പൊടി അപകടകാരിയാകുന്നത് അതിൽ ജീവിക്കുന്ന പൊടിച്ചെള്ള് അഥവാ ഡസ്റ്റ്മൈറ്റ് മൂലമാണ്. നമ്മുടെ ചർമത്തിലെ മൃതകോശങ്ങൾ തിന്നു ജീവിക്കുന്ന ഇവയുടെ വിസർജ്യവസ്തുക്കളാണ് ശ്വാസത്തിലൂടെ ശരീരത്തിലെത്തി അലർജിയുണ്ടാക്കുന്നത്. പൊടിച്ചെള്ളുകളുടെ താവളമായ മെത്ത, തലയണ, സോഫ എന്നിവ ദിവസവും വൃത്തിയാക്കണം. ഇവയുടെ കവറുകളും ആഴ്ചതോറും മാറ്റണം.
സോഫയും മറ്റും വാക്വം ക്ലീനർ കെണ്ട് പൊടിമുക്തമാക്കണം. ഫാനിലെ പൊടി ആഴ്ചതോറും തുടയ്ക്കണം. രോമപ്പാവകൾ ഫ്രീസറിൽ വച്ച് തണുപ്പിച്ച് പൊടിച്ചെള്ളിനെ നശിപ്പിക്കണം. അൽപം നാരങ്ങാചേർത്ത് ഫർണിച്ചറുകൾ തുടയ്ക്കാം. മുറി അടിച്ചശേഷം 20 മിനിറ്റു തുറന്ന് വച്ച് കാറ്റും വെളിച്ചവും കയറാനിടണം.
മുട്ടിലിഴയുന്ന പ്രായമുള്ള കുട്ടികളുള്ളപ്പോൾ തറ രാസക്ലീനറുകൾ കൊണ്ട് കഴുകരുത്. തറയിൽ കൈകുത്തി ഇഴയുന്ന കുട്ടികളിൽ കൈയിലൂടെ വായിലേക്ക് രാസവസ്തുക്കളുടെ അവശിഷ്ടങ്ങളെത്താം. രാസപദാർഥങ്ങൾ വായുവിലൂടെ ശ്വാസകോശങ്ങളിലെത്തുകയോ കണ്ണ്, ചർമം എന്നിവയിൽ പുരളുകയോ ചെയ്താൽ തലകറക്കവും ശ്വാസതടസ്സവും അലർജിയും എക്സിമയും ഉൾപ്പെടെയുള്ള അസ്വാസ്ഥ്യങ്ങൾ ഉണ്ടാകാം. അതു കൊണ്ട് തറ തുടയ്ക്കുന്ന സമയത്ത് കുട്ടികളെ അടുത്തുനിർത്തരുത്. ക്ലീനറുകൊണ്ട് തുടച്ചശേഷം ഒന്നുകൂടി വെറും വെള്ളത്തിൽ മുക്കിയ തുണികൊണ്ട് തുടച്ച് അതിന്റെ അവശിഷ്ടം നീക്കാം.
വീട്ടിൽ തന്നെ തയാറാക്കുന്ന ലോഷനുകളാവുമ്പോൾ ഈ പ്രശ്നമില്ല. പുൽതൈലം നേർപ്പിച്ച് ഉപയോഗിക്കാം. കുറച്ച് ബേക്കിങ് സോഡ, അതിന്റെ പാതി വിനാഗിരി, അത്രയും തന്നെ നാരങ്ങാനീര് ഇവ യോജിപ്പിച്ച് ടൈലിൽ പുരട്ടിവച്ച് 10 മിനിറ്റിനു ശേഷം കഴുകിക്കളയാം. ബേക്കിങ് സോഡ ചെറുചൂടുവെള്ളത്തിൽ കലക്കി മുറികൾ വൃത്തിയാക്കാൻ ഉപയോഗിക്കാം.
Read More : Health Tips