എന്ന അസുഖത്തിനു വഴിയൊരുക്കുകയും ചെയ്യുന്നു. വളരെ ആക്ടീവായിരിക്കുന്ന ആളുകൾ പെട്ടെന്നുള്ള ഉൗർജത്തിനു പഴങ്ങൾ കഴിച്ചാൽ കുഴപ്പമില്ലെങ്കിലും അത്താഴം പോലെയുളള സമയത്ത് പഴങ്ങൾ മാത്രം ദീർഘനാൾ കഴിച്ചാൽ ഫ്രക്റ്റോസ് കൂടി ലിവറിൽ കൊഴുപ്പിന്റ നിക്ഷേപം കൂടി ശരീരം പിണങ്ങാനിടയുണ്ട്. 

ഫ്രൂട്ട് ഡയറ്റ് സമീകൃതാഹാരമല്ല

പഴങ്ങൾ മാത്രം കഴിക്കുമ്പോൾ ശരീരത്തിനു ധാരാളം കാർബോ ഹൈഡ്രേറ്റുകൾ ലഭിക്കുന്നുണ്ടെങ്കിലും ശരീരത്തിന്റെ ആരോഗ്യത്തിനു സമീകൃതാഹാരമാണ് വേണ്ടത്. ശരീരത്തിന്റെ പ്രവർത്തനത്തിനു പ്രോട്ടീൻ, വൈറ്റമിൻ, മിനറൽസ് എന്നിവ അവശ്യമായിരിക്കേ, പഴങ്ങൾ മാത്രം കഴിച്ചുക്കുന്ന രീതി ഒരു മാക്രോ ന്യൂട്രിയനെ മാത്രം കേന്ദ്രീകരിച്ചുള്ള ഭക്ഷണരീതിയായി മാത്രം ചുരുങ്ങും. ശരീരം മെലിഞ്ഞ് ഭാരം കുറുയുമ്പോൾ പലരും ഫ്രൂട്ട് ഡയറ്റിന്റെ ഫലം കണ്ടുതുടങ്ങിയെന്ന് സ്വയം ആശ്വസിക്കാറുണ്ടെങ്കിലും ദീർഘനാളിൽ വിപരീതഫലമായിരിക്കും സമ്മാനിക്കുന്നത്. ശരീരത്തിലെ കൊഴുപ്പു കുറയുന്ന പ്രക്രിയയാണ് അമിതവണ്ണ നിയന്ത്രണത്തിനു ആരോഗ്യകരമായ രീതിയെന്നിരിക്കെ, പേശികളുടെ (മസിൽ) വണ്ണം കുറയുന്ന അനാരോഗ്യകരമായ രീതിയാണ് ഫ്രൂട്ട് ഡയറ്റ് സമ്മാനിക്കുന്നത്. ‌

അറിഞ്ഞ് കഴിച്ചാൽ ആരോഗ്യത്തോടെയിരിക്കാം

ഭക്ഷണത്തെ ശത്രുവായി കണ്ട് പട്ടണി കിടക്കുന്നവർ തുടർന്നു വായിക്കുക. അമിതവണ്ണത്തെ നല്ല ഭക്ഷണം കൊണ്ട് അനായാസം തോൽപ്പിക്കാമെന്നിരിക്കെ വെറുതെ പട്ടിണി കിടന്നു ആരോഗ്യം കളയണോ? നല്ല ആരോഗ്യമുള്ള ശരീരത്തിനു സമീകൃതമായ ആഹാരമാണ് വേണ്ടത്. തടി കൂടുന്നുവെന്ന് പറഞ്ഞ് പലരും പ്രാതൽ ഒഴിവാക്കാറുണ്ട്. ഒരു ദിവസത്തെ ഏറ്റവും പ്രധാന ഭക്ഷണമായ പ്രാതൽ ഒഴിവാക്കിയാൽ ശരീരത്തിന്റെ താളം തെറ്റും. പ്രാതൽ മുതൽ അത്താഴം വരെ പോഷകപ്രദമായ ആഹാരരീതിയാണ് പിന്തുടരേണ്ടത്. രാവിലെ അരിയാഹാരത്തോടൊപ്പം പ്രോട്ടീൻ ലഭ്യമാക്കുന്ന മുട്ടയോ ധാന്യങ്ങളോ കഴിക്കാം. ഉച്ചക്ക് ഉൗണിനോടൊപ്പം മീനോ ചിക്കനോ കഴിക്കാം. വെജിറ്റേറിയൻ ഭക്ഷണരീതിയോട് താത്പര്യമുള്ളവർക്ക് പനീറോ സോയയോ കഴിച്ചു പ്രോട്ടീൻ കുറവ് നികത്താം. രാത്രി വൈകിയുള്ള അത്താഴം ഒഴിവാക്കുന്നതാണ് ആരോഗ്യത്തിനു നല്ലത്. കഴിയുമെങ്കിൽ ഏഴു മണിക്കു തന്നെ അത്താഴം കഴിച്ചു കിടക്കാം. ഭക്ഷണം പോലെ തന്നെ വെള്ളം കുടിക്കുന്ന കാര്യവും ശ്രദ്ധിക്കണം. ശരീരത്തിലെ ദഹനവ്യവസ്ഥ സുഗമമാക്കാൻ ആറ് മുതൽ എട്ട് ഗ്ലാസ് വെള്ളം കുടിക്കണം. ഒപ്പം കൃത്യസമയത്ത് കിടക്കുകയും ആറു മുതൽ എട്ടു മണിക്കൂർ വരെ ഉറങ്ങുകയും വേണം.

വിവരങ്ങൾക്ക് കടപ്പാട് : മരിയ ജോർജ്, ഡയറ്റീഷ്യൻ, എസ്കാസോ – ബോഡി ആൻഡ് ബിയോണ്ട്, തൃശൂർ

Read More : Fitness Tips

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA