കൊച്ചി സുഭാഷ് പാർക്ക്. പൂമരങ്ങൾക്കു താഴെയിരുന്നു വ്യായാമ മുറകൾ കാണിച്ചു കൊടുക്കുന്ന മരുമകൾ, അതു നോക്കി ചെയ്യുന്ന അച്ഛൻ.ഡോ. ടി.എൽ.പ്രഭാകര പ്രഭുവി (71) നെയും കൃഷ്ണയെയും കാണുമ്പോൾ കിട്ടുന്ന ശുഭാപ്തിയോടെ ദിവസം തുടങ്ങുന്നവരേറെ. സുപ്രഭാതം പോലെ അവർ വരുന്നതു കാണുമ്പോൾ തന്നെ മനം നിറയുന്നവരും.
എംബിബിഎസ് ഫൈനൽ പരീക്ഷയിൽ രോഗനിർണയത്തിനു പാർക്കിൻസൺ രോഗിയെ കിട്ടണേ എന്നാണു പ്രഭു ആഗ്രഹിച്ചത്. കൈവിറയലും സാവധാനചലനങ്ങളും ഭാവരഹിത മുഖവും കാണുമ്പോൾ തന്നെ രോഗം പിടികിട്ടുമല്ലോ. പരീക്ഷയ്ക്ക് അതു കിട്ടിയില്ല, പക്ഷേ പതിറ്റാണ്ടുകൾക്കും പ്രശസ്തി നേടിയ പ്രാക്ടീസിനും ഇപ്പുറം ആ രോഗം ഇതാ പരീക്ഷണമായി കിട്ടിയിരിക്കുന്നു.
സുധീന്ദ്ര മെഡിക്കൽ മിഷനിലെ ചീഫ് ഫിസിഷ്യനും സൂപ്രണ്ടുമായി ദിവസത്തിന് 24 മണിക്കൂർ തികയാത്ത ഓട്ടത്തിലായിരുന്നു. വെറുതെ നടക്കുന്നതു പോലും അതിവേഗത്തിൽ. ഒപിക്ക് സമയ പരിധിയില്ലായിരുന്നു. രോഗം നിർണയിച്ചപ്പോൾ ഓട്ടം നിർത്തി. സാവധാനമുള്ള ജീവിത ശൈലിയിലേക്കു മാറാനും വ്യായാമം ചെയ്യാനും ഒല്ലൂർ തൈക്കാട്ടു മൂസാണു നിർദേശിച്ചത്. ഡോക്ടർക്കു വിറയൽ ശരീരത്തിനു മാത്രമാണ്, മനസ്സിനും മസ്തിഷ്കത്തിനും പോറലില്ല. അങ്ങനെ വീടിനോടു ചേർന്നു ക്ലിനിക് തുടങ്ങി. കുറച്ചു രോഗികൾ, വ്യായാമം, സ്വസ്ഥം.
മകൻ പ്രശാന്തിന്റെ ഭാര്യയായി വീട്ടിലേക്കുവന്ന എംടെക് ബിരുദധാരി കൃഷ്ണ അച്ഛനു രോഗം വന്നപ്പോൾ ജോലി വിട്ടു; ക്ലിനിക്കിന്റെ ചുമതല ഏറ്റെടുത്തു. ഫിസിയോതെറപ്പി വ്യായാമ മുറകൾ പഠിച്ചു, അച്ഛനെ പഠിപ്പിച്ചു. പാർക്കിൻസൺസ് രോഗികൾക്ക് ബട്ടൻസിടാനും ഷൂലേസ് കെട്ടാനുമൊക്കെ പ്രയാസമാണ്. ഭാര്യ ശോഭയാണ് ഇതെല്ലാം ചെയ്തു കൊടുക്കുന്നത്.
മരുമകളുമായി പാർക്കിലെത്തി വ്യായാമവും യോഗയും തുടങ്ങിയിട്ട് അഞ്ചു വർഷം. പാർക്കിൻസൺസ് രോഗികൾക്ക് എല്ലാം വലുപ്പത്തിൽ ചെയ്യണം. ബിഗ് ആൻഡ് ലാർജ് എന്നാണു പറയുക. ആ എന്നു വാ തുറന്നാൽ പോര, ആആ....എന്നു വലുതായി തുറക്കണം. ചിരി പോലും ഈ രോഗം വന്നാൽ നഷ്ടപ്പെടും. അതിനാൽ ഉച്ചത്തിൽ ചിരിപ്പിക്കണം.
ഹഹഹഹ....ഘ്രാണശക്തി നഷ്ടപ്പെടാതിരിക്കാൻ പൂക്കൾ മണത്തു നോക്കണം. പാർക്കിൽ കായൽക്കാറ്റും പൂക്കളും സ്നേഹിതരുമുണ്ട്. മരുന്നു കഴിച്ചാലും കൂടി വരുന്ന രോഗമാണു പാർക്കിൻസോണിസം. എന്നാൽ, തനിക്കിപ്പോൾ രോഗം കൂടുന്നതിനു തടയിടാനാകുന്നുണ്ടെന്നു പ്രഭു പറയുന്നു.
ക്ലിനിക്കിൽ ഫിസിയോതെറപ്പിസ്റ്റും വ്യായാമം ചെയ്യിക്കും, പാർക്കിൻസൺസ് ഡിസീസ് ആൻഡ് മൂവ്മെന്റ് ഡിസോഡർ സൊസൈറ്റിയുടെ ഗ്രൂപ്പ് തെറപ്പിയിലും പങ്കെടുക്കുന്നുണ്ട്. അവിടെ മറ്റു രോഗികൾക്കു പ്രചോദനമാണ് ഡോക്ടർ.
ന്യൂറോ സിഫിലിസ് പോലെ പഴയ കാലത്തെ പല രോഗങ്ങളും ഇന്നില്ലല്ലോ. അതുപോലെ പാർക്കിൻസൺസ് രോഗവും ഒരുനാൾ ഇല്ലാതായേക്കാമെന്നു ഡോക്ടർ മോഹിക്കുന്നു. ആ കണ്ടുപിടിത്തത്തിനു കാലമെടുത്തേക്കാമെങ്കിലും കുടുംബാംഗങ്ങളും ക്ലിനിക്കിലെത്തുന്ന രോഗികളുമെല്ലാം ചേർന്ന് ഡോക്ടറുടെ രോഗത്തെ ഇല്ലാതാക്കിയതുപോലെയാണിപ്പോൾ..
ലക്ഷണങ്ങൾ പറയാനെളുപ്പമായതിനാലാണു പരീക്ഷയ്ക്കു പാർക്കിൻസൺസ് കിട്ടണേ എന്ന് ആഗ്രഹിച്ചത്. ജീവിതകാലം മുഴുവൻ പഠിച്ചാലും ഈ രോഗത്തെക്കുറിച്ചു പറഞ്ഞു തീരില്ല എന്നിപ്പോൾ മനസ്സിലായി, സ്നേഹ സാമ്രാജ്യത്തിലെ പ്രഭുവിനെപ്പോലെ ഡോ. പ്രഭു പറയുന്നു.
രോഗംകൊണ്ടൊരു ഗുണം എന്താണെന്നു ചോദിച്ചാൽ വയസ്സുകാലത്ത് കുട്ടിയോടെന്ന പോലെ ‘പാംപറിങ് ’ കിട്ടും. സ്കൂളിലേക്കു കുട്ടിയെ കൊഞ്ചിച്ച് ഒരുക്കി വിടുന്ന പോലെ,’’ ഡോക്ടർ പറയുന്നു.
Read More : Health News