അടുക്കളയിൽ കൈ തുടയ്ക്കാനും പാത്രം തുടയ്ക്കാനും ചൂടു പാത്രം അടുപ്പിൽ നിന്നു വാങ്ങാനും അടുക്കളത്തട്ട് തുടയ്ക്കാനും എല്ലാം ടവൽ ഉപയോഗിക്കുന്നവരാണ് എല്ലാവരും. എന്നാൽ കൃത്യമായ ഇടവേളകളിൽ ഈ ടവൽ വൃത്തിയാക്കാറുണ്ടോ?
നിങ്ങൾ ഉപയോഗിക്കുന്ന കിച്ചൻ ടവലുകൾ രോഗാണുക്കളുടെയും ബാക്ടീരിയകളുടെയും കേന്ദ്രമാണ്. ഭക്ഷ്യ വിഷ ബാധയ്ക്കുവരെ ഈ ടവലുകളുടെ ഉപയോഗം കാരണമായേക്കാമെന്നു ഗവേഷകർ മുന്നറിയിപ്പു നൽകുന്നു.
ഈർപ്പമുള്ള ടവലുകളിൽ കോളിഫോം ബാക്ടീരിയ (Esherichia Coli) കൾ ധാരാളം ഉണ്ടാകും. സസ്യേതര ഭക്ഷണം പാകം ചെയ്യുന്ന വീടുകളിലെ ടവലുകളിലാവും ഇവ കൂടുതൽ. ഇവയുടെ ഉപയോഗം ഭക്ഷ്യ വിഷബാധയിലേക്കു വരെ നയിക്കും.
കുടുംബത്തിന്റെ ഘടനയും വൃത്തിയും കിച്ചൻ ടവലിലെ സൂക്ഷ്മാണുക്കളുടെ എണ്ണത്തെ ബാധിക്കുന്നുവെന്ന് പഠനം നടത്തിയ മൗറീഷ്യസ് സർവകലാശാല ഗവേഷകർ പറയുന്നു. കിച്ചൻ ടവലുകൾ എങ്ങനെയെല്ലാം ഉപയോഗിക്കുന്നു. അടുക്കളയിൽ പാകം ചെയ്യുന്ന ഭക്ഷണം, കിച്ചൻ ടവലുകളിലെ ഈർപ്പം ഇവയെല്ലാമാണ് ഭക്ഷ്യവിഷബാധയ്ക്ക് ഉത്തരവാദികൾ. സസ്യേതര ഭക്ഷണം പാകം ചെയ്യുന്ന അടുക്കള ടവലുകളിൽ ആണ് കോളിഫോം എസ് ഔറിയസ് ബാക്ടീരിയകൾ കാണപ്പെടുന്നത്.
ഏറ്റവും മലിനമായ സാഹചര്യങ്ങളിൽ കാണുന്ന ബാക്ടീരിയയാണ് ഇ കൊളി. അത് ദിവസവും ഉപയോഗിക്കുന്ന അടുക്കള ടവലിൽ ഉണ്ട് എന്നത് എത്ര ഗുരുതരമായ അവസ്ഥയാണ്!
ഒരു മാസം ഉപയോഗിച്ച നൂറ് കിച്ചൻ ടവലുകളാണ് പഠനത്തിനുപയോഗിച്ചത്. ബാക്ടീരിയകള്‍ ധാരാളം ഉള്ള 49 സാമ്പിളുകളിൽ 36.7 ശതമാനം കോളിഫോം ബാക്ടീരിയകളും, 36.7 ശതമാനം തന്നെ Entero coccus Spp യും 14.3 ശതമാനം എസ് ഔറിയസും ആയിരുന്നു.
ജോർജിയയിൽ നടന്ന അമേരിക്കൻ സൊസൈറ്റി ഫോർ മൈക്രോബയോളജിക്കൽ വാർഷിക സമ്മേളനത്തിൽ ഈ പഠനം അവതരിപ്പിച്ചു.
ഈർപ്പമുള്ള ടവലുകൾ അടുക്കളയിൽ വീണ്ടും ഉപയോഗിക്കരുത്. അതേ പോലെ ഒരേ ടവൽ പല ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ശീലവും ഉടനടി മാറ്റുക. അടുക്കളയിലെ വൃത്തി, കുട്ടികൾ ഉൾപ്പെടെ കുടുംബത്തിലെ എല്ലാവരുടെയും ആരോഗ്യത്തെ ബാധിക്കും എന്ന കാര്യം മറക്കാതിരിക്കുക.
വൃത്തിയാക്കാം കിച്ചൻ ടവൽ
ആഴ്ചയിൽ രണ്ടു തവണയെങ്കിലും കിച്ചൻ ടവൽ വൃത്തിയാക്കുക. ഒരു പാത്രത്തിൽ വെള്ളമെടുത്ത് അതിൽ സോപ്പു പൊടിയും, സോഡാപ്പൊടിയും ചേർക്കുക. കിച്ചൻ ടവൽ അതിൽ മുക്കുക. ഈ പാത്രം അടുപ്പിൽ വച്ച് പത്തോ പതിനഞ്ചോ മിനിറ്റ് തിളപ്പിക്കുക. ശേഷം തീ ഓഫ് ചെയ്ത് തണുത്ത ശേഷം വൃത്തിയുള്ള വെള്ളത്തിൽ കഴുകിയെടുക്കുക. ബാക്ടീരിയകളെയും രോഗാണുക്കളെയും ഒരു പരിധി വരെ തുരത്താൻ ഈ രീതി സഹായിക്കും. ദിവസവും കിച്ചൻ ടവൽ വൃത്തിയാക്കുന്നത് ഏറെ നല്ലത്. അപ്പോഴും ചൂടുവെള്ളത്തിൽ കഴുകാൻ ശ്രദ്ധിക്കണമെന്നു മാത്രം.
Read More : Health and Wellbeing