ഒരാളെ പരിചയപ്പെടുമ്പോഴോ ദീര്‍ഘകാലമായി കാണാതിരുന്നു കാണുമ്പോഴോ ഔപചാരികതയുടെ ഭാഗമായി ആളുകള്‍ തമ്മില്‍ പരസ്പരം കൈകൊടുക്കാറുണ്ട്. ഷേക്ക്‌ഹാന്‍ഡ് എന്നാണല്ലോ നമ്മള്‍ ഇതിനു പറയുന്നത്. ചിലര്‍ വെറുതെയൊന്നു കൈകൊടുക്കുമ്പോള്‍ മറ്റു ചിലര്‍ ദീര്‍ഘനേരം പരസ്പരം കൈകൊടുക്കാറുണ്ട്. എന്നാല്‍ ഈ ഷേക്ക്‌ഹാന്‍ഡിനു പിന്നിലും ചില രഹസ്യങ്ങള്‍ ഉണ്ടെന്നു ഗവേഷകര്‍.
ദൃഢമായ ഷേക്ക്‌ഹാന്‍ഡ് നല്‍കുന്നവര്‍ക്ക് ബുദ്ധിശക്തിയും ഓര്‍മശക്തിയും കൂടുതലായിരിക്കുമെന്നു ഗവേഷകർ. യുകെയിലെ 475,397 ആളുകളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. മാഞ്ചസ്റ്റര്‍ സര്‍വകലാശാലയില്‍ നടത്തിയ പഠനപ്രകാരം ഒരാളുടെ ഹാന്‍ഡ്‌ഷേക്ക് വച്ച് അയാളുടെ മസ്സിലുകളുടെ ശക്തി, തലച്ചോറിന്റെ പ്രവര്‍ത്തനം എന്നിവ അളക്കാന്‍ സാധിക്കുമെന്നാണ് പറയുന്നത്.
അതേസമയം ശക്തികുറഞ്ഞ ഹാന്‍ഡ്‌ഷേക്കുകള്‍ ശാരീരികക്ഷമതക്കുറവും ഹൃദ്രോഗസാധ്യതയുമാണ് കാണിക്കുന്നത്. തലച്ചോറിന്റെ ക്ഷമതയും മസിലുകളുടെ പ്രവര്‍ത്തനവും തമ്മില്‍ എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നുവെന്നു കാണിക്കാനാണ് ഈ പഠനം നടത്തിയത്.
മസ്സിൽ സ്ട്രെങ്ത് വര്‍ധിക്കുന്ന വ്യായാമങ്ങള്‍ ചെയ്യുക വഴി തലച്ചോറിന്റെ പ്രവര്‍ത്തനം കൂടുതല്‍ ഫലപ്രദമാക്കാന്‍ സാധിക്കുമോ എന്നാണു ഈ പഠനത്തിലൂടെ ഗവേഷകര്‍ അറിയാന്‍ ശ്രമിച്ചത്. ഇതൊരു പ്രാഥമികപഠനം മാത്രമാണ്. ഈ രംഗത്ത് ഇനിയും കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ടെന്ന് നേതൃത്വം നല്‍കിയ ഡോ. ജോസഫ് ഫിര്‍ത്ത് പറയുന്നു.
Read More : Health and Wellbeing