പഴക്കം, മായം, അണുബാധ, വൃത്തിയില്ലായ്മ എന്നിവ മാത്രമല്ല ഹോട്ടലുകൾ ഉയർത്തുന്ന ആരോഗ്യപ്രശ്നം. പായ്ക്ക് ചെയ്ത ആഹാരത്തിൽ, ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന താലേറ്റ്സ് (Phthalates) എന്ന വില്ലനുണ്ട്. കുട്ടികൾ, കൗമാരക്കാർ, ഗർഭിണികൾ എന്നിവരാണ് ഇവന്റെ മുഖ്യ ഇരകൾ. സൗന്ദര്യവർധക വസ്തുക്കൾ, ലോഷനുകൾ, ഡിറ്റർജന്റുകൾ തുടങ്ങിയവയിലും താലേറ്റുകളുടെ അളവ് വളരെ കൂടുതലാണ്. പ്ലാസ്റ്റിക്കിന് കൂടുതൽ അയവുവരുത്താനും പെട്ടെന്ന് പൊട്ടാതിരിക്കാനുമാണ് താലേറ്റുകൾ പ്രധാനമായും ഉപയോഗിക്കുന്നത്.
ഭക്ഷ്യവസ്തുക്കൾ പായ്ക്ക് ചെയ്യുന്നതിനും സംസ്കരിക്കുന്നതിനും ഉപയോഗിക്കുന്ന, ശരീരത്തിന് ദോഷംചെയ്യുന്ന ഒരു കൂട്ടം രാസവസ്തുക്കളാണ് താലേറ്റ്സ്. ശരീരത്തിലെ ഹോർമോണുകളുടെ പ്രവർത്തനങ്ങളെ തകിടം മറിക്കാൻ കഴിവുള്ളവരാണ് ഇവ. ഹോർമോണുകൾ പണി മുടക്കുന്നത് പലവിധ രോഗങ്ങൾക്ക് വഴിവയ്ക്കും. പ്രസവം, ഉൽപാദനക്ഷമത എന്നിവയെ കാര്യമായി ബാധിക്കും. പൊണ്ണത്തടി, ആസ്മ എന്നീ രോഗങ്ങൾക്കും താലേറ്റുകൾ കാരണമാകും. എന്നാൽ വീടുകളിലുണ്ടാക്കുന്ന ഭക്ഷണങ്ങളിൽ ഇവയുടെ അളവ് വളരെ കുറവായിരിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. പാക്ക് ചെയ്ത ആഹാരവസ്തുക്കൾ, സംസ്കരിച്ച ഭക്ഷണം എന്നിവയിലാണ് താലേറ്റുകൾ കൂടുതലായി കണ്ടെത്തിയിരിക്കുന്നത്.
യുഎസ് നാഷനൽ െഹൽത്ത് ആൻഡ് ന്യൂട്രീഷൻ എക്സാമിനേഷൻ സർവേയുടെ പഠനങ്ങളാണ് വിവരങ്ങൾക്ക് ആധാരം. ഇവരുടെ പഠനങ്ങൾ എൻവയൺമെന്റ് ഇന്റർനാഷനൽ എന്ന ജേണലിൽ പ്രസിദ്ധീകരിക്കപ്പെട്ടതോടെയാണു ശാസ്ത്രലോകത്ത് ചർച്ചയായത്. 2005–2014 കാലത്തെ സർവേകളാണ് പഠനത്തിന് ഉപയോഗിച്ചത്. ഫാസ്റ്റ് ഫുഡ് കേന്ദ്രങ്ങൾ, കഫിറ്റീരിയകൾ, റസ്റ്ററന്റുകൾ എന്നിവിടങ്ങളിൽനിന്ന് സ്ഥിരമായി ഭക്ഷണം കഴിക്കുന്നവരെയാണ് നിരീക്ഷിച്ചത്. ഇത്തരം സ്ഥലങ്ങളിൽനിന്ന് കഴിക്കുന്ന എല്ലാ പ്രായക്കാരിലും താലേറ്റ്സുകളുടെ അളവ് കൂടുതലാണ്. എന്നാൽ കൗമാരക്കാരിലാണ് ഇത് കൂടുതലായി കണ്ടത്. ഭക്ഷ്യവസ്തുക്കളിൽ സാൻവിച്ച്, ഹാംബർഗ് എന്നിവ കഴിക്കുമ്പോഴാണ് ഇത്തരം രാസവസ്തുക്കൾ കൂടുതലായി ഉള്ളിലാവുന്നതും എന്നും പഠനങ്ങൾ പറയുന്നു.