ഇനി ഒരു കുഞ്ഞുണ്ടായാൽ പേരിടും, കാർസിനോമ

(കരിപ്പൂർ എയർപോർട് സീനിയർ സെക്കൻഡറി സ്കൂളിലെ അധ്യാപിക അപർണ ശിവകാമി, അർബുദവുമായുള്ള ‘കൂടിക്കാഴ്ച’യെ കുറിച്ച്)

സിംപിൾ ആയി എടുക്കേണ്ട, കുറച്ചു പ്രശ്നമാണ്, നാളെത്തന്നെ മാമോഗ്രാം ചെയ്യൂ എന്ന് എന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കിക്കൊണ്ടാണു ഡോക്ടർ പറഞ്ഞത്. ആ നോട്ടത്തിൽ ഉണ്ടായിരുന്നു എന്റെ മാമോഗ്രാമിന്റെയും ബയോപ്സിയുടെയും ഒക്കെ റിസൽറ്റ്. വീട്ടിലേക്ക് പോയില്ല. മോളുണ്ട് അവിടെ. അവളെ ഭാവവ്യത്യാസമൊന്നുമില്ലാതെ ഫെയ്സ് ചെയ്യണമെങ്കിൽ വലിയ തയാറെടുപ്പു വേണമായിരുന്നു (ഭർത്താവ് പ്രതാപ് വീട്ടിലില്ല. അവനെ സംഘർഷത്തിലാക്കേണ്ട എന്നു കരുതി ടെസ്റ്റ് ചെയ്യണം എന്നു മാത്രം പറഞ്ഞു.) ഏറ്റവുമടുത്ത മൂന്നാലു സുഹൃത്തുക്കളെ വിളിച്ചു, കുറെ കരഞ്ഞു. ഒന്നുമുണ്ടാവില്ല എന്ന് അവരും ഞാനും എന്നെ ആശ്വസിപ്പിച്ചുകൊണ്ടേയിരുന്നു.

പിന്നീട് ആ മുഴ (lump) കാൻസറസ് ആണെന്ന് ഉറപ്പിച്ചു. പ്രണയ വിവാഹമായതുകൊണ്ട് രണ്ടു വീട്ടുകാരുമായും വലിയ ബന്ധമൊന്നുമില്ല മോൾക്ക്. അവൾക്ക് അരക്ഷിതബോധമുണ്ടാകരുതെന്നുറപ്പിച്ചു. അവളുടെ മുന്നിൽ ഞാൻ സങ്കടപ്പെട്ടതേയില്ല. മുഴയെക്കുറിച്ചൊക്കെ അവളോടു സംസാരിച്ചു തുടങ്ങി.

പെട്ടെന്ന് അവൾ ചോദിച്ചു ‘കാൻസറൊന്നുമായിരിക്കില്ലല്ലോ..ല്ലേ അമ്മേ?’ പറയാൻ പറ്റില്ല എന്ന് ഞാൻ. ബയോപ്സി റിസൽറ്റ് വന്ന അന്ന് അവൾ സ്കൂൾ വിട്ട് വരുന്നതു വരെ കരഞ്ഞു തീർത്തിട്ട് അവൾ വന്നതും ‘അടിച്ചു മോളേ’ എന്ന് പറഞ്ഞ് പൊട്ടിച്ചിരിച്ചോണ്ട് ഞാൻ അവൾടെ കയ്യിലടിച്ചു. ആ സമീപനം അവൾക്കു കൊടുത്ത ധൈര്യം അവളെ എന്റെ അമ്മയാക്കി!.

അടുത്തത് സർജറിയാണ്. ഒന്നുകിൽ ലംപ് മാത്രം അല്ലെങ്കിൽ മാറിടം മുഴുവൻ. ‘ ഫുൾ റിമൂവ് ചെയ്യാണേ മറ്റേതും കൂടി കളഞ്ഞോമ്മേ.. അല്ലേ ഒരു സ്റ്റൈലും ഉണ്ടാവില്ല’, എന്നായി അവൾ.  

ഫെയ്സ്ബുക്കിൽ കാൻസർ രോഗിയാണെന്നു കുറിച്ചതോടെ എത്ര പേരാണെന്നോ ലക്ഷണങ്ങളും സംശയങ്ങളും പറഞ്ഞു വിളിച്ചത്. ഈ രോഗത്തെ പേടിക്കില്ല എന്നും ആരെയും ഭയപ്പെടുത്തില്ല എന്നും ഒന്നു കൂടി ഉറപ്പിച്ചു.

സർജറി കഴിഞ്ഞ് ലിംഫ് നോഡ്സ് മുറിക്കുന്നതു കൊണ്ട് ‍ഡ്രെയ്നേജിടും. ആ ട്യൂബും പാത്രവും നമ്മൾ എപ്പോഴും മറക്കും. എണീക്കുമ്പോ താഴെ വീഴും. നടക്കുമ്പോ എവിടേലും തടയും. ഒരു കൊച്ചു സഞ്ചിയിൽ ഇതൊക്കെ ഇട്ടുസഞ്ചി നല്ല സ്റ്റൈലിൽ തൂക്കി ആ പ്രശ്നം പരിഹരിച്ചു.

കീമോയുടെ രണ്ടു ദിവസം മുൻപേ ഒരുക്കം തുടങ്ങി. ആറു മാസത്തെ വായനയ്ക്കുള്ള പുസ്തകങ്ങൾ വാങ്ങി. കീമോ ചെയ്ത് കൊഴിയും മുൻപേ തല ഷേവ് ചെയ്തു. കളർഫുൾ ആയ കുറെ തൊപ്പിയും വാങ്ങി. (മൊട്ട ഇഷ്ടായതു കൊണ്ട് തൊപ്പിയൊന്നും വയ്ക്കാറില്ലെന്നു മാത്രം) . 

രോഗത്തെ പേടിക്കുകയോ രോഗിയോട് സഹതപിക്കുകയോ അല്ല വേണ്ടതെന്ന് എന്റെ പരിചയക്കാരിലെങ്കിലും തോന്നലുണ്ടാക്കാൻ കഴിയുന്നുണ്ടെന്നാണ് ഇപ്പോൾ എനിക്ക് തോന്നുന്നത്. റേഡിയേഷൻ കൂടി കഴിഞ്ഞ് പോകേണ്ട യാത്രകളേക്കുറിച്ച് ,പ്രോജക്ടുകളെക്കുറിച്ച് ഒക്കെയെ സംസാരിക്കാറുള്ളൂ. ഒരാൾ പോസിറ്റീവായിരിക്കുന്നത് ചുറ്റുമുള്ളവരും അങ്ങനെയായതുകൊണ്ടാണ്.

വീട്ടിൽ നിന്നുള്ള ഫോൺ വിളികൾ വരുമ്പോൾ ഞാനോർക്കും 18 വർഷം നഷ്ടപ്പെട്ട കരുതൽ ഈ രോഗമാണല്ലോ എനിക്ക് തിരിച്ചു തന്നതെന്ന്. ഇടയ്ക്ക് ഞാൻ മോളോട് പറയും ഇനി എനിക്ക് ഒരു കുഞ്ഞുണ്ടായാൽ ‘കാർസിനോമ’ എന്നാണ് പേരിടുക എന്ന്.

Read More : Health and Wellbeing