അനാരോഗ്യം ക്ഷണിച്ചുവരുത്തുന്ന ഈ 8 പ്രവർത്തികൾ ഇനി വേണ്ട

hand-washing
SHARE

നല്ല ആഹാരരീതി, ദിവസവുമുള്ള വ്യായാമം. ഇതെല്ലം ഉണ്ടെങ്കില്‍ പിന്നെ ആരോഗ്യസംരക്ഷണത്തെക്കുറിച്ച് ആശങ്ക വേണ്ടെന്നാണ് പലരുടെയും വിശ്വാസം. എന്നാല്‍ നമ്മള്‍ നിസ്സാരമെന്നു കരുതുന്ന ചില ആരോഗ്യശീലങ്ങള്‍ എത്രത്തോളം അനാരോഗ്യകരമാണ് എന്നറിയാന്‍ ശ്രമിക്കാറുണ്ടോ? പലപ്പോഴും ആരോഗ്യത്തിനു ഹാനികരമാകുമ്പോഴാണ് അവ നമുക്ക് ദോഷകരമായിരുന്നെന്ന് നമ്മള്‍ തിരിച്ചറിയുന്നത്. നമ്മള്‍ ഒട്ടും ശ്രദ്ധിക്കാത്ത അത്തരം ചില പ്രവത്തികള്‍ ആരോഗ്യം എങ്ങനെ നശിപ്പിക്കുമെന്നു നോക്കാം.

എന്നുമുള്ള ഒരേതരം ആഹാരം 

ദിവസവും ഒരേ രീതിയിലുള്ള ആഹാരം കഴിച്ചാല്‍ അവശ്യ പോഷകങ്ങള്‍ ശരീരത്തില്‍ എത്തുമെന്നാണ് കരുതുന്നതെങ്കില്‍ തെറ്റി. പലപ്പോഴും ഒരേ ആഹാരം കഴിക്കുന്നത്‌ ആവശ്യമായ പല പോഷകങ്ങളും നഷ്ടമാക്കുകയാണ്. ആഹാരത്തിനു വ്യത്യാസം തോന്നണമെങ്കില്‍ എന്തെങ്കിലും വ്യത്യസ്തമായി പാകം ചെയ്യാന്‍ ശ്രമിക്കണം.

ചൂടു വെള്ളത്തിലെ കുളി 

നല്ല ചൂട് വെള്ളത്തിലൊരു കുളി കഴിഞ്ഞാല്‍ ഒന്ന് റിലാക്സ് ആകാം എന്നാണ് എല്ലാവരും പറയുക. എന്നാല്‍ ദിവസവുമുള്ള ഈ കുളി അത്ര നന്നല്ല. ബാത്ത്റൂമിലെ ഈ ചൂടുള്ള നനഞ്ഞ അന്തരീക്ഷം അണുക്കള്‍ക്ക് വളരാന്‍ ഉത്തമമാണ്. അതുകൊണ്ട് ചൂടു വെള്ളത്തില്‍ കുളിച്ചാല്‍ തന്നെ അതിന്റെ ആവിയും മറ്റും പുറത്തേക്ക് പോകാന്‍ ബാത്ത്റൂം ജനലുകള്‍ തുറന്നിടുക.

ഓഫീസ് ടേബിളിലെ ആഹാരം കഴിപ്പ്‌ 

ജോലിയുടെ തിരക്കിനിടയില്‍ ഓഫീസ് മേശയില്‍ ഇരുന്ന് ആഹാരം കഴിക്കുന്നവര്‍ ഓര്‍ക്കുക, നിങ്ങള്‍ സ്വയം വയ്യാവേലി വിളിച്ചു വരുത്തുകയാണ്. ടോയ്‌ലറ്റ് സീറ്റില്‍ ഉള്ളതിലും അധികം അണുക്കളാണ് നിങ്ങളുടെ ഓഫീസ് മേശയില്‍ ഉണ്ടാകുക. 

മണമുള്ള മെഴുകുതിരികള്‍ 

കാണാനും ശ്വസിക്കാനുമെല്ലാം നല്ലതാണ് ഈ മെഴുകുതിരികള്‍. പക്ഷേ അവ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് ചിലപ്പോള്‍ നല്‍കുക. കാന്‍സറിന് വരെ കാരണമാകുന്ന Carcinogens ആണ് ഇതില്‍ ഉള്ളത്. ഇവ അലര്‍ജി ഉണ്ടാക്കാനും കാരണമാകും. ഇനി ഇത്തരം മെഴുകുതിരികള്‍ വേണമെന്നുണ്ടെങ്കില്‍ വെജിറ്റബിള്‍ എണ്ണയില്‍ ഉണ്ടാക്കുന്നവ വാങ്ങുക.

കൈ കഴുകുന്നതില്‍ ഉണ്ട് ഒരല്‍പം കാര്യം 

എവിടെയെങ്കിലും പോയിട്ടു വന്നാലോ, മറ്റെന്തെങ്കിലും ജോലികള്‍ ചെയ്തിട്ടു വരുമ്പോഴോ നമ്മള്‍ എല്ലാവരും കൈകള്‍ കഴുകാറുണ്ട്. എന്നാല്‍ ഇതു ചെയ്യുന്നത് ശരിയായ രീതിയിലാണോ? ചുമ്മാ വെള്ളത്തില്‍ കഴുകിയിട്ട് പോയാല്‍ കൈകള്‍ വൃത്തിയാകില്ല. കുറഞ്ഞത്‌ 30 സെക്കൻഡ് നേരം ഹാന്‍ഡ്‌ വാഷ്‌ അല്ലെങ്കില്‍ എന്തെങ്കിലും അണുനാശിനി ഉപയോഗിച്ചു കൈകള്‍ ശുചിയാക്കണം. 

വീട്ടിനുള്ളില്‍ സോക്സ്‌ 

അഴുക്കും പൊടിയുമെല്ലാം ആവോളമുള്ള സോക്സ്‌ വീട്ടിനുള്ളില്‍ ഇട്ടു നടക്കുന്നത് ആരോഗ്യത്തിനു നല്ലതല്ല. 25% ബാക്ടീരിയകളും വീട്ടില്‍ പ്രവേശിക്കുന്നത് സോക്സ്‌ വഴി തന്നെ. പുറത്തു നിന്നു വരുമ്പോള്‍ ഒരിക്കലും സോക്സ്‌ വീട്ടിലേക്കു കയറ്റരുത്.

സെല്‍ഫോണ്‍ ബാത്ത്റൂമില്‍ കൊണ്ട് പോകുന്നവരുടെ ശ്രദ്ധയ്ക്ക് 

ഇന്ന് ബാത്ത്റൂമില്‍ വരെ സെല്‍ഫോണ്‍ കൊണ്ടുപോയിലെങ്കില്‍ ആര്‍ക്കും ഒരു സ്വസ്ഥതയും ഇല്ല. ടോയ്‌ലറ്റില്‍ ഇരിക്കുമ്പോള്‍ വരെ ഫോണ്‍ ഉപയോഗിക്കുന്നവര്‍ അറിയുക നിങ്ങള്‍ അണുക്കളെ കൂടെ കൊണ്ടു വരികയാണ്. 

കിടക്കുന്നതിനു മുന്‍പുള്ള ആഹാരം 

കിടക്കുന്നതിനു തൊട്ടു മുന്‍പുള്ള ആഹാരവും പാതിരാത്രി എഴുന്നേല്‍ക്കുമ്പോള്‍ ഇരുന്നു എന്തെങ്കിലും കഴിക്കുന്നതുമെല്ലാം അനാരോഗ്യകാരമാണെന്നു പറയേണ്ടല്ലോ. അരകെട്ടില്‍ കൊഴുപ്പ് അടിയാനും അമിത വണ്ണത്തിനും ഇത് കാരണമാകും. 

Read More : Health Tips

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA