മകൻ മാസാണെങ്കിൽ ഈ അമ്മ കൊലമാസാണ്

കോഴിക്കോട്ടുകാരൻ സുചിത്ത് പറയുന്നത് ‘ഹാപ്പിനസ് ഈസ് റോക്കിങ് വിത്ത് അമ്മ’ എന്നാണ്. എങ്ങനെ ആകാതിരിക്കും, ശോഭനകുമാരിയും മോൻ സുചിത് ചെല്ലപ്പനും വേദികളില്‍ കിടിലന്‍ ഡാന്‍സ് പെര്‍ഫോമന്‍സ് അല്ലേ... അതും ഒന്നാന്തരം, ഡപ്പാംകൂത്ത് ഡാന്‍സ്. മകൻ മാസാണെങ്കിൽ അമ്മ കൊലമാസാണ്. വിഡിയോ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ ഇരുവരും സ്റ്റാർ. 

അമ്മ ഗംഭീര ഡാന്‍സാണല്ലോ... ആരാണു ഗുരു?

ശോഭനകുമാരി∙ ആദ്യഗുരു മോന്‍ തന്നെ. പ്രചോദനവും റോൾമോഡലുമൊക്കെ ഇവൻ തന്നെ. ആറു വര്‍ഷം മുന്‍പു റസിഡന്റ്സ് അസോസിയേഷന്റെ യോഗത്തിലായിരുന്നു അരങ്ങേറ്റം. അതും മോനോടൊപ്പം. 

‌സുചിത്∙ ആദ്യത്തെ പെർഫോമൻസിനു വേണ്ടി കുറച്ചു നാളെടുത്താണ് അമ്മയെ പഠിപ്പിച്ചത്. ആദ്യമായിട്ടാണല്ലോ അമ്മ ഡാൻസ് ചെയ്യുന്നത്. സ്റ്റേജിൽ കയറി ഡാൻസ് തുടങ്ങിയപ്പോഴല്ലേ ശരിക്കും ഞെട്ടിയത്. പെർഫോം ചെയ്യുമ്പോൾ അമ്മ വേറെ ലെവലല്ലേ... 

ടേണിങ് പോയിന്റ്?

ശോഭനകുമാരി∙ ചെറുപ്പം മുതൽ ഡാൻസ് പഠിക്കണമെന്ന്  ആഗ്രഹമുണ്ടായിരുന്നു. സാധിച്ചില്ല. അങ്ങനെ മകൾ സുചിത്രയെ ഡാൻസ് പഠിപ്പിച്ചു. 10 വർഷം മുൻപ് ഒരു പരിപാടിയിൽ മക്കൾ ഡാൻസ് ചെയ്തു കഴിയാറായപ്പോൾ ഞാനും രണ്ടു സ്റ്റെപ് കളിച്ചു. അതാണ് ടേണിങ് പോയിന്റ്. 

ഈ ഡാൻസിനു പിന്നിൽ?

സുചിത്∙ ഒരു സന്തോഷം. ജിവിതത്തിലെ ഓരോ നിമിഷവും സന്തോഷിക്കണം, പറ്റുന്നത്ര അടിച്ചു പൊളിക്കണം. അമ്മയോടൊപ്പം ഡാൻസ് ചെയ്യുമ്പോൾ ഈ സന്തോഷം ഇരട്ടിക്കുവാണല്ലോ. അമ്മയെ ഇങ്ങനെ പ്രോത്സാഹിപ്പിക്കുന്നതും അമ്മയുടെ ഇഷ്ടങ്ങൾക്കു കൂട്ടു നിൽക്കുന്നതുമൊക്കെയാണ് എന്റെ സന്തോഷം. 

ശോഭനകുമാരി∙ ഇഷ്ടപ്പെട്ട കാര്യം ചെയ്യുമ്പോൾ നമ്മൾക്കു കൂടുതൽ ഊർജം ലഭിക്കും. ഏതു പ്രായത്തിലും ഡാൻസ് ചെയ്യാം. 60 വയസ്സായെങ്കിലും കൊച്ചുകുട്ടിയാണ് എന്ന ചിന്തയാണു ഡാൻസ് ചെയ്യുമ്പോൾ മുതൽ മനസ്സിൽ.  

എന്താണു മറ്റു പരിപാടികൾ?

സുചിത്∙ ആ മറ്റു പരിപാടികളുടെ കൂട്ടത്തിൽ ബിടെക്കും എംടെക്കും ചെയ്തു. കോഴിക്കോട് എൻഐടിയിൽ കെമിക്കൽ എൻജിനീയറിങ്ങിൽ ചെറുതായിട്ടൊരു പിഎച്ച്ഡി ചെയ്യുന്നു. 

ശോഭനകുമാരി∙ എന്റെ മറ്റു പരിപാടികൾ ഇതൊക്കെ തന്നെ. കൊമേഴേസ്യൽ ടാക്സസ് വിഭാഗത്തിൽ നിന്ന് അഡീഷനൽ ലോ ഓഫിസറായി വിരമിച്ചിട്ട് അഞ്ചു വർഷമായി. ഇങ്ങനെ കൊച്ചു കൊച്ചു സന്തോഷങ്ങൾ കണ്ടെത്തുന്നതാണ് ഇപ്പോഴത്തെ പരിപാടികൾ. നെറ്റിപ്പട്ടം ഉണ്ടാക്കുന്നതു പോലെയുള്ള ഒരുപാട് ആർട് വർക്കും ചെയ്യാറുണ്ട്. 

വീട്ടിലോ? 

സുചിത്∙ അമ്മയുമൊരുമിച്ച് അടിച്ചു പൊളിച്ചു ഡാൻസ് ചെയ്യുന്നതിൽ അച്ഛനും ഹാപ്പി.  വീട്ടിൽ എല്ലാവരുടെയും ഇഷ്ടങ്ങൾക്ക് ഈ സ്വാതന്ത്ര്യം ലഭിക്കാറുണ്ട്. ചേച്ചി ആർമിയിൽ മേജറാണ്. അച്ഛനും ചേച്ചിയും ഇപ്പോൾ ലക്നൗവിലാണ്. 

Read More : Healthy Life Tips