കേരളത്തിലെത്തിയാൽ ഉടുപ്പിടാത്ത ഡോക്ടർ ആ രഹസ്യം പരസ്യമാക്കുന്നു

ഇംഗ്ലണ്ടിൽ സ്ഥിരതാമസമാക്കിയ ഡോക്ടർ വിജയകുമാർ കണ്ടമ്പുള്ളി കേരളത്തിലെത്തിയാൽ ഉടൻ ഉടുപ്പ് ഊരും! 30 വർഷമായി തുടരുന്ന ആ ശീലത്തിന്റെ പിന്നിലെ ആനന്ദരഹസ്യം ഇതാ പരസ്യമാക്കുന്നു.

സീൻ: ഒന്നൊന്നര.

സ്ഥലം: നെടുമ്പാശേരി എയർപോർട്ട്

കോട്ടും സ്യൂട്ടുമണിഞ്ഞു പത്രാസിൽ ഇംഗ്ലണ്ടിൽ നിന്നു വിമാനത്തിൽ വന്നിറങ്ങിയ ഡോക്ടർ വിജയകുമാർ നേരെ വിമാനത്താവളത്തിലെ ചെയ്ഞ്ചിങ് റൂമിലേക്ക്. 

തിരികെ ഇറങ്ങുമ്പോൾ അരയിൽ  ഒറ്റമുണ്ട് മാത്രം.! ഷർട്ടില്ല. നേരെ നടന്നു പുറത്തേക്ക്. അവിടെ കാത്തിരിക്കുന്ന കാറിൽ കയറി തൃശൂരിലേക്ക്.! 

എല്ലാവരും  സൂക്ഷിച്ചു നോക്കുന്നു...ഇങ്ങേർക്കിതെന്തു പറ്റി?

ഇതേ ചോദ്യം ഞാനും ചോദിച്ചു:

മറുചോദ്യമായിരുന്നു ഉത്തരം.

നമ്മുടെ കാർന്നോന്മാർ ഷർട്ടിടാറുണ്ടായിരുന്നോ?

ഇല്ല.

എന്താ കാരണം, കേരളത്തിലെ കടുത്ത ചൂടും ഈർപ്പവും തന്നെ.

അതു പണ്ടല്ലേ?

പോട്ടെ, ഇപ്പോഴത്തെ കാര്യം പറയാം. 

ചെണ്ടമേളക്കാർ ഷർട്ടിടാറുണ്ടോ?

ഇല്ല. കാരണം അവർ ചൂടത്ത് കൊട്ടുമ്പോൾ വിയർത്തൊലിക്കാൻ പാടില്ല. 

പൂജാരിമാർ എന്താണ് ഷർട്ടിടാത്തത്? 

ഇടുങ്ങിയ മുറിക്കുള്ളിൽ തീയും നെയ്യും പുകയും മറ്റുമായി പൂജ ചെയ്യുന്ന അവർക്ക് ഷർട്ടിട്ടാൽ വിയർത്തുകുളിക്കും.

എവിടെങ്കിലും പോയി വന്നാലുടൻ ഷർട്ട് അഴിച്ചിടാറില്ലേ? എന്തൊരു ചൂടെന്നു പറയാറില്ലേ?

ഉവ്വ്.. ഉവ്വുവ്വ്..

എന്താ അതിന്റർഥം. പുറത്തുള്ളവരെ കാണിക്കാനാണു നാം ഷർട്ടിനുള്ളിൽ വെന്തുരുകി ഇരിക്കുന്നത്, അല്ലേ?

ശരിയാണല്ലോ?, അപ്പോൾ ഇംഗ്ലണ്ടിലൊക്കെ  പോകുമ്പോഴോ?

അവിടെ സ്യൂട്ടും കോട്ടും  ടൈയുമൊക്കെയാവാം...

അതെന്താ? ഷർട്ടിടാതെ നടന്നുകൂടേ? 

എന്നിട്ടു വേണം ഞാൻ ചത്തുപോകാൻ. അത്രയ്ക്കു തണുപ്പല്ലേടോ...!

തൃശൂരിൽ കഴിഞ്ഞയാഴ്ച നടന്ന പൊതുചടങ്ങിൽ ഷർട്ടിടാതെ ഡോ. വിജയകുമാർ

ഇന്ത്യവിട്ടാൽ ബെൻസും ഗോൾഫും

ഡോക്ടറെ ഇംഗ്ളണ്ടിൽ കണ്ടാൽ നാം തിരിച്ചറിയില്ല. ഓഫിസ് മുറിയിൽ ബോ ടൈ അടക്കമുള്ള സ്യൂട്ടിട്ടാണിരിക്കുക. മൂന്നുമാസം പോർച്ചുഗലിൽ പോകുന്നതെന്തിനാണെന്നോ  ഗോൾഫ് കളിക്കാൻ. ഒരുതവണ ഗോൾഫ് കളിക്കുന്നതിന് ഇന്ത്യൻ രൂപ 20,000 ചെലവാണ്. എന്നാലും വേണ്ടില്ല, ദിവസവും കളിക്കും.  അതിനു മൂന്നുമാസം പോർച്ചുഗലിൽ വാടകവീടെടുത്ത് ഭാര്യ ഇംഗ്ലണ്ടുകാരി ജാനറ്റിനൊപ്പം താമസിക്കും. വിദേശത്ത് കറങ്ങാനുപയോഗിക്കുന്നതു സ്വന്തം  ബെൻസാണ്. ആറുമാസത്തെ വാസത്തിനു കേരളത്തിലെത്തിയാലോ എയർപോർട്ടിൽ വച്ച് ‘തോലുരിഞ്ഞ്’ മലയാളിയാകും.

ക്ളിനിക് അടയ്ക്കുന്ന ഡോ. വിജയകുമാർ. ഫോട്ടോ: ഉണ്ണി കോട്ടയ്ക്കൽ

? ഷർട്ടിടാതെ  നടക്കുന്നതിന് വീട്ടുകാർ ഇഷ്ടക്കേടു കാട്ടിയിട്ടുണ്ടോ?

∙ അമ്മ ആദ്യം പറയുമായിരുന്നു മോൻ ഷർട്ടിട്ടു നടക്കെടാ എന്ന്. പിന്നതു മാറി.

?  ഷർട്ടില്ലാത്തതിനാൽ പ്രവേശനം നിഷേധിക്കപ്പെട്ടോ എവിടെയെങ്കിലും?  

∙ ഇരുപതു വർഷം മുൻപ് സകുടുംബം തൃശൂരിലെ ഒരു സ്റ്റാർ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോയി. ഷർട്ടിടാതെ അകത്തു കടക്കാൻ പറ്റില്ലെന്നു പറഞ്ഞ് എന്നെ  ഇറക്കി വിട്ടു. ഞാൻ ഇറങ്ങിപ്പോന്നപ്പോൾ എന്റെ കുടുംബവും ഒപ്പം പോന്നു.

? എന്താണ് ശരിക്കും മലയാളിയുടെ ആരോഗ്യ പ്രശ്നം?

∙ അമിതമായ ഭക്ഷണം. പിന്നെ അനാരോഗ്യകരമായ വസ്ത്രധാരണ രീതി.  

? സ്ത്രീകളുടെ കാര്യത്തിലോ?

∙ അവരോടു മേൽവസ്ത്രമുപേക്ഷിക്കാൻ ഇപ്പോൾ കേരളത്തിലെ സ്ഥിതി വച്ചു പറയാനാവില്ല. ഇറുകിയ വസ്ത്രങ്ങൾ പരമാവധി ഒഴിവാക്കുക. അത്ര തന്നെ.

ഡോ. വിജയകുമാർ കാറോടിക്കുന്നു. ഫോട്ടോ: ഉണ്ണി കോട്ടയ്ക്കൽ

ഇതു തൃശൂർ പാട്ടുരായ്ക്കൽ ഡോ.  വിജയകുമാർ കണ്ടംപുള്ളി(71).  ഇംഗ്ലണ്ടിലെ പ്ലിമത്തിൽ സർക്കാർ സർവീസിൽ ഡോക്ടറായി വിരമിച്ചു. വർഷത്തിൽ ആറുമാസം കേരളത്തിൽ. മൂന്നുമാസം ലണ്ടനിൽ...പിന്നുള്ള മൂന്നുമാസം പോർച്ചുഗലിൽ ‌ഉല്ലാസം...

30 വർഷമായി കേരളത്തിൽ ഷർട്ടുപേക്ഷിച്ചിട്ട്.. മന്ത്രിമാർ പങ്കെടുക്കുന്ന ചടങ്ങിലായാലും  ഷർട്ടിടാതെയേ പോകൂ. എല്ലാവരും വീശി വിയർക്കുമ്പോൾ  ഡോക്ടർ കൂളായിരിക്കും...!

ഡോ. വിജയകുമാർ ലണ്ടനിൽ

‘‘ഇത്ര വലിയ ചൂടത്ത്, മറ്റുള്ളവരെ ബോധിപ്പിക്കാൻ ഷർട്ടു കുത്തിക്കേറ്റി നടക്കാൻ എന്നെ കിട്ടില്ല; അത്ര തന്നെ’’!

ഇംഗ്ലണ്ടിൽ രോഗികൾക്ക് ചികിൽസ സമ്പൂർണ സൗജന്യമാണ്.  നല്ല ശമ്പളം കിട്ടിയതിനാൽ സമ്പത്തിനു ക്ഷാമമില്ല.  

വിരമിച്ചശേഷം  ആറുമാസം തൃശൂരിലുള്ളപ്പോൾ  രോഗികളെ കാണും. ശീലം ഇംഗ്ലണ്ടിലേതു തന്നെ. രോഗികളിൽ നിന്ന് അഞ്ചുപൈസ വാങ്ങില്ല. ആശുപത്രിയിലേക്കു വരാൻ പറ്റാത്ത രോഗികളെ സ്വന്തം കാറിൽ അങ്ങോട്ടുപോയി ചികിൽസിക്കും. കാറിൽ പോകുന്നതും ഷർട്ടിടാതെയാണെന്നു മാത്രം. ഈ സേവനത്തിന് ആരെങ്കിലും പണം നൽകാൻ തയാറായാൽ അതിനൊരു ബോക്സ് വച്ചിട്ടുണ്ട്. അതിൽ വീഴുന്ന പണം തൊടില്ല, നേരെ ജീവകാരുണ്യത്തിന്.

?ഡോക്ടർ രാവിലെ എന്തു കഴിക്കും.?

∙ രാവിലെ 4.30ന് എഴുന്നേറ്റാലുടൻ ഒരു ഗ്ലാസ്സ് വെള്ളം. പിന്നെ ജിമ്മിൽ പോയി വെയ്റ്റെടുക്കും. മസിൽ സ്ട്രോങ്ങായി നിൽക്കണ്ടേ? പിന്നെ വന്നിട്ടു പച്ചക്കറി കൃഷി.  ഒൻപതു മണിക്ക് പ്രഭാതഭക്ഷണം.

? അതു കുശാലായിരിക്കുമല്ലേ?

∙ പിന്നേ, ഒരു വെള്ളരിക്ക, ഒന്നു രണ്ടു തക്കാളി.

? അതു കൊള്ളാം. ഉച്ചയ്ക്കു ചോറിനു ചിക്കനൊക്കെ തട്ടാൻ രാവിലെ വയർ അൽപം കാലിയിടുന്നതു നല്ലതാ.

∙ ഉച്ചയ്ക്കെന്നല്ല, ഒരു നേരത്തും ചോറു കഴിക്കാറില്ല, ചപ്പാത്തിയുമില്ല. നോ റൈസ്, നോ വീറ്റ്!

? അയ്യോ, പിന്നെന്തു കഴിക്കും?‌

∙ അൽപം ചീരത്തോരൻ, കായ ഉപ്പേരി, വാഴക്കൊടപ്പൻ തോരൻ, ഇടിയൻ ചക്ക... 

? വൈകിട്ടോ?

∙ മിക്കപ്പോഴും ഒന്നും കഴിക്കാറില്ല. ചിലപ്പോൾ നാലുമണിക്ക് കുറെ ഫ്രൂട്സ് നുറുക്കിയത്. .

?അത്രേയുള്ളൂ..? വിശക്കില്ലേ, ക്ഷീണമാകില്ലേ?

∙ എന്നാരു പറഞ്ഞു? മലയാളിയുടെ ഊർജത്തിന്റെ 90 ശതമാനവും ചെലവഴിക്കപ്പെടുന്നത് അവൻ കഴിക്കുന്ന ഭക്ഷണം ദഹിപ്പിക്കാനാണ്. 

ബാക്കി മാത്രമേ ജോലിക്കുപയോഗിക്കുന്നുള്ളൂ..  ഭക്ഷണം ദഹിപ്പിക്കലല്ല എന്റെ പണി..!

Read More : Health and Wellbeing