കൂർക്കംവലിയുള്ളവർ തലയിണ ഉപയോഗിച്ചാൽ?

snoring
SHARE

കൂർക്കംവലിയുടെ പ്രധാന കാരണങ്ങളിലൊന്ന് പൊണ്ണത്തടിയും കുടവയറുമാണ്. കൃത്യമായ വ്യായാമത്തിലൂടെയും ഭക്ഷണ ക്രമീകരണത്തിലൂടെയും അമിതവണ്ണം കുറച്ചാൽത്തന്നെ കൂർക്കം വലിക്ക്  ആശ്വാസം ലഭിക്കും. കിടപ്പു നിലയും പ്രധാനമാണ്. മലർന്നു കിടക്കുന്നതിനു പകരം ഒരു വശം ചരിഞ്ഞു കിടക്കു ന്നതാണ് നല്ലത്. തല കൂടുതൽ ഉയർത്തിവയ്ക്കുന്നത് കൂർക്കം വലിയുണ്ടാക്കും. അതുകൊണ്ട് മലര്‍ന്നു കിടന്നാണ് ഉറങ്ങുന്നതെങ്കിൽ തലയിണ വേണ്ട. ചരിഞ്ഞു കിടക്കുമ്പോൾ ചെറിയ, കട്ടി കുറഞ്ഞ തലയിണ ഉപയോഗിക്കാം. കട്ടിലിന്റെ തലഭാഗം അൽപ്പം ഉയർത്തിവയ്ക്കുന്നത് നല്ലതാണ്. 

കിടക്കുന്നതിന് രണ്ടു മണിക്കൂർ മുൻപെങ്കിലും അത്താഴം കഴിച്ചിരിക്കണം. അത്താഴം മിതമായിരിക്കണം. വയർ നിറയെ വേണ്ട ‘അത്താഴം അത്തിപ്പഴത്തോളം’ എന്നാണല്ലോ പ്രമാണം. കിടക്കുന്നതിനു മുൻപ് മദ്യം, കാപ്പി, ചായ തുടങ്ങിയവ ഉപയോഗിക്കരുത്. ഉറക്ക ഗുളികകള്‍ ഉപയോഗിക്കുന്നതു കൃത്രിമമായി ഉറക്കം നൽകുമെങ്കിലും തൊണ്ടയിലെ പേശികൾ അയവുള്ളതാക്കുന്നതു കൊണ്ട് കൂർക്കം വലിക്ക് കാരണമാകാം.

കൃത്യമായ വ്യായാമം ശ്വാസകോശത്തിന്റെ പ്രവര്‍ത്തനക്ഷമതയും പേശികളുടെ ദൃഢതയും വർധിപ്പിക്കും. വ്യായാമത്തിലൂടെ ശരീരഭാരം നിയന്ത്രിച്ച് നിർത്തുന്നതും കൂർക്കംവലി ഒഴിവാക്കാൻ സഹായിക്കും. തൊണ്ടയിലെയും മൂക്കിലെയും ഘടനാപരമായ തകരാറുകൾ ചികിത്സിച്ചു മാറ്റണം. കുട്ടികളിലെ തുടർച്ചയായ മൂക്കടപ്പും ജലദോഷവും നിയന്ത്രണ വിധേയമാക്കുമ്പോൾ കൂർക്കംവലി അപ്രത്യക്ഷമാകും. കീഴ്ത്താടിയെല്ല് മുൻപോട്ടു വലിച്ചു നിർത്തി, നാക്ക് പുറകോട്ടു മറിഞ്ഞ് വായുസഞ്ചാരത്തിന് തടസ്സമുണ്ടാകാതിരിക്കാൻ ഉറങ്ങുമ്പോൾ വായിൽ ഘടിപ്പി ക്കുന്ന ലഘു ഉപകരണങ്ങളുമുണ്ട്. സി–പാപ് എന്ന ശ്വസന സഹായ സംവിധാനവും പ്രയോജനം ചെയ്യും.

കടപ്പാട്: ഡോ. ബി. പത്മകുമാർ, ഇനി നന്നായി ഉറങ്ങാം, മനോരമ ബുക്സ്

Read More : Health and Wellbeing

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA