ഡോക്ടറാണ്, ചിരിയാണ്, വെളിച്ചമാണ്...

വർഷങ്ങൾക്കു മുൻപാണ്, ഒറ്റപ്പാലത്തുകാർ ആദ്യമായി ഒരു സൈക്യാട്രിസ്റ്റിനെ കാണുന്നു – ഡോ. പി.എം.മാധവൻ. റാഞ്ചിയിൽ നിന്നു സ്വർണമെഡലോടെ എംഡിയെടുത്തു വന്ന ഗംഭീര കക്ഷി. ചെർപ്പുളശ്ശേരി ശങ്കർ ആശുപത്രിയിൽ ചികിൽസ തുടങ്ങി, പക്ഷേ രോഗികൾ ആഴ്ചയിൽ രണ്ടോ മൂന്നോ മാത്രം. അതിനിടെയാണ്, മുടിവെട്ടുന്നതിനിടെ അടുപ്പത്തിന്റെ സ്വാതന്ത്ര്യംവച്ചു ബാർബറുടെ രണ്ടേ രണ്ടു ചോദ്യം– ‘രോഗികളോടും ഒപ്പം വരുന്നവരോടും ഡോക്ടർക്കൊന്നു ചിരിച്ചു സംസാരിച്ചുകൂടേ...? അൽപം സൗമ്യമായി പെരുമാറിക്കൂടേ..?. ’ കർക്കശമായ പെരുമാറ്റം കൊണ്ടു ഡോക്ടർ ആവശ്യത്തിനു ചീത്തപ്പേരു നേടിയെന്ന ‘വാർത്ത’ ബാർബർ അറിഞ്ഞിരുന്നു. എന്തായാലും, ആ വാക്കുകൾ ഡോക്ടർ സ്വീകരിച്ചു, രോഗികളുടെ എണ്ണം ദിവസം നൂറും കടന്നു മുന്നോട്ടു കുതിച്ചു.

പിന്നീട് എത്രയോ വർഷങ്ങൾ... പ്രഗൽഭ ന്യൂറോ സൈക്യാട്രിസ്റ്റായി പേരെടുത്ത ഡോ.പി.എം.മാധവൻ ഇന്നൊരു വലിയ വെളിച്ചമാണ്. മനസ്സിന്റെ അസുഖങ്ങൾ മാറ്റിക്കൊടുക്കുന്ന വിദഗ്ധൻ എന്ന നിലയിൽ മാത്രമല്ല, രണ്ടു കാലുകളും തളർന്നിട്ടും ചിരി കൈവിടാത്ത പ്രകാശമായിക്കൂടിയാണ്. പോസിറ്റീവ് ഊർജവും പ്രതീക്ഷകളും മാത്രമാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്. 

കോഴിക്കോട് മെഡിക്കൽ കോളജിലെയും റാഞ്ചിയിലെയും പഠനം കഴിഞ്ഞ് പുതുച്ചേരി ജിപ്മറിൽ അധ്യാപകനായി. അപ്പോഴാണ്, ഭാര്യയും പീഡിയാട്രീഷ്യനുമായ ഡോ. ഗിരിജ നിർബന്ധിക്കുന്നതും അങ്ങനെ നാട്ടിലെത്തുന്നതും. മനോദൗർബല്യമുള്ളവരുടെ ഒപ്പം വരുന്ന ചിലരുടെ വിടുവായത്തം അദ്ദേഹത്തിനു രസക്കേടുണ്ടാക്കിയതു സ്വാഭാവികം. പക്ഷേ ബാർബറുടെ ഉപദേശം സ്വീകരിച്ചപ്പോൾ ആ രസക്കേട് മറന്നു, രോഗികളോടു ചിരിച്ചു തുടങ്ങി. കൂടെ വരുന്നവർ പറയുന്നതും ക്ഷമയോടെ കേട്ടു. ആത്മഹത്യയുടെ മുനമ്പിൽ നിന്ന എത്രയോ വിഷാദരോഗികളെ അദ്ദേഹം ആഹ്ലാദത്തിന്റെ ലോകത്തേക്കു തിരികെ വിളിച്ചു. അവരെല്ലാം ഡോക്ടറുടെ ഉറ്റസുഹൃത്തുക്കളുമായി.

വിശ്രമിക്കാനുള്ള ‘വക’

വിദേശ രാജ്യങ്ങളിൽ ഉൾപ്പെടെ പ്രഭാഷകനായിരുന്ന മാധവന് ഒരിക്കൽ ശ്രീലങ്കയിൽ വച്ചാണു കാലുകൾക്ക് തളർച്ച അനുഭവപ്പെട്ടത്. പിന്നെ പടികൾ കയറാൻ പ്രയാസമായി. പല കുറി വീണു. ആദ്യം വലതു കാൽ പൊട്ടി.

‘‘നാലുവർഷത്തിലൊരിക്കൽ മാറിമാറി കാലുകൾ പൊട്ടിക്കൊണ്ടിരുന്നതിനാൽ വിശ്രമിക്കാനുള്ള വക എപ്പോഴുമുണ്ടായിരുന്നു’ എന്നാണു ഡോക്ടർ പറയുന്നത്. 

പലയിടത്തും ചികിത്സിച്ചെങ്കിലും രോഗമെന്തെന്നു കണ്ടെത്താനായില്ല. പരസഹായമില്ലാതെ എഴുന്നേൽക്കാൻ പോലും കഴിയാതായിട്ടും കിടക്കയിലിരുന്നു ചികിൽസ നൽകുന്നു.  മൂന്നു വർഷമായി കൂട്ടുള്ള ചക്രക്കസേരയിൽ ഇരുന്നു മുമ്പത്തേക്കാൾ വോൾട്ടേജോടെയാണു ഡോക്ടറുടെ ചിരി. വിഷാദരോഗികളുടെ സങ്കടം ഒപ്പിയെടുക്കുകയാണ് (Grief therapy) തന്റെ ജോലിയെന്ന് അദ്ദേഹം പറയും. പ്രസാദം വദനത്തിങ്കൽ, കാരുണ്യം ദർശനത്തിലും.

കൂട്ടിനു കൂട്ടുകാരുണ്ടല്ലോ, പാട്ടും

സൈക്യാട്രി സൊസൈറ്റി സംസ്ഥാന പ്രസിഡന്റും ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ സജീവ പ്രവർത്തകനുമായിരുന്ന ഡോക്ടർ ഇനിയും സമ്മേളനങ്ങളിൽ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ്. ചക്രക്കസേര കയറ്റാൻ പാകത്തിൽ പഴയൊരു വാഹനം രൂപമാറ്റം വരുത്തുന്നുണ്ട്. .

ഇടയ്ക്കിടെ കൂട്ടുകാരുടെ സൗഹൃദം പാട്ടിന്റെ രൂപത്തിൽ വീട്ടിലേക്കു വരുന്നു. പഴയ ഹിന്ദി, തമിഴ്, മലയാളം ഗാനങ്ങളിൽ മതിമറക്കും. സംവിധായകൻ ജയരാജ് ഉൾപ്പെടെ സിനിമാ സുഹൃത്തുക്കളും പതിവു സന്ദർശകർ. മക്കളായ പാർവതിയും നീതിയും വിവാഹിതരായി ദൂരദേശങ്ങളിൽ. കൂടെ എപ്പോഴുമുള്ളത് ആഹ്ലാദവും ഭാര്യയും. 

വീട്ടിലിരുന്നാൽ പോര

ഇന്ത്യയിൽ അംഗപരിമിതർക്കു വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നു മാത്രമാണു ഡോ. മാധവന്റെ പരാതി. അടുത്ത സുഹൃത്തായ നടൻ മോഹൻലാൽ വീട്ടിലെത്തിയപ്പോൾ അദ്ദേഹത്തോട് അതു സൂചിപ്പിച്ചു. ലാൽ തന്റെ ബ്ലോഗിൽ ഈ വിഷയം ശക്തമായി അവതരിപ്പിക്കുകയും ചെയ്തു.

അംഗപരിമിതർ ചക്രക്കസേരയിലോ പരസഹായത്താലോ ഒരു സിനിമ കാണാൻ ചെന്നാൽ ‘ഇവർക്കൊക്കെ വീട്ടിലിരുന്നാൽ പോരേ’ എന്ന മനോഭാവമാണ് കേരളത്തിലുള്ളവർക്ക്. വിദേശരാജ്യങ്ങളിലൊക്കെ ഇത്തരക്കാർക്ക് എവിടെയും സഞ്ചരിക്കാനുള്ള സംവിധാനങ്ങളുണ്ടെന്ന് ഡോക്ടർ പറയുന്നു.

Read More : Health News

ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഡോക്ടറുണ്ടോ? എങ്കിൽ നിങ്ങളുടെ അനുഭവം മനോരമ ഒാൺലൈൻ വായനക്കാരുമായി പങ്കുവയ്ക്കാം. നിങ്ങളുടെ അനുഭവക്കുറിപ്പുകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുമല്ലോ