കുട്ടികളെ അമിതമായി നിയന്ത്രിക്കുന്ന രക്ഷിതാക്കൾ അറിയാൻ...

strict-parenting

ഓരോ ചെറിയ കാര്യവും അങ്ങനെ ചെയ്യ്, ഇങ്ങനെ ചെയ്യ് എന്നു പറഞ്ഞ് കുട്ടികളുടെ പുറകേ നടക്കുന്ന രക്ഷിതാവാണോ നിങ്ങൾ ? കുട്ടികളെ അമിതമായി നിയന്ത്രിക്കുന്ന രക്ഷിതാവാണ് നിങ്ങൾ എങ്കിൽ ഇതു കൂടി കേട്ടോളൂ. നിങ്ങളുടെ ഈ സ്വഭാവം കുട്ടിയുടെ സ്വഭാവത്തെ ദോഷപരമായി ബാധിക്കും. അവന്റെ വികാരങ്ങളെ നിയന്ത്രിക്കാനുള്ള കഴിവ് നഷ്ടപ്പെടും. പെരുമാറ്റത്തെ മോശമായി ബാധിക്കും, സ്കൂളിലെ പെരുമാറ്റം മോശമാകും കൂടാതെ പഠനത്തെയും ഇതു ബാധിക്കും. 

ഹെലികോപ്റ്റർ പാരന്റിങ് അഥവാ അമിതനിയന്ത്രണം കുട്ടികളിൽ അടിച്ചേൽപ്പിക്കുന്ന രക്ഷിതാക്കളുടെ കുട്ടികളാണ് ജീവിതത്തിൽ പരാജയപ്പെടുക.

കുട്ടികളെ എപ്പോഴും ഗൈഡ് ചെയ്തുകൊണ്ടേയിരിക്കുക, എന്താണ് കളിക്കേണ്ടത്, എങ്ങനെയാണ് ഒരു കളിപ്പാട്ടം കൊണ്ടു കളിക്കേണ്ടത്, കളിച്ചു കഴിഞ്ഞാൽ ആ സ്ഥലം വൃത്തിയാക്കാൻ ആവശ്യപ്പെടുക, കൂടുതൽ സ്ട്രിക്റ്റ് ആകുക ഇതെല്ലാം ഹെലികോപ്റ്റർ പാരന്റിന്റെ ലക്ഷണങ്ങളാണ്. 

ഹെലികോപ്റ്റർ പാരന്റ്സിന്റെ കുട്ടികൾ സ്കൂളിലും സമൂഹാന്തരീക്ഷത്തിലും അഡ്ജസ്റ്റ് ചെയ്യാൻ ഏറെ പ്രയാസപ്പെടും. രക്ഷിതാക്കളുടെ അമിത ഇടപെടലുകളും അമിതനിയന്ത്രണവും ഇല്ലാത്ത കുട്ടികൾക്ക് വെല്ലുവിളികൾ നേരിടേണ്ടി വരുന്ന സന്ദർഭങ്ങളെ അതിജീവിക്കാനും ജീവിതത്തിൽ വിജയിക്കുവാനും സാധിക്കും. 

മിനസോട്ട സർവകലാശാല ഗവേഷകർ യുഎസിലെയും സ്വിറ്റ്സർലൻഡിലെയും 422 കുട്ടികളെ അവരുടെ രണ്ട്, അഞ്ച്, പത്ത് വയസ്സുകളിൽ പഠന വിധേയരാക്കി. എട്ടു വർഷക്കാലം നീണ്ടു നിന്ന പഠനത്തിന്റെ വിശദാംശങ്ങൾ അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷൻ ജേണലായ ‘ഡവല പ്മെന്റ് സൈക്കോളജി’ യിൽ പ്രസിദ്ധീകരിച്ചു. 

രണ്ടു വയസ്സുള്ളപ്പോൾ രക്ഷിതാവിന്റെ അമിത നിയന്ത്രണത്തിനു വിധേയരായവർക്ക് അഞ്ചു വയസ്സിൽ വൈകാരിക നിയന്ത്രണവും സ്വഭാവ നിയന്ത്രണവും കുറവാണെന്നു കണ്ടു.

അഞ്ചു വയസ്സിൽ വൈകാരിക നിയന്ത്രണം ഉള്ള കുട്ടിക്ക്, പത്തുവയസ്സിൽ വൈകാരിക പ്രശ്നങ്ങൾ കുറവായിരിക്കും. കൂടാതെ ഇവർ മെച്ചപ്പെട്ട സാമൂഹ്യ നൈപുണി ഉള്ളവരും കൂടുതൽ പ്രൊഡക്ടീവും ആയിരിക്കും. 

അമിതനിയന്ത്രണം അടിച്ചേൽപ്പിക്കാത്ത രക്ഷിതാക്കളുടെ കുട്ടികൾക്ക് പത്തു വയസ്സാകുമ്പോഴേക്കും വൈകാരിക പ്രശ്നങ്ങളും സാമൂഹ്യപ്രശ്നങ്ങളും അനുഭവിക്കേണ്ടി വരുന്ന സാഹചര്യം വളരെ കുറവായിരിക്കുമെന്നും പഠനത്തിൽ മികച്ചവരായിരിക്കുമെന്നും പറയുന്നു.

വികാരങ്ങളെ എങ്ങനെ നിയന്ത്രിക്കാമെന്നും പെരുമാറ്റം എങ്ങനെ മികച്ചതാക്കാമെന്നും കുട്ടികൾ പഠിക്കേണ്ടതുണ്ട്. രക്ഷിതാക്കളുടെ അമിത നിയന്ത്രണം കുട്ടികളിലെ ഈ കഴിവുകളെ ഇല്ലാതാക്കുന്നു. 

രക്ഷിതാക്കളുടെ അമിതനിയന്ത്രണത്തിൽ വളരുന്ന കുട്ടികളിൽ ചിലർ എല്ലാവരെയും എതിർക്കുന്നവരായി മാറും. ചിലരോ നിശബ്ദരാകും, മറ്റു ചിലർ നിരാശ ബാധിച്ചവരുമായി മാറും. 

കുട്ടികൾക്ക് വളരാനും സ്വയം അറിവു നേടാനും ഒരു സ്പേസ് (ഇടം) നല്കൂ. അങ്ങനെ നൽകിയാല്‍ മുതിരുമ്പോൾ ഏതു സിറ്റ്വേഷനെയും നേരിടാൻ അവർക്കു സാധിക്കും. കൂടാതെ മാനസികാരോഗ്യവും ശാരീരികാരോഗ്യവും ഉള്ളവരും ആരോഗ്യകരമായ സാമൂഹ്യ ബന്ധം നിലനിർത്തുന്നവരും അക്കാദമിക വിജയം നേടുന്നവരും ആയിരിക്കും. 

കുട്ടികളെ, അവരുടെ വികാരങ്ങളെ നിയന്ത്രിക്കാൻ രക്ഷിതാക്കൾക്കു സഹായിക്കാൻ സാധിക്കും. അവരോട് സ്നേഹത്തോടെ സംസാരിക്കുക, അവരെ മനസ്സിലാക്കാൻ ശ്രമിക്കുക. പോസിറ്റീവ് ചിന്തകൾ വളര്‍ത്താൻ ചില മാർഗനിർദേശങ്ങൾ നൽകുക, നിറം കൊടുക്കുക, പാട്ടു കേൾക്കുക, ദീർഘശ്വാസം എടുക്കുക (deep breathing), ശാന്തമായ സ്ഥലത്ത് കണ്ണടച്ചിരുന്ന് ധ്യാനിക്കുക, അങ്ങനെ പല വഴികളും അവർക്ക് പറഞ്ഞു കൊടുക്കാം. 

കുഞ്ഞു കുഞ്ഞു കാര്യങ്ങൾക്ക് പോലും നിർദേശവും നിയന്ത്രണവും ഏർപ്പെടുത്തും മുൻപ് ചിന്തിക്കൂ..... നിങ്ങളുടെ കുഞ്ഞിനെ പറന്നുയരാൻ.....ചിന്തിക്കാൻ....അനുവദിക്കൂ.... അവർ വളരട്ടെ ആരോഗ്യത്തോടെ...... അൽപം സ്വാതന്ത്ര്യവും ശ്വസിക്കാൻ ഇടവും നൽകിയാൽ അവർ നല്ല മാനസികാരോഗ്യം ഉള്ളവരായി മാറുമെന്ന് ഓർമിക്കുക.

Read More : Health and Wellbeing